Saturday, September 08, 2018 Last Updated 18 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.03 AM

അച്ചന്‍കോവിലാറ്റില്‍നിന്ന്‌ മണല്‍ കടത്തുന്നു

മാവേലിക്കര: പ്രളയത്തിനുശേഷം വലിയ തോതില്‍ ജലനിരപ്പ്‌ താഴ്‌ന്നതിനെത്തുടര്‍ന്ന്‌ അച്ചന്‍കോവിലാറിന്റെ തീരങ്ങളില്‍ അടിഞ്ഞുകൂടിയ മണല്‍ കടത്തുന്ന സംഘങ്ങള്‍ സജീവമാകുന്നു. മാവേലിക്കര, മാന്നാര്‍ പോലീസ്‌ സ്‌റ്റേഷനുകളുടെ അതിര്‍ത്തിയായ പ്രായിക്കരയിലും വലിയപെരുമ്പുഴയിലുമാണ്‌ ഒരിടവേളയ്‌ക്കുശേഷം മണല്‍ കടത്തുന്ന സംഘങ്ങള്‍ സജീവമായത്‌.
കഴിഞ്ഞ രാത്രി പ്രായിക്കരയ്‌ക്കു സമീപത്തുനിന്ന്‌ വലിയ തോതിലാണു മണല്‍ കടത്തിയത്‌. രണ്ടു പോലീസ്‌ സ്‌റ്റേഷനുകളുടെ അതിര്‍ത്തിയായതിനാല്‍ ഇവരുടെ കാര്യമായ ശ്രദ്ധ ഉണ്ടാകാത്തതിനാലാണു വീണ്ടും മണല്‍ വാരല്‍ സംഘങ്ങള്‍ രംഗത്തെത്തിയത്‌.
വലിയ പെരുമ്പുഴയിലെ പാലത്തിനടിയില്‍നിന്നും നേരത്തെ മണല്‍ വാരുന്നത്‌ പാലത്തിന്റെ ബലക്ഷയത്തിനു കാരണമാകുമെന്ന ആക്ഷേപമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന്‌ പോലീസിന്റെയും ജനകീയ ഇടപെടലിന്റെയും പശ്‌ചാത്തലത്തിലാണ്‌ ഇവിടെ മണല്‍ വാരല്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞത്‌.
പ്രളയത്തിന്റെ കുത്തൊഴുക്കില്‍ വലിയ തോതിലാണു മണലും എക്കലും അടിഞ്ഞു കൂടിയത്‌. ചെറിയ വള്ളങ്ങളില്‍ എത്തിയാണ്‌ ഇവ വാരിയെടുക്കുന്നത്‌. പ്രായിക്കരയിലെ സ്‌ഥിതിയും വ്യത്യസ്‌തമല്ല. നിലവില്‍ മാവേലിക്കരയിലെ വലിയ പാലങ്ങളില്‍ ഒന്നായ പ്രായിക്കര പാലത്തിന്‌ ബലക്ഷയമുള്ളതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ട്‌.
അതിനാല്‍ മണല്‍ വാരിയാല്‍ പാലം തകര്‍ച്ചയിലേക്കു നീങ്ങും. ഈ സ്‌ഥിതിയില്‍ മണല്‍ വാരുന്നതു കര്‍ശനമായി നിരോധിച്ചിരുന്നു.
എന്നാല്‍ വലിയ തോതില്‍ ഇവിടെയും തീരത്തോട്‌ ചേര്‍ന്നും അല്ലാതെയും എക്കലും മണലും അടിഞ്ഞതോടെയാണ്‌ ഇവ വാരിയെടുക്കാന്‍ ചിലര്‍ ശ്രമം നടത്തിയത്‌. ഇതു വലിയ തോതില്‍ പാരിസ്‌ഥിതിക പ്രത്യാഘാതത്തിനു കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നു. അടിഞ്ഞുകൂടിയ എക്കലും മണ്ണും ഏത്‌ അളവില്‍ വാരിയെടുക്കണം എന്നത്‌ വിദഗ്‌ധമായ പഠനത്തിനുശേഷം മാത്രമേ തീരുമാനിക്കാന്‍ കഴിയൂ. ഇതൊന്നും ശ്രദ്ധിക്കാതെയാണു മുന്‍കാലങ്ങളിലെ പോലെ മണല്‍ വാരല്‍ ആരംഭിച്ചത്‌.
ഇതിനു പിന്നില്‍ വലിയ സംഘങ്ങള്‍ തന്നെയുണ്ട്‌. പോലീസിന്റെയും മറ്റ്‌ അധികൃതരുടെയും ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ അച്ചന്‍കോവിലാറിന്റെ തീരങ്ങള്‍ ഇടിച്ചു കൊണ്ടുള്ള മണല്‍ വാരല്‍ തുടരുക തന്നെ ചെയ്യും. ഇത്‌ മറ്റൊരു പ്രകൃതി ദുരന്തത്തിലേക്കും നയിക്കും.

Ads by Google
Advertisement
Friday 07 Sep 2018 12.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW