നെടുങ്കണ്ടം: മാവടിയില്‍ ഭൂമിക്കു വിള്ളലുണ്ടായ പ്രദേശങ്ങള്‍ ഇന്നു കേന്ദ്രസംഘം സന്ദര്‍ശിച്ചേക്കും. പ്രളയത്തില്‍ ഭൂമി ഇടിഞ്ഞു താഴുകയും കിലോമീറ്ററുകളോളം വിണ്ടുകീറുകയും ചെയ്തതോടെ ഇപ്പോഴും ജനം ഭീതിയിലാണ്. മാവടിയില്‍ മാത്രം നിരവധി വീടുകള്‍ തകര്‍ന്നു.
തേനംമാക്കല്‍ ഫിലിപ്പിന്റെ ഇരുനില വീട് ഇടിഞ്ഞുതാഴ്ന്നിരുന്നു. വീടിന്റെ തറക്കല്ലിന്റെ ഭാഗത്തെ മണ്ണ് രണ്ടായി വിണ്ടുകീറി ഒരുനില പൂര്‍ണമായി ഭൂമിക്കടിയിലായിരുന്നു. മാവടി-പണിക്കന്‍കുടി റോഡിന്റെ അമ്പലക്കവല ഭാഗം ഇടിഞ്ഞുതാഴ്ന്നു ഗതാഗതം സ്തംഭിച്ചിട്ടു 15 ദിവസം പിന്നിട്ടു. വിദ്യാര്‍ഥികളടക്കമുള്ളവര്‍ കിലോമീറ്ററുകളോളം കാല്‍നടയായി സഞ്ചരിച്ചാണു ടൗണുകളിലെത്തുന്നത്. റോഡ് വീണ്ടു കീറിയ ഭാഗത്തെ തേരകുംമറ്റത്തില് സോമന്റെ വീട് പൂര്‍ണമായും തകര്‍ന്നിരുന്നു. വീടിന്റെ ഭിത്തിയും തറയും പലയിടങ്ങളിലായി വിണ്ടുകീറി.
ജില്ലാ ജിയോളജിസ്റ്റ് ഡോ. ബി. അജയകുമറിന്റെ നേതൃത്വത്തിലുള്ള സംഘം മാവടിയിലെത്തി നടത്തിയ പരിശോധനയില്‍ സോയില്‍ പൈപ്പിങ് എന്ന പ്രതിഭാസമാണെന്നാണു കണ്ടെത്തിയത്. ഇതു സംബന്ധിച്ച് സംസ്ഥാന അഡ്മിനിസ്ട്രറ്റീവ് വിഭാഗത്തിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ ആകമാനം പഠനം നടത്തുന്നതിനാണ് കേന്ദ്രസംഘം എത്തുന്നത്. മാവടി മേഖലകളില്‍ ഇന്നലെ ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാനും മുന്‍ എം.പിയുമായ ഫ്രാന്‍സിസ് ജോര്‍ജ് സന്ദര്‍ശനം നടത്തിയിരുന്നു.