Saturday, September 08, 2018 Last Updated 1 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 01.14 AM

ദുരിതക്കയത്തില്‍ രാധാമണിയും അമ്മയും

ചങ്ങനാശേരി: ദുരിതക്കയത്തില്‍ മുങ്ങിത്താഴ്‌ന്നു രാധാമണിയും അമ്മയും. കുറിച്ചി പഞ്ചായത്ത്‌ ഒന്‍പതാം വാര്‍ഡില്‍ ഭാസ്‌കരന്‍ കോളനിയില്‍ താമസിക്കുന്ന കൊരട്ടിമലമറ്റത്തില്‍ രാധാമണിയും 91 വയസുള്ള മാതാവ്‌ പാറുക്കുട്ടിയമ്മയുമാണു വാടക വീട്ടില്‍ ദുരിത ജീവിതം നയിക്കുന്നത്‌.പരാശ്രയമില്ലാതെ എഴുന്നേല്‍ക്കാന്‍ പോലും ത്രാണിയില്ലാത്ത അമ്മയെ അയല്‍വീടുകളില്‍ ഏല്‍പ്പിച്ച്‌ ജോലിയ്‌ക്കു പോയാണ്‌ ഇതുവരെ രാധാമണി ജീവിച്ചിരുന്നത്‌. എന്നാല്‍, അമ്മയുടെ അവസ്‌ഥ മോശമായതോടെ, പണിയ്‌ക്കു പോകാന്‍ കഴിയാത്ത അവസ്‌ഥയിലാണ്‌ രാധാമണി.
രാധാമണി കെട്ടിടം പണിക്ക്‌ പോയികിട്ടുന്ന വരുമാനമായിരന്നു കുടുംബത്തിന്റെ ജീവന മാര്‍ഗം. പാറുക്കുട്ടിയമ്മയ്‌ക്കു പത്ത്‌ ദിവസത്തേക്കുള്ള ആയുര്‍വേദ മരുന്നുകള്‍ വാങ്ങുന്നതിന്‌ 750 രൂപ വേണം. വീടിന്‌ 2000 രൂപ മാസവാടക നല്‍കണം. പണിമുടങ്ങിയതോടെ നാലു മാസത്തെ വാടക തുക കുടിശികായി, അമ്മയുടെ മരുന്നു വാങ്ങലും മുടങ്ങി.
പ്രളയത്തില്‍ അടുക്കളയില്‍ വെള്ളം കയറുകയും വീടുമുഴുവന്‍ ഈര്‍പ്പം കൊണ്ട്‌ നിറയുകയും ചെയ്‌തെങ്കിലും കിടപ്പിലായ അമ്മയെ ഉപേക്ഷിച്ച്‌ ദുരിതാശ്വാസക്യാമ്പില്‍ പോകാതിരുന്നതുകൊണ്ടു സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള അവസരവും ഇല്ലാതായി പറയുന്നു.
രാധാമണിയുടേത്‌ പ്രേമവിവാഹമായിരുന്നു.പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളെ വിവാഹം കഴിച്ചതിനെതുടര്‍ന്ന്‌ വീട്ടുകാരില്‍ നിന്നും ഒഴിഞ്ഞുമാറി ജീവിക്കേണ്ടിവന്നു. ഭര്‍ത്താവ്‌ കുട്ടന്‍ 2009 ജൂലൈ 26ന്‌ മരണമടഞ്ഞു. കാക്കനാട്‌ ഇന്‍ഫോപാര്‍ക്കില്‍ ജോലിയുണ്ടായിരുന്ന ഏകമകള്‍ മേഘാമോള്‍ 26- മത്തെ വയസില്‍ അഞ്ചു വര്‍ഷം മുമ്പ്‌ മരിച്ചതോടെ ഇവര്‍ തികച്ചും ഒറ്റപ്പെട്ടുതുടങ്ങി. ജീവിതത്തില്‍ ആകെയുണ്ടായിരുന്ന സമ്പാദ്യം മുഴുവന്‍ മകളുടെ വിവാഹത്തിനായി ചെലവഴിക്കേണ്ടിവന്നത്‌ ഇവരെ പൂര്‍ണമായും നിര്‍ധനയാക്കി. 53 വയസ്സുള്ള രാധാമണിയുടെ ഏകസ്വപ്‌നം സ്വന്തമായി ഒരു വീടാണ്‌. സര്‍ക്കാരിന്റെ ആശ്രയ പദ്ധതിപ്രകാരം സ്വന്തമായി സ്‌ഥലമോ വീടോ ഇല്ലാത്ത ഇവര്‍ക്ക്‌ വീടിന്‌ അര്‍ഹതയുണ്ടെങ്കിലും, പദ്ധതിയില്‍ ഉള്‍പ്പെടുത്താതെ തഴയപ്പെട്ടതായി രാധാമാണി പറയുന്നു.
കിടപ്പിലായ അമ്മയെ സംരക്ഷിക്കുന്നതിനായി ആശ്വാസകിരണം പദ്ധതിയുടെ ധനസഹായം മൂന്നുതവണ കിട്ടിയെങ്കിലും ഇപ്പോള്‍ അതും ഇല്ലാതായി. വീടിനായി ലൈഫ്‌ പദ്ധതിയുടെ ലിസ്‌റ്റില്‍ പേരുണ്ടെങ്കിലും കുറിച്ചിപഞ്ചായത്തിലെ ലൈഫ്‌ പദ്ധതി അവതാളത്തിലായതോടുകൂടി തന്റെ ലൈഫും അവതാളത്തിലായെന്ന്‌ രാധാമണി പറയുന്നു.

Ads by Google
Advertisement
Thursday 06 Sep 2018 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW