Monday, July 22, 2019 Last Updated 8 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.04 AM

തന്നതെല്ലാം പ്രകൃതി തിരികെയെടുത്തു; പ്രതീക്ഷയറ്റ്‌ വെള്ളള്ള്‌ നിവാസികള്‍

uploads/news/2018/09/246485/1.jpg

വണ്ണപ്പുറം: പ്രതിബന്ധങ്ങളെ തരണംചെയ്‌ത്‌ കൃഷിയിറക്കി ഉപജീവനം കണ്ടെത്തിയിരുന്ന വെള്ളള്ള്‌ നിവാസികളുടെ മുഖത്ത്‌ ഇപ്പോഴുള്ളത്‌ നിരാശമാത്രം. ഓഗസ്‌റ്റ്‌ പതിനാറിന്‌ പുലര്‍ച്ചെ ഒരുമണിയോടെ പലയിടത്തായുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും എഴുപതോളം വീട്ടുകാര്‍ക്കു കൃഷിയിടങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ നഷ്‌ടമായി. പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡില്‍പെടുന്ന കള്ളിപ്പാറ, വെള്ളള്ള്‌ പ്രദേശങ്ങളിലാണു വ്യാപകമായി ഉരുള്‍പൊട്ടിയത്‌.
ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യത്തിനുള്ളില്‍ ഒന്നിലധികം ഉരുളുകള്‍ പൊട്ടി. അരുവികളുണ്ടായിരുന്ന ഇടങ്ങളിളെല്ലാം ഇന്ന്‌ ഉരുള്‍പൊട്ടിയിറങ്ങിയ ചാലുകളാണ്‌. വലിപ്പം കൂടിയ പാറക്കല്ലുകളും മണ്ണിനൊപ്പം കടപുഴകിയെത്തിയ മരങ്ങളും നിറഞ്ഞ ചാലുകള്‍. എന്നാല്‍ മറ്റിടങ്ങളില്‍ ഉരുളിന്റെ പ്രഭവസ്‌ഥാനം തന്നെ കൃഷിയിടങ്ങളായിരുന്നു. റബര്‍തോട്ടങ്ങളില്‍ ഉരുള്‍പൊട്ടിയപ്പോള്‍ നഷ്‌ടമായത്‌ നൂറുകണക്കിനു മരങ്ങളാണ്‌.പള്ളിവാതുക്കല്‍ ബെന്നിയുടെ വെട്ടാന്‍ പാകമായ ഒന്നരയേക്കര്‍ റബര്‍തോട്ടമാണ്‌ ഉരുള്‍പൊട്ടലില്‍ നഷ്‌ടമായത്‌. കുട്ടികള്‍ക്കു ഫീസ്‌ നല്‍കാന്‍ കണ്ടുവച്ചിരുന്ന വരുമാനമാര്‍ഗം ഒറ്റ രാത്രികൊണ്ട്‌ ഉരുള്‍കൊണ്ടുപോയെന്നു പറയുമ്പോള്‍ ബെന്നിയുടെ ഭാര്യ മേഴ്‌സിയുടെ കണ്‌ഠമിടറി. കുരുമുളകും കൊക്കോയും ഇനി ബാക്കിയില്ല. കള്ളിപ്പാറ, വെള്ളള്ള്‌ മേഖലയില്‍ നൂറോളം വീട്ടുകാര്‍ക്കാണു പൂര്‍ണമായോ ഭാഗികമായോ കൃഷിയിടങ്ങള്‍ നഷ്‌ടമായത്‌. ഇവരുടെ എക വരുമാനം കൃഷിയാണ്‌. ഇവിടങ്ങളില്‍ ജോലിക്കായെത്തുന്നവരാണു സമീപവാസികളില്‍ പലരും. കൃഷിയിടം നഷ്‌ടപ്പെട്ടതോടെ ഇവരുടെയെല്ലാം വരുമാനവും നിലച്ചു.
കൊല്ലംപറമ്പില്‍ ജോസിന്റെ വീടിനു മുന്നിലും പിന്നിലുമായി രണ്ട്‌ ഉരുളുകള്‍ പൊട്ടി. വീട്ടിലേക്കുള്ള വഴി ഒലിച്ചുപോയി. ഈ സമയം ജോസിന്റെ ഭാര്യ മിനിയും നാലുകുട്ടികളും വീട്ടില്‍ ഒറ്റപ്പെട്ട നിലയിലായിരുന്നു. ഇവരുടെയും 50 സെന്റ്‌ കൃഷിയിടം ഒലിച്ചുപോയി. പഞ്ചായത്ത്‌ നിര്‍മിച്ചു നല്‍കിയ മഴവെള്ള സംഭരണിയും കാലിത്തൊഴുത്തും തകര്‍ന്നു. പിറ്റേന്ന്‌ രാവിലെയാണ്‌ ഇവരെ വീട്ടില്‍നിന്നും പുറത്തെത്തിച്ചത്‌. അയല്‍വാസിയായ മുണ്ടക്കല്‍ മറിയാമ്മ തോമസിന്റെ 50 സെന്റ്‌ കൃഷിയിടം നശിച്ചു. വീടിനു വിള്ളലും രൂപപ്പെട്ടു. വരയാത്ത്‌ കരോട്ട്‌ ജെയ്‌സിന്റെ വീടിനു മുകളിലേക്കു മലമുകളില്‍ നിന്നും മണ്ണ്‌ വന്നുപതിക്കുമ്പോള്‍ വീട്ടിനുള്ളിലുണ്ടായിരുന്നത്‌ നാലുപേര്‍. ഉരുള്‍ പൊട്ടല്‍ ഭീതിയില്‍ വീട്ടില്‍നിന്നും സാധനങ്ങള്‍ മാറ്റുന്നതിനിടെയായിരുന്നു സംഭവം. എന്നാല്‍ ഈ സമയം ഇവരുടെ വീട്ടിലെത്തിയ പഞ്ചായത്തംഗം കെ.സി. ശശിയും നാട്ടുകാരും ചേര്‍ന്ന്‌ ഇവരെ പുറത്തെത്തിച്ചു സുരക്ഷിത സ്‌ഥാനത്തേക്കു മാറ്റി. ഇവരുടെ വീട്‌ പൂര്‍ണമായി തകര്‍ന്നു. ഈ മേഖലയില്‍ 50 പേരുടെ വീടുകള്‍ക്കാണു നാശം സംഭവിച്ചത്‌. ഇവയെല്ലാം തന്നെ വാസയോഗ്യമല്ലാത്തവിധം തകര്‍ന്നു. ഇവരുടെ വീടിനു മുകള്‍ഭാഗത്ത്‌ ഭൂമിയില്‍ രൂപപ്പെട്ട വിള്ളല്‍ അനുദിനം ഇടിഞ്ഞ്‌ വലുതായിക്കൊണ്ടിരിക്കുകയാണ്‌. ഭൗമശാസ്‌ത്ര വകുപ്പില്‍നിന്നും എത്തിയവര്‍ക്ക്‌ ഇതിനുള്ള കാരണം വിശദീകരിക്കാന്‍ സാധിച്ചിട്ടില്ല.
കൊടിത്തോട്ടത്തില്‍ രാജു തോമസിന്റെ വീടിനുപിന്നില്‍ അടുക്കളയോടു ചേര്‍ന്നാണ്‌ ഉരുള്‍പൊട്ടിയത്‌. ഈ സമയത്തനുഭവപ്പെട്ട പൊട്ടിത്തെറിയുടെ ശബ്‌ദം കാതടപ്പിക്കുന്നതായിരുന്നുവെന്ന്‌ വീട്ടുകാര്‍ പറയുന്നു. ഉരുള്‍പൊട്ടിയ പാറയുടെ തൊട്ടുമുകളിലായി സ്‌ഥിതി ചെയ്യുന്നതിനാല്‍ വീട്‌ ഒലിച്ചുപോയില്ല. വീടിന്റെ നിലനില്‍പ്പ്‌ ഭീഷണിയിലാണ്‌. ഭൂമിയില്‍ പലയിടത്തായി വിള്ളല്‍ കാണപ്പെട്ടത്‌ ഉരുള്‍പൊട്ടല്‍ പരമ്പരയ്‌ക്കു ശേഷമാണ്‌. വീടുകളിലും വിള്ളലുകളുണ്ട്‌. എന്നാല്‍ തുലാവര്‍ഷം ആരംഭിച്ചു വിള്ളലുകളില്‍ വെള്ളമിറങ്ങി മണ്ണിടിഞ്ഞാല്‍ ഇനിയൊരു തിരിച്ചടി താങ്ങാന്‍ സാധിക്കില്ലെന്നാണു നാട്ടുകാര്‍ ഭയത്തോടെ വെളിപ്പെടുത്തുന്നത്‌. സര്‍ക്കാരില്‍നിന്നും ലഭിക്കുമെന്നറിയിച്ചിട്ടുള്ള ധനസാഹായത്തില്‍ പ്രതീക്ഷ അര്‍പ്പിച്ച്‌ കഴിയുകയാണ്‌ ഇവിടെയുള്ള കര്‍ഷക കുടുംബങ്ങള്‍.

Ads by Google
Advertisement
Friday 07 Sep 2018 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW