Wednesday, April 24, 2019 Last Updated 15 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 12.51 AM

മുന്നൊരുക്കം തുടങ്ങി ഇടുക്കിയില്‍ നിര്‍മിക്കേണ്ടത്‌ 2000 വീടുകള്‍

uploads/news/2018/09/245907/2.jpg

തൊടുപുഴ: പ്രകൃതിക്ഷോഭത്തിനുശേഷമുള്ള ജില്ലയുടെ പുനര്‍നിര്‍മാണത്തിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു.
ഇപ്പോഴും ദുരിതബാധിതരായിട്ടുള്ളവരുടെ പുനരധിവാസം, ജീവന ഉപാധി കണ്ടെത്തല്‍, പാര്‍പ്പിട നിര്‍മാണം, ദുരന്തബാധിതര്‍ക്കുള്ള കൗണ്‍സിലിങ്‌, ആരോഗ്യരക്ഷ, ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട്‌ സമാഹരണം തുടങ്ങിയവ ഉള്‍പ്പെടുത്തി തയാറാക്കുന്ന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട വിശദാംശങ്ങള്‍ ജില്ലാ കലക്‌ടര്‍ കെ. ജീവന്‍ ബാബുവിന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പുതലവന്മാരുടെ യോഗം അവലോകനം ചെയ്‌തു.
ജില്ലയില്‍ 2000 വീടുകളെങ്കിലും പുനര്‍നിര്‍മിക്കേണ്ടി വരുമെന്നു ജില്ലാ കലക്‌ടര്‍ പറഞ്ഞു. ഉരുള്‍പൊട്ടിയ സ്‌ഥലങ്ങളിലെ പുതിയ വീടുകളുടെ നിര്‍മാണം ശാസ്‌ത്രീയ പഠനത്തിനുശേഷം മാത്രമേ അനുവദിക്കൂ. ജനങ്ങളുടെ സുരക്ഷയെ കരുതിയാണു സര്‍ക്കാര്‍ ഈ തീരുമാനം എടുത്തിരിക്കുന്നത്‌. ജിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യയുടെ നേതൃത്വത്തിലുള്ള പഠനം ഉടനെ ആരംഭിക്കും.
ജില്ലയിലെ സാങ്കേതിക വകുപ്പുകളുടെ തലവന്മാര്‍ പുനര്‍നിര്‍മാണം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട്‌ ഉടന്‍ സമര്‍പ്പിക്കും. പ്രകൃതിക്ഷോഭത്തെത്തുടര്‍ന്ന്‌ രൂപംകൊണ്ട പ്രത്യേക സാഹചര്യം ഉപയോഗിച്ചു ജനങ്ങളെ ചൂഷണം ചെയ്യാന്‍ ആരെയും അനവദിക്കില്ല.
ഭക്ഷ്യവസ്‌തുക്കള്‍ക്ക്‌ അമിത വില ഈടാക്കിയാല്‍ കര്‍ശന നടപടിയെടുക്കും. ഓട്ടോ, ജീപ്പ്‌ യാത്രാക്കൂലി അമിതമാകാന്‍ പാടില്ല. ലഹരിവസ്‌തുക്കളുടെയും വ്യാജമദ്യത്തിന്റെയും ഉല്‍പ്പാദനവും വിതരണവും കര്‍ശനമായി തടയും. കുടിവെള്ളവും ഭക്ഷ്യവസ്‌തുക്കളും സാമ്പിള്‍ ശേഖരിച്ച്‌ കൂടെക്കൂടെ പരിശോധിക്കും. കുടിവെള്ള ഉറവിടങ്ങളും കര്‍ശന പരിശോധനയ്‌ക്കു വിധേയമാക്കും. ഇതിനായി സിവില്‍ സപ്ലൈസ്‌, ലീഗല്‍ മെട്രോളജി, മോട്ടോര്‍ വാഹന വകുപ്പ്‌, എക്‌സൈസ്‌, ഫുഡ്‌ സേഫ്‌റ്റി, വാട്ടര്‍ അതോറിറ്റി എന്നിവ പ്രത്യേക ഡ്രൈവ്‌ ജില്ലയില്‍ നടത്തണമെന്നു കലക്‌ടര്‍ നിര്‍ദേശിച്ചു.
എലിപ്പനി പോലുള്ള പകര്‍ച്ചവ്യാധി തടയാന്‍ അലോപ്പതി, ആയുര്‍വേദം, ഹോമിയോ വകുപ്പുകള്‍ സംയുക്‌തമായി കര്‍ശന നടപടിയെടുക്കും. ജനങ്ങളും ശുചീകരണ, ചികിത്സാ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവരും മറ്റുദ്യോഗസ്‌ഥര്‍ക്കും പ്രതിരോധ മരുന്നു വിതരണം ചെയ്യണമെന്നും അതു കഴിക്കുന്നുണ്ടെന്ന്‌ ഉറപ്പാക്കണമെന്നും കലക്‌ടര്‍ പറഞ്ഞു.
എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും പ്രതിരോധ മരുന്നിന്റെ വിതരണത്തിനു പ്രത്യേക കൗണ്ടറുകള്‍ തുറന്നിട്ടുണ്ട്‌. കൊതുകു നശീകരണത്തിനു പുകയ്‌ക്കാനുള്ള ചൂര്‍ണവും കുടിവെള്ളം തിളപ്പിക്കാനുള്ള പൊടിയും ആയുര്‍വേദ വകുപ്പ്‌ വിതരണം ചെയ്യും. കുടിവെള്ളം 20 മിനിറ്റെങ്കിലും തിളപ്പിച്ചശേഷമേ ഉപയോഗിക്കാവൂ എന്ന്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. അയല്‍ സംസ്‌ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകള്‍ വിവിധ വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ സംയുക്‌തമായി സന്ദര്‍ശിച്ച്‌ അവരുടെ ക്ഷേമവും ആരോഗ്യരക്ഷയും ഉറപ്പുവരുത്തും. ഏറ്റവും കൂടുതല്‍ ദുരിതാശ്വാസ സാമഗ്രികള്‍ എത്തിയത്‌ അയല്‍ സംസ്‌ഥാനങ്ങളില്‍ നിന്നാണ്‌. അവര്‍ നമ്മുടെ കാര്യത്തില്‍ കാട്ടിയ ജാഗ്രത തിരിച്ചുകാട്ടണം എന്നും തൊഴിലാളികള്‍ തൊഴിലില്ലാതെ ഒരു കാരണവശാലും പട്ടിണി കിടക്കുന്ന സാഹചര്യം ഉണ്ടാകുന്നില്ല എന്നുറപ്പാക്കണമെന്നും കലക്‌ടര്‍ നിര്‍ദേശിച്ചു.
ലേബര്‍ ഓഫീസ്‌, റവന്യു, ഹെല്‍ത്ത്‌, സിവില്‍ സപ്ലൈസ്‌ വകുപ്പുകളുടെ ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തിലാണ്‌ ക്യാമ്പ്‌ സന്ദര്‍ശനം. താലൂക്ക്‌ അടിസ്‌ഥാനത്തില്‍ പരമാവധി ക്യാമ്പുകള്‍ സന്ദര്‍ശിക്കും. ഇടുക്കിയില്‍ ജില്ലാ കലക്‌ടറും താലൂക്കുകളില്‍ തഹസില്‍ദാര്‍മാരും സംഘത്തിലുണ്ടാകും. നികുതി വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡേ, ദേവികുളം സബ്‌ കലക്‌ടര്‍ വി.ആര്‍ പ്രേംകുമാര്‍, ഇടുക്കി ആര്‍.ഡി.ഒ: എം.പി. വിനോദ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Wednesday 05 Sep 2018 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW