Wednesday, September 19, 2018 Last Updated 13 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 12.51 AM

ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ അന്നം വിളമ്പി ജനമൈത്രി പോലീസ്‌

uploads/news/2018/09/245908/3.jpg

തൊടുപുഴ: പ്രളയ ബാധിതെര സഹായിച്ച്‌ പ്രശംസകള്‍ ഏറ്റുവാങ്ങിയ തൊടുപുഴ ജനമൈത്രി പോലീസ്‌ വീണ്ടും സഹായ ഹസ്‌തവുമായി രംഗത്ത്‌. നവമാധ്യമങ്ങളുമായി സഹകരിച്ച്‌ 50 ലക്ഷത്തിലധികം രൂപയുടെ സഹായങ്ങള്‍ എത്തിച്ച ജനമൈത്രി പോലീസ്‌ സ്വന്തം ക്യാന്റീനിലെ ആഹാരം നല്‍കി അതില്‍നിന്നും ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്‌ക്കു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇതിന്റെ അടിസ്‌ഥാനത്തില്‍ തിങ്കളാഴ്‌ച ക്യാന്റീന്‍ പ്രവര്‍ത്തിച്ചത്‌ ദുരിത ബാധിതര്‍ക്കായിട്ടാണ്‌. ദൃശ്യ-അച്ചടി മാധ്യമങ്ങള്‍ വഴി ഇത്തരത്തിലുള്ള സംരംഭം പോലീസ്‌ ക്യാന്റീനില്‍ നടത്തുന്നുണ്ടെന്ന വാര്‍ത്ത പരന്നതോടെ നിരവധി ആളുകളാണ്‌ ഇവിടെയെത്തിയത്‌. രാവിലെ ഏഴിനാണു ക്യാന്റിനിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്‌. ഡിവൈ.എസ്‌.പി. കെ.പി. ജോസ്‌ ആദ്യ സംഭാവന നല്‍കി പ്രവര്‍ത്തനങ്ങളുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു. കൂടുതല്‍ ആളുകളെത്തുമെന്ന വ്യക്‌തമായ ധാരണയുള്ളതിനാല്‍ തന്നെ ക്യാന്റിനിന്റെ പരിസരത്ത്‌ പന്തലും ഇട്ടിരുന്നു. രണ്ടു കാരുണ്യപ്പെട്ടികളാണു പ്രളയ ദുരിത ബാധിതരുടെ പുനഃരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ദുരിതാശ്വാസ നിധിയിലേക്കുള്ള പണം കണ്ടെത്താന്‍ സജ്‌ജമാക്കിയിരുന്നത്‌.
ചെലവായതിന്റെ ഇരട്ടിയിലധികം രൂപയാണ്‌ എത്തിയവര്‍ കാരുണ്യപെട്ടികളില്‍ നിക്ഷേപിച്ചത്‌. 500 രൂപയുടെ നോട്ടുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്‌. ഉച്ചക്ക്‌ 12.30 ന്‌ തിരക്ക്‌ നിയന്ത്രണ വിധേയമല്ലാതായതോടെ ആഹാര കഴിക്കാനെത്തിയവര്‍ ഭക്ഷണം കിട്ടാന്‍ വൈകുമെന്നു കണ്ട്‌ ഭക്ഷണംപോലും വേണ്ടെന്നുവച്ച്‌ ഇതിനായി കരുതിയ തുക കാരുണ്യപെട്ടിയിലിട്ടാണു മടങ്ങിയതെന്നു പോലീസ്‌ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. രാവിലെ മുതലുള്ള തിരക്ക്‌ രാത്രി 7.30 വരെ നീണ്ടു. തുടര്‍ന്ന്‌ കാരുണ്യ പെട്ടിയിലെ സംഭാവനകള്‍ എണ്ണി തിട്ടപ്പെടുത്തിയപ്പോള്‍ ഉദ്യോഗസ്‌ഥരും അമ്പരന്നു. 1,15,395 രൂപയാണ്‌ ഇരു പെട്ടികളില്‍നിന്നുമായി ലഭിച്ചത്‌.
സാധാരണ ദിവസങ്ങളില്‍ ലഭിക്കുന്നതിന്റെ ഇരട്ടി തുകയാണ്‌ ലഭിച്ചത്‌. ക്യാന്റീന്‍ പുനഃരുദ്ധാരണ ഫണ്ടില്‍ നിന്ന്‌ 84,605 രൂപയും കൂടി ചേര്‍ത്ത്‌ രണ്ടു ലക്ഷം രൂപാ തികച്ച്‌ ദുരിതാശ്വാസ ഫണ്ടിലേക്ക്‌ നല്‍കാനാണു തീരുമാനം. സി.ഐ. എന്‍.ജി.ശ്രീമോന്റെ ഒരു മാസത്തെ ശമ്പളവും ഇതോടൊപ്പം നല്‍കും.
അടുത്തയാഴ്‌ച സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക്‌ തുക നേരിട്ടു നല്‍കുമെന്നു പോലീസ്‌ ഉദ്യോഗസ്‌ഥര്‍ അറിയിച്ചു. ദുരിതാശ്വസ നിധിയിലേയ്‌ക്ക്‌ ഇത്രയും വലിയൊരു തുക കണ്ടെത്തുന്നതില്‍ ക്യാന്റീന്‍ ജീവനക്കാര്‍ വഹിച്ച പങ്കും മറക്കാന്‍ കഴിയില്ല. വൈകുന്നേരമായപ്പോഴേയ്‌ക്കും പലരും തളര്‍ന്നിരുന്നു. സ്‌പെഷല്‍ ബ്രാഞ്ച്‌ ഡിവൈ.എസ്‌.പി: കെ.ഡി. മോഹന്‍ദാസ്‌, സി.ഐ: എന്‍.ജി ശ്രീമോന്‍, എസ്‌.ഐ.: വി.സി.വിഷ്‌ണുകുമാര്‍ എന്നിവരും സംഭാവന നല്‍കി. ദുരിത ബാധിതരെ സഹായിക്കുന്നതിനായി ഇന്ന്‌ രാവിലെ തൊടുപുഴയില്‍ നിന്നും ഇടമലക്കുടിയിലെ ജനങ്ങള്‍ക്ക്‌ മരുന്നുകളും അരിയും മറ്റ്‌ അവശ്യ സാധനങ്ങളും അടങ്ങിയ ഒരു ലോഡുമായി സി.ഐ: എന്‍.ജി ശ്രീമോന്റെ നേതൃത്വത്തിലുള്ള സംഘം പുറപ്പെടും.

Ads by Google
Advertisement
Wednesday 05 Sep 2018 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW