കണ്ണൂര്‍: കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകനെയും ഭാര്യയെയും കെട്ടിയിട്ട ശേഷം വീട് കൊള്ളയടിച്ചു. ഇന്നലെ പുലര്‍ച്ചെ 1.30ന് താഴെചൊവ്വ സ്പിന്നിംഗ് മില്ലിന് അടുത്ത് തെഴുക്കിലെപീടിക ഉരുവച്ചാലിലാണ് സംഭവം. മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്റര്‍ വിനോദ് ചന്ദ്രന് വീട്ടിലാണ് കൊള്ള നടന്നത്. വിനോദ്ചന്ദ്രനെയും ഭാര്യ സരിതയെയും കീഴ്പ്പെടുത്തിയ ശേഷം സെന്റര്‍ ഹാളിലെ കസേരയില്‍ കെട്ടിയിട്ടാണ് കവര്‍ച്ച നടത്തിയത്. സരിതയുടെ ദേഹത്തുണ്ടായിരുന്ന ആഭരണങ്ങളടക്കം 30 പവന് ആഭരണങ്ങളും 15,000 രൂപയും മൂന്ന് മൊബൈല്‍ ഫോണുകളും എ.ടി.എം കാര്‍ഡുമാണ് മോഷണം പോയത്. കിടപ്പുമുറിയിലെ അലമാരയിലാണ് ആഭരണങ്ങളും പണവും സൂക്ഷിച്ചിരുന്നത്.
നാലംഗ സംഘമാണ് വീട്ടില്‍ അതിക്രമിച്ച് കയറി കൊള്ള നടത്തിയത്. വാതില്‍ തകര്‍ത്ത് അകത്തുകടന്ന സംഘം കിടപ്പ് മുറി വാതിലില്‍ മുട്ടുന്ന ശബ്ദംകേട്ട് തുറന്നപ്പോള്‍ വിനോദ് ചന്ദ്രനെ അടിച്ച് വീഴ്ത്തുകയായിരുന്നു. ഭാര്യയെയും അടിച്ച് പരിക്കേല്‍പ്പിച്ചു. വായും മുഖവും തുണികൊണ്ട് കെട്ടിയിട്ടു. ആക്രമണത്തില്‍ തലക്കും മുഖത്തും കഴുത്തിനും സാരമായി പരിക്കേറ്റ വിനോദ്ചന്ദ്രനും ഭാര്യയും എ.കെ.ജി ആശുപത്രിയിലെ ന്യൂറോ ഐ.സി.യുവില്‍ ചികിത്സയിലാണ്. ഇവരെ അടിക്കാന്‍ ഉപയോഗിച്ച മരക്കഷ്ണം വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. സംഘം ഇന്‍ഡിഗോ കാറിലാണ് എത്തിയതെന്നാണ് സൂചന.
ഹിന്ദി സംസാരിക്കുന്ന സംഘമെന്നാണ് വിനോദ് ചന്ദ്രന്റെ മൊഴി. അന്യസംസ്ഥാനക്കാരാണ് മോഷ്ടാക്കളെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. വിനോദ് ചന്ദ്രനും ഭാര്യയും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. ഇവരുടെ രണ്ട് മക്കളും മംഗളൂരുവിലും ബംഗളൂരുവിലുമായി പഠിക്കുകയാണ്. കൊള്ളസംഘം മടങ്ങിയ ശേഷം വിനോദ്ചന്ദ്രന്റെ ഭാര്യയാണ് കെട്ടഴിച്ച് ആദ്യം മോചിതയായത്. ഇതിന് ശേഷം മാതൃഭൂമിയില്‍ വിളിച്ചറിയിച്ചതിന് ശേഷമാണ് ആളുകളെത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റുന്നത്. വിനോദ് ചന്ദ്രന്റെ വീട്ടിനടുത്ത ഡോ. സോണിയുടെ വീട്ടിലും മോഷണശ്രമം നടന്നിട്ടുണ്ട്. മുന്‍വാതില്‍ തകര്‍ക്കാനുള്ള ശ്രമം നടന്നതായാണ് പറയുന്നത്.
കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി അവധിയായതിനാല്‍ കാസര്‍കോട് എസ്പി ഡോ എസ് ശ്രീനിവാസനാണ് കണ്ണൂരിന്റെ ചുമതല. സംഭവമറിഞ്ഞ് അദ്ദേഹം കണ്ണൂരിലെത്തി. ഡിവൈ എസ്പി പിപി സദാനന്ദന്, ടൗണ്‍ സിഐ ടികെ രത്നകുമാര്‍, സിറ്റി സിഐ പ്രദീപ് കണ്ണിപ്പൊയില്‍ സിറ്റി സിഐ ശ്രീഹരിയും സംഘവും സ്ഥലത്തെത്തി അനേ്വഷണം തുടങ്ങി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. അനേ്വഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.