Saturday, November 17, 2018 Last Updated 6 Min 1 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 11.57 PM

സര്‍ക്കാര്‍ വാഗ്‌ദാനം പാലിക്കണം: യു.ഡി.എഫ്‌.

തൊടുപുഴ: പ്രകൃതിക്ഷോഭ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സംസ്‌ഥാന സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്‌ത കാര്യങ്ങള്‍ നടപ്പാക്കാന്‍ അടിയന്തര നടപടി വേണമെന്ന്‌ യു.ഡി.എഫ്‌. ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞ മുഴുവന്‍ കുടുംബങ്ങള്‍ക്കും പതിനായിരം രൂപ വീതം നല്‍കുമെന്നു പ്രഖ്യാപിച്ചെങ്കിലും ഇടുക്കിയില്‍ അതു ലഭ്യമാക്കിയിട്ടില്ല. രണ്ടുദിവസമെങ്കിലും വെള്ളം കയറിയ വീടുകളില്‍ കഴിഞ്ഞവര്‍ക്കു മാത്രമേ ഈ ധനസഹായത്തിന്‌ അര്‍ഹതയുള്ളൂ എന്ന നിലപാടാണ്‌ ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത്‌. ഈ തീരുമാനം ജില്ലയില്‍ അശാസ്‌ത്രീയമാണ്‌.
ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞിട്ടുള്ള മുഴുവന്‍ കുടുംബങ്ങള്‍ക്കും പണം ലഭ്യമാക്കണം. ഉരുള്‍പൊട്ടലില്‍ വീടുകള്‍ നഷ്‌ടപ്പെട്ടു ക്യാമ്പുകള്‍ക്കു പുറമേ മറ്റിടങ്ങളില്‍ അഭയം തേടിയ കുടുംബങ്ങള്‍ക്കും പതിനായിരം രൂപ ധനസഹായം നല്‍കുമെന്ന റവന്യു മന്ത്രിയുടെ പ്രഖ്യാപനവും നടപ്പാക്കണം. വീടുകള്‍ നഷ്‌ടപ്പെട്ടവര്‍ക്കും അധിവാസ യോഗ്യമല്ലാതായ വീടുകളുടെ ഉടമസ്‌ഥതര്‍ക്കും വീട്‌ നിര്‍മിക്കാനുള്ള പണവും ഭൂമി നഷ്‌ടപ്പെട്ടവര്‍ക്കു പകരം ഭൂമിയും നല്‍കണം. ഇതിന്‌ കാലതാമസം ഉണ്ടാകുന്ന പക്ഷം അവരെ താല്‍ക്കാലികമായി പുനരധിവസിപ്പിക്കാന്‍ വാടക വീടുകള്‍ സര്‍ക്കാര്‍ചെലവില്‍ ലഭ്യമാക്കണം.
വെള്ളപ്പൊക്കത്തില്‍ സാധന സാമഗ്രികള്‍ നഷ്‌ടപ്പെട്ടവര്‍ക്കു നഷ്‌ടപരിഹാരം ലഭ്യമാക്കണം. വ്യാപാരികള്‍ക്കുണ്ടായിട്ടുള്ള നാശനഷ്‌ടങ്ങള്‍ക്കും നഷ്‌ടപരിഹാരം നല്‍കണം. അഞ്ചുലക്ഷം രൂപ വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളണം. മറ്റ്‌ വായ്‌പകള്‍ തിരിച്ചടവിനുള്ള കാലപരിധി പുനര്‍നിര്‍ണയിക്കണം. അവര്‍ക്കു പലിശ ഇളവ്‌ നല്‍കണം. കൃഷി നാശം സംഭവിച്ചിട്ടുള്ളവര്‍ക്കു കൃഷി പുനരാരംഭിക്കാന്‍ മൂന്നു വര്‍ഷക്കാലത്തേയ്‌ക്ക് പലിശരഹിത വായ്‌പ അനുവദിക്കണം. ഏക്കറിന്‌ മൂന്നുലക്ഷം രൂപയെങ്കിലും ഈ കാര്യത്തിന്‌ അനുവദിക്കണം. വ്യാപകമായ ഏല കൃഷി നാശമാണ്‌ ജില്ലയിലുണ്ടായിട്ടുള്ളത്‌. കുരുമുളക്‌ കൃഷിയും നശിച്ചിട്ടുണ്ട്‌. ഏലം പുനര്‍കൃഷിക്ക്‌ സ്‌പൈസസ്‌ ബോര്‍ഡ്‌ സബ്‌സിഡി പുനരാരംഭിക്കണം. മുഴുവന്‍ പുനര്‍ കൃഷിക്കും സഹായം അനുവദിക്കണം. ജില്ലയിലെ പൊതുമരാമത്ത്‌ വകുപ്പിന്റെ ഉടമസ്‌ഥതയിലുള്ള 1100 കി.മീ. റോഡുകള്‍ തകര്‍ന്നിട്ടുണ്ട്‌. ഇവ പുനരുദ്ധരിക്കാന്‍ മുവായിരം കോടി രൂപയെങ്കിലും ജില്ലയ്‌ക്ക് അനുവദിക്കണം. ഇതിനു പറുമേ വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന പഞ്ചായത്ത്‌ റോഡുകള്‍ പുനരുദ്ധരിക്കാന്‍ പ്രത്യക ഫണ്ട്‌ അനുവദിക്കണം.
ജില്ലാ യുഡി.എഫ്‌. യോഗം കേരളാ കോണ്‍ഗ്രസ്‌ വര്‍ക്കിങ്‌ ചെയര്‍മാന്‍ പി.ജെ. ജോസഫ്‌ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ ചെയര്‍മാന്‍ എസ്‌. അശോകന്‍ അധ്യക്ഷത വഹിച്ചു. റോഷി അഗസ്‌റ്റിന്‍ എം.എല്‍.എ. ഇ.എം. ആഗസ്‌തി, ഇബ്രാഹിംകുട്ടി കല്ലാര്‍, എം.ജെ.ജേക്കബ്‌, എം.എസ്‌. മുഹമ്മദ്‌, റോയി കെ.പൗലോസ്‌, ടി.എം.സലിം, ജോയി തോമസ്‌, എം.ടി. തോമസ്‌, ഡീന്‍ കുര്യാക്കോസ്‌, കെ.ഐ. ആന്റണി, സുലൈമാന്‍ റാവുത്തര്‍ എക്‌സ് എം.എല്‍.എ., സെബാസ്‌റ്റ്യന്‍ വിളക്കുന്നേല്‍, മാര്‍ട്ടിന്‍ മാണി, സുരേഷ്‌ ബാബു, സി.കെ.ശിവദാസ്‌, കെ.എം.എ. ഷുക്കൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. യു.ഡി.എഫ്‌. ജില്ലാ കണ്‍വീനറായി അലക്‌സ് കോഴിമല ചാര്‍ജ്‌ എടുത്തു. ദുരിതാശ്വാസ പ്രവര്‍ത്തനം വിലയിരുത്താന്‍ 12- ന്‌ അടിമാലിയിലും, 15 - ന്‌ കട്ടപ്പനയിലും, 17 - ന്‌ നെടുങ്കണ്ടത്തും, 19 - ന്‌ പീരുമേട്ടിലും, 20 തൊടുപുഴയിലും യു.ഡി.എഫ്‌. നേതൃയോഗങ്ങള്‍ കൂടാന്‍ തീരുമാനിച്ചു.

Ads by Google
Advertisement
Wednesday 05 Sep 2018 11.57 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW