കാഞ്ഞങ്ങാട്: കായിക പ്രേമികളുടെ ചിരകാല അഭിലാഷമായ സ്റ്റേഡിയം എത്രയും വേഗത്തില്‍ സ്ഥാപിക്കണമെന്ന് കാഞ്ഞങ്ങാട് ഡെവലപ്മെന്റ് ഫോറം ആവശ്യപ്പെട്ടു. കായിക മേഖലയില്‍ അറിയപ്പെടുന്ന ഒട്ടേറെ താരങ്ങളെ സംഭാവന ചെയ്ത കാഞ്ഞങ്ങാട് ഒരു സ്റ്റേഡിയത്തിന്റെ അഭാവം ആധുനിക കാഞ്ഞങ്ങാടിന് ഒരു കളങ്കമാണ്. നിലവില്‍ കോടതിക്ക് മുന്‍വശമുള്ള ഹൊസ്ദുര്‍ഗ് ഗവ: ഹൈസ്കൂള്‍ ഗ്രൗണ്ടാണ് നഗരത്തിലെ കളിസ്ഥലം എന്ന് പറയാവുന്നത്. കോടതി - സ്കൂള്‍ സമയങ്ങളില്‍ ഈ ഗ്രൗണ്ടുകള്‍ യാതൊരു വിധത്തിലുള്ള കായികാവശ്യങ്ങള്‍ക്കും ഉപയോഗപ്പെടുത്താന്‍ കഴിയാറില്ല. ഫിഫ, ബിസിസിഐ തുടങ്ങിയ കായിക സംഘടനകള്‍ കളിസ്ഥല നിര്‍മ്മാണങ്ങള്‍ക്ക് വന്‍തോതില്‍ പ്രോത്സാഹനം നല്‍കുന്നത് യഥാവിധത്തില്‍ ഉപയോഗപ്പെടുത്തിയാല്‍ ഉത്തരകേരളത്തിലെ പ്രധാന നഗരമായ കാഞ്ഞങ്ങാട് അന്താരാഷ്ര്ട നിലവാരത്തിലുള്ള വിവിധോദ്ദേഷങ്ങള്ക്കായുള്ള സ്റ്റേഡിയം എളുപ്പത്തില്‍ നിര്‍മ്മിക്കാന്‍ പറ്റും. നോര്‍ത്ത് കോട്ടച്ചേരിയിലെ തരിശായി കിടക്കുന്ന സ്വകാര്യ വ്യക്തികളുടെ വയല്‍ ഏറ്റെടുത്താല്‍ നഗരഹൃദയത്തില്‍ തന്നെ തലയെടുപ്പുള്ള കളിസ്ഥലം യാഥാര്‍ത്യമാവും. നിലവില്‍ സംസ്ഥാന സര്‍ക്കാറില്‍ കാഞ്ഞങ്ങാടിനുള്ള രാഷ്ര്ടീയ സ്വാധീനം ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ രാഷ്ര്ടീയ നേതൃത്വം തയ്ാറായവണം. സംസ്ഥാന സ്കൂള്‍ യുവജനോത്സവം പോലുള്ള ജനകീയ ഇനങ്ങള്‍ കാഞ്ഞങ്ങാട് നടക്കാതെ പോകുന്നത് വേദിയൊരുക്കാന്‍ ആവശ്യമായ ഇത്തരത്തിലുള്ള വിശാലമായ ഗ്രൗണ്ടുകളുടെ അഭാവമാണ്. വിദേശത്തുള്ള തദ്ദേശീയരായ കായിക പ്രേമികള്‍ കളിസ്ഥലം നിര്‍മ്മിക്കാന്‍ ഫണ്ട് കണ്ടെത്തുമെന്നു വാഗ്ദാനം നല്‍കിയിരുന്നു.
കാഞ്ഞങ്ങാടിന്റെ വികസനവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാടിന്റെ സ്വപ്നങ്ങള്‍ എന്ന പേരില്‍ സെപ്തംബര്‍ മൂന്നാം വാരത്തില്‍ വികസന സെമിനാര്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. പ്രസിഡണ്ട് എം.കെ വിനോദ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പി എം നാസര്‍, ഇ.വി. ജയകൃഷണന്, കെ പി മോഹനന്, മുകുന്ദ് പ്രഭു, സുകുമാരന്‍ പൂച്ചക്കാട്, അന്‍വര്‍ ഹസന് ചിത്താരി, ഹാറൂണ്‍ ചിത്താരി, എ.ജോര്‍ജ് പ്രസംഗിച്ചു.