Tuesday, July 16, 2019 Last Updated 53 Min 55 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 12.54 AM

മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിക്കാന്‍ നടപടിയില്ല

പാലാ: ജനറല്‍ ആശുപത്രിയില്‍ കോടികള്‍ ചെലവഴിച്ചു നിര്‍മ്മിച്ച ബഹുനില മന്ദിരങ്ങള്‍ പൂര്‍ത്തിയായെങ്കിലും ഇവിടേക്കുള്ള അത്യാധുനിക ഉപകരണങ്ങള്‍ ഇനിയും എത്തിയിട്ടില്ല. ഡയഗ്നോസ്‌റ്റിക്‌ ആന്‍ഡ്‌ ഡയാലിസിസ്‌ കോംപ്ലക്‌സ്‌ പത്തുകോടി രൂപ മുടക്കി മുഴുവന്‍ പണികളും പൂര്‍ത്തീകരിച്ചിട്ടുണ്ട്‌. ഉപകരണങ്ങള്‍ എത്താത്തതുമൂലം പാവപ്പെട്ട രോഗികള്‍ക്ക്‌ പ്രയോജനപ്പെടുന്നില്ല.
ഒ.പി കം അഡ്‌മിനിസ്‌ട്രേറ്റീവ്‌ ബ്ലോക്ക്‌ ഏഴുനിലകളില്‍ പണി തീര്‍ന്നു. റാമ്പ്‌ ഉള്‍പ്പെടെ അത്യാധുനിക സൗകര്യങ്ങളെല്ലാം മന്ദിരത്തിലുമുണ്ട്‌. പഞ്ചനക്ഷത്ര മന്ദിരങ്ങളോട്‌ കിടപിടിക്കുന്ന ഇന്റീരിയര്‍ ഡെക്കറേഷനുകളാണുള്ളത്‌. 17.50 കോടി രൂപാ മുടക്കിയാണ്‌ മന്ദിരംപണി തീര്‍ത്തിട്ടുള്ളത്‌. ഇവിടെയും മെഡിക്കല്‍ ഉപകരണങ്ങളുടെ അപര്യാപ്‌തതയുണ്ട്‌. ബൃഹത്‌ മന്ദിരത്തോട്‌ ചേര്‍ന്നാണ്‌ നെഫ്രോളജി - കാര്‍ഡിയാക്‌ - കാത്ത്‌ലാബ്‌ - ബ്ലഡ്‌ബാങ്ക്‌ എന്നിവയ്‌ക്കുളള അഞ്ചുനില മന്ദിരം പൂര്‍ത്തിയായിവരുന്നത്‌. 8.80 കോടി രൂപ മുടക്കിയാണ്‌ ഇതിന്റെ നിര്‍മ്മാണം. 72 ലക്ഷം രൂപ മുടക്കി മോര്‍ച്ചറിയും നവീകരിച്ചിട്ടുണ്ട്‌.
ഇവിടെ 24 മണിക്കൂറും ഫ്രീസര്‍ സൗകര്യമുണ്ട്‌. 10 മൃതദേഹങ്ങള്‍വരെ ഒരേസമയം സൂക്ഷിക്കാം. മന്ദിരങ്ങളുടെ പണികള്‍ ധൃതഗതിയില്‍ പൂര്‍ത്തിയായെങ്കിലും ഇവിടേയ്‌ക്കാവശ്യമായ ആധുനിക മെഷീനുകള്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിക്കുന്നതിന്‌ നിലവില്‍ കാര്യമായ നടപടികളൊന്നുമായിട്ടില്ല. പാലാ മുനിസിപ്പാലിറ്റിയുടെ കീഴിലാണ്‌ ജനറല്‍ ആശുപത്രി. മുനിസിപ്പല്‍ അധികൃതര്‍ നിരന്തരമായി പരിശ്രമം നടത്തുന്നുണ്ടെങ്കിലും ആശുപത്രി അധികാരികളില്‍ ചിലരുടെ മെല്ലെപ്പോക്കാണ്‌ ഉപകരണങ്ങള്‍ എത്തിക്കുന്നതിന്‌ കാലതാമസം വരുത്തുന്നതെന്ന്‌ ആക്ഷേപമുണ്ട്‌.
45 ഡോക്‌ടര്‍മാരാണ്‌ നിലവില്‍ സേവനം അനുഷ്‌ഠിക്കുന്നത്‌. ജനറല്‍ മെഡിസിനില്‍ നാല്‌ ഡോക്‌ടര്‍മാരും ഗൈനക്കോളജിയില്‍ അഞ്ച്‌ ഡോക്‌ടര്‍മാരും സേവനമനുഷ്‌ഠിക്കുന്നു. കാര്‍ഡിയോളജിയിലും സര്‍ജറി വിഭാഗത്തിലും രണ്ടുവീതം ഡോക്‌ടര്‍മാരും അസ്‌ഥിരോഗ ചികിത്സാ വിഭാഗത്തില്‍ മൂന്നു ഡോക്‌ടര്‍മാരുമുണ്ട്‌. കാന്‍സര്‍ റേഡിയേഷന്‍ ഓങ്കോളജി വിഭാഗത്തില്‍ എല്ലാ ദിവസവും ഡോക്‌ടറുടെ സേവനം ലഭ്യമാണ്‌.
ഫിസിക്കല്‍, മെഡിസിന്‍ ആന്‍ഡ്‌ റീഹാബിലിറ്റേഷന്‍ സെന്ററില്‍ ഒരു ഡോക്‌ടറുണ്ട്‌. വിവിധ ആധുനിക ഉപകരണങ്ങളും ഇവിടെയുണ്ട്‌. പക്ഷാഘാതം, വാതം തുടങ്ങിയവമൂലം ശാരീരിക ബുദ്ധിമുട്ട്‌് അനുഭവിക്കുന്നവര്‍ക്ക്‌ പ്രത്യേക ചികിത്സയും ഇവിടെ ലഭിക്കും. 64 നേഴ്‌സുമാരാണ്‌ സേവനം അനുഷ്‌ഠിക്കുന്നത്‌.
അള്‍ട്രാസൗണ്ട്‌ സ്‌കാനിങ്‌, രാത്രി എട്ട്‌ വരെ എക്‌സറേ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലാബ്‌, ഇ.സി.ജി, എക്കോ സൗകര്യങ്ങളുമുണ്ട്‌.വു റ്റി.എം.റ്റി. സൗകര്യവും ഉടന്‍ ആരംഭിക്കും. നവജാത ശിശുക്കളുടെ പരിചരണത്തിനായി പ്രത്യേക കേന്ദ്രമുണ്ട്‌.
മെയിന്‍ തിയേറ്റര്‍, മൈനര്‍, ഗൈനക്കോളജി തിയേറ്റര്‍ എന്നിങ്ങനെ നാല്‌ ഓപ്പറേഷന്‍ തിയേറ്ററുകളുണ്ട്‌. വിപുലമായ ലേബര്‍ റൂമുമുണ്ട്‌. 24 മണിക്കൂറും ബ്ലഡ്‌ ബാങ്കും പ്രവര്‍ത്തിക്കുന്നു. പുതിയ മന്ദിരം പൂര്‍ത്തായാകുന്നതോടെ ട്രോമാകെയര്‍ യൂണിറ്റ്‌, പുരുഷന്മാര്‍ക്കും സ്‌ത്രീകള്‍ക്കും പ്രത്യേകം വാര്‍ഡുകള്‍, ഐ.സി.യൂണിറ്റ്‌ എന്നിവയും പ്രവര്‍ത്തിച്ചുതുടങ്ങും. ഏഴു നിലകളിലായുള്ള മന്ദിരത്തില്‍ വിപുലമായ അത്യാഹിതവിഭാഗ ചികിത്സാകേന്ദ്രവും പ്രവര്‍ത്തിക്കുമെന്ന്‌ ആര്‍.എം.ഒ: ഡോ. അനീഷ്‌ കെ. ഭദ്രന്‍ പറഞ്ഞു. സ്‌ഥലപരിമിതിമൂലമാണ്‌ നിലവിലെ കെട്ടിടത്തില്‍ ഐ.സി യൂണിറ്റ്‌ പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.
മുന്‍കൂട്ടി നിശ്‌ചയിച്ചിട്ടുള്ള എല്ലാ ശസ്‌ത്രക്രിയകളും ജനറല്‍ ആശുപത്രിയില്‍ നടത്തുന്നുണ്ട്‌. അതീവ ഗുരുതരാവസ്‌ഥയില്‍ എത്തുന്ന രോഗികളെ മാത്രമേ പ്രഥമ ശുശ്രൂഷ നല്‍കി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക്‌ അയയ്‌ക്കാറുള്ളൂവെന്നും ജനറല്‍ ആശുപത്രി അധികൃതര്‍ പറഞ്ഞു.

Ads by Google
Advertisement
Wednesday 05 Sep 2018 12.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW