Sunday, September 09, 2018 Last Updated 29 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.03 AM

ചെറുതോണി ആലിന്‍ചുവട്‌ റോഡ്‌ പുനര്‍നിര്‍മാണം ആരംഭിച്ചു

ചെറുതോണി: അണക്കെട്ട്‌ തുറന്നുവിട്ടതിനേത്തുടര്‍ന്ന്‌ തകര്‍ന്ന അടിമാലി -കുമളി ദേശീയപാതയുടെ ഭാഗമായ ചെറുതോണി ആലിന്‍ചുവടു ഭാഗത്തെ റോഡ്‌ നിര്‍മാണം ആരംഭിച്ചു. റോഡു തകര്‍ന്നതിനെ തുടര്‍ന്ന്‌ കട്ടപ്പന, നെടുങ്കണ്ടം, കുമളി, തങ്കമണി ഭാഗത്തേയ്‌ക്കുള്ള ബസ്‌ സര്‍വീസുകള്‍ നിര്‍ത്തി വച്ചിരിക്കുകയായിരുന്നു.
ചെറുതോണി പാലത്തിന്റെ കട്ടപ്പന റോഡുമായി ബന്ധിപ്പിക്കുന്ന ഭാഗം മുറിഞ്ഞു പോവുകയും ഈ ഭാഗം മുതല്‍ ആലിന്‍ചുവട്‌ വരെയുള്ള റോഡ്‌ പൂര്‍ണമായും ഒലിച്ചുപോവുകയും ചെയ്‌തിരുന്നു. കട്ടിങ്ങിടിഞ്ഞു മണ്ണ്‌ റോഡിലേയ്‌ക്കു വീഴുകയും ചെയ്‌തിരുന്നു. പാലം നന്നാക്കിയെങ്കിലും വലിയ വാഹനങ്ങള്‍ കടത്തി വിടാന്‍ തുടങ്ങിയില്ല. ചെറുവാഹനങ്ങള്‍ ഗാന്ധിനഗര്‍ കോളനി വഴി കടത്തിവിടുന്നുണ്ട്‌. കട്ടപ്പനയില്‍നിന്ന്‌ ബസുകള്‍ ഇപ്പോള്‍ ആലിന്‍ചുവട്‌ വരെയെത്തും. തൊടുപുഴയില്‍നിന്നും ചെറുതോണി വരെ ബസുകളെത്തും.
ഇവിടെനിന്നും ഓട്ടോറിക്ഷയില്‍ ആലിന്‍ചുവട്‌വരെ എത്തിയശേഷം ബസില്‍ യാത്ര തുടരാം. നാഷണല്‍ ഹൈവേ അതോറിട്ടിയാണു റോഡ്‌ നിര്‍മിക്കുന്നത്‌. താല്‍ക്കാലിക റോഡ്‌ നിര്‍മിച്ചതും നാഷണല്‍ ഹൈവേയുടെ നേതൃത്വത്തിലാണ്‌. ചെറുതോണി ആലിന്‍ചുവട്‌ റോഡിന്റെ സംരക്ഷണഭിത്തികളെല്ലാം നശിച്ചതിനാല്‍ കോണ്‍ക്രീറ്റ്‌ റിട്ടേണിങ്‌ വാള്‍ നിര്‍മിക്കാണു പദ്ധതി. ഇനിയും അണക്കെട്ട്‌ തുറന്നുവിട്ടാല്‍ തകരാത്തവിധത്തില്‍ ബലവത്തായ സംരക്ഷണഭിത്തിയാണ്‌ നിര്‍മിക്കുന്നത്‌. ഇതിന്‌ മുന്നോടിയായി മണ്ണ്‌ മാന്തിയന്ത്രം ഉപയോഗിച്ചു മണ്ണ്‌ മാറ്റുന്ന ജോലികള്‍ ആരംഭിച്ചു. നിര്‍മാണത്തിന്‌ മുന്നോടിയായി സര്‍വേ പൂര്‍ത്തിയാക്കി.
നിര്‍മാണത്തിനാവശ്യമായ കല്ല്‌, മെറ്റല്‍, കമ്പി തുടങ്ങിയവ എത്തിച്ചുകഴിഞ്ഞു. യുദ്ധകാലാടിസ്‌ഥാനത്തിലാണു നിര്‍മാണം നടത്തുന്നത്‌. ഒരാഴ്‌ചയ്‌ക്കുള്ളില്‍ വണ്‍വേ സംവിധാനത്തില്‍ ബസുകളുള്‍പ്പെടെ വലിയ വാഹനങ്ങള്‍ കടത്തിവിടാന്‍ കഴിയുമെന്ന്‌ ഹൈവേ അതോറിട്ടി ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. റോഡിന്‌ താഴെ ഇനിയും സ്വകാര്യ വ്യക്‌തികളുടെ ഒരു നിര്‍മാണവും അനുവദിക്കുകയില്ല.
ഈഭാഗത്ത്‌ താമസിച്ചിരുന്നവരെ മറ്റ്‌ സ്‌ഥലത്ത്‌ പുനരധിവസിപ്പിക്കാനാണു സര്‍ക്കാര്‍ തീരുമാനം. റോഡിന്‌ താഴെ നിര്‍മാണ നിരോധിത മേഖലയായി മേഖലയായി പ്രഖ്യാപിക്കും. റോഡിന്‌ മുകളിലുള്ള സി.എസ്‌.ഐ. പള്ളിയും സമീപത്തുള്ള വീടുകളും അപകടാവസ്‌ഥയിലാണ്‌.
ഇവരെയും മാറ്റി താമസിപ്പിക്കാനാണു സര്‍ക്കാര്‍ ആലോചിക്കുന്നത്‌. ഈ പ്രദേശത്ത്‌ ഇനിയും മണ്ണിടിയാന്‍ സാധ്യതയുള്ളതിനാല്‍ ഇവിടെയും നിര്‍മാണ നിരോധിത മേഖലയായി പ്രഖ്യാപിക്കും. ഇതു സംബന്ധിച്ചു വിശദമായി പഠനം നടത്തുകയും സര്‍ക്കാരിന്‌ റിപ്പോര്‍ട്ട്‌ നല്‍കുകയും ചെയ്യും. അപകട മേഖലയിലുള്ള ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാനാണു സാധ്യത.

Ads by Google
Advertisement
Friday 07 Sep 2018 12.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW