Wednesday, September 05, 2018 Last Updated 34 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 12.54 AM

ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം; നാട്ടുകാര്‍ ദുരിതത്തില്‍

uploads/news/2018/09/245924/1.jpg

പുനലൂര്‍: ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യത്താല്‍ കാര്യറയിലെ ഗ്രാമവാസികള്‍ സമാധാനമായി ഉറങ്ങിയിട്ട്‌ ഒരു വര്‍ഷത്തോളമാകുന്നു. വിളക്കുടി ഗ്രാമപഞ്ചായത്തിലെ കാര്യറ ഗ്രാമവാസികളും പുനലൂര്‍ നഗരസഭയിലെ ശാസ്‌താംകോണം വാര്‍ഡിലെ നിരവധി കുടുംബങ്ങളുമാണ്‌ ദുരതമനുഭവിക്കുന്നത്‌. വീട്ടിലും പറമ്പിലും ഇഴഞ്ഞുനടക്കുന്ന ഒച്ചുകള്‍
വലിയ ആരോഗ്യപ്രശ്‌നങ്ങളാണ്‌ ഉണ്ടാക്കുന്നത്‌. പറമ്പില്‍ കൃഷി ചെയ്യാനും കഴിയുന്നില്ല, സമാധാനത്തോടെ ആഹാരം കഴിക്കാനും രാത്രിയില്‍ ഉറങ്ങാനും കഴിയാത്ത അവസ്‌ഥയാണ്‌. ശല്യക്കാരായ ഒച്ചുകളെ വാരിക്കളഞ്ഞു പലരും മടുത്തു. നഗരസഭ അധികാരികളോടും ആരോഗ്യവകുപ്പ്‌ അധികൃതരോടും പരാതി പറഞ്ഞിട്ടും ഫലമില്ല. മുനിസിപ്പാലിറ്റിയിലെ ശാസ്‌താംകോണം വാര്‍ഡില്‍ വള്ളക്കടവു ഭാഗത്താണ്‌ ആഫ്രിക്കന്‍ ഒച്ചുകള്‍ ധാരാളമായി കാണുന്നത്‌. ഏകദേശം ഒരു വര്‍ഷത്തോളമായി ഇവിടെ ഒച്ചുകളുടെ സാന്നിധ്യം കണ്ടുതുടങ്ങിയിട്ട്‌. പകല്‍ മറഞ്ഞിരിക്കുന്ന ഇവ രാത്രിയില്‍ കൂട്ടത്തോടെ പുറത്തിറങ്ങും. പറമ്പിലെ വാഴയും പച്ചക്കറിയും ഉള്‍പ്പടെ ഇവ നശിപ്പിക്കുന്നു.
കുഞ്ഞുങ്ങളുള്ള വീട്ടുകാരും ഏറെ ഭയപ്പാടിലാണ്‌. ഇവയെ തൊട്ടാല്‍ ശരീരമാകെ ചൊറിയും. ദുര്‍ഗന്ധം അസഹനീയമാണ്‌. ആരോഗ്യവകുപ്പിനെ വിവരമറിയിച്ചിട്ടും ഫലമുണ്ടായില്ല. ഇപ്പോള്‍ ഇവയെ കൂട്ടത്തോടെ ശേഖരിച്ച്‌ ഉപ്പിട്ട്‌ കൊല്ലുകയാണ്‌ നാട്ടുകാര്‍. എന്നാല്‍ കൊല്ലും തോറും ഇവയുടെ എണ്ണം വര്‍ധിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. അഞ്ചുവര്‍ഷം മുമ്പ്‌ കരവാളൂര്‍ പഞ്ചായത്തിലെ മാത്ര പ്രദേശത്താണ്‌ കിഴക്കന്‍ മേഖലയില്‍ ഇവയെ ആദ്യം കണ്ടെത്തിയത്‌.
പിന്നീട്‌ അടുക്കളമൂല, ആര്‍ച്ചല്‍ മണലിപ്പച്ച പ്രദേശങ്ങളില്‍ വ്യാപകമായി. പീച്ചിയിലെ വനഗവേഷണ സ്‌ഥാപനത്തില്‍ നിന്നുള്ള സംഘം ഒച്ചുകളെ കാണപ്പെട്ട മാത്രയിലും മറ്റു സമീപ പ്രദേശങ്ങളിലും പരിശോധനയും പഠനവും നടത്തിയിരുന്നു. ഇവയെ തൊടുകപോലും അരുതെന്നാണ്‌ അവര്‍ അറിയിച്ചത്‌.
അക്കാറ്റിന ഫൂലിക്ക എന്ന ശാസ്‌ത്രീയ നാമമുള്ള ആഫ്രിക്കന്‍ ഒച്ചുകളെ കൈയുറ ഉപയോഗിക്കാതെ തൊടുകപോലും ചെയ്യരുതെന്നു വനഗവേഷണ സ്‌ഥാപനം മുന്നറിയിപ്പു നല്‍കുന്നു. ഇതിന്റെ ശരീരത്തില്‍ നിന്നും പുറത്തുവരുന്ന ദ്രവം ശരീരത്തില്‍ പുരളാതെ നോക്കണം. ഇസ്‌നോഫില്ലിക്‌ മെനിഞ്ചൈറ്റിസ്‌ എന്ന ഗുരുതര രോഗമുണ്ടാക്കുന്ന വിരയുടെ വാഹകരാണ്‌ ഒച്ചുകള്‍. ഒച്ചിന്റെ ശരീരത്തിലെ ദ്രവത്താല്‍ മലിനമായ പച്ചക്കറി കഴിക്കുമ്പോഴോ വെള്ളം കുടക്കുമ്പോഴോ ഈ വിരകള്‍ മനുഷ്യശരീരത്തിലെത്താം. പുകയിലയും തുരിശും ചേര്‍ന്ന മിശ്രിതം കൊണ്ട്‌ ഒച്ചുകളെ നശിപ്പിക്കാം.
ഒന്നര ലിറ്റര്‍ വെള്ളത്തില്‍ 25 ഗ്രാം പുകയില 10 മിനിട്ട്‌ തിളപ്പിച്ചു തയാറാക്കിയ ലായനിയും ഒരു ലിറ്റര്‍ വെള്ളത്തില്‍ 60 ഗ്രാം തുരിശ്‌ ലയിപ്പിച്ചു തയാറാക്കിയ ലായനിയും തമ്മില്‍ ചേര്‍ത്ത്‌ ഈ മിശ്രിതം തയാറാക്കാമെന്ന്‌ പറയുന്നു. എന്നാല്‍ ഇത്‌ ഫലപ്രദമല്ലെന്നും ആക്ഷേപമുണ്ട്‌. എന്തായാലും നാട്ടുകാരുടെ ദുരിതത്തിന്‌ ആര്‌ പരിഹാരം കാണുമെന്ന ആശങ്കയിലാണ്‌ നാട്ടുകാര്‍.

Ads by Google
Advertisement
Wednesday 05 Sep 2018 12.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW