Tuesday, September 11, 2018 Last Updated 38 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 12.50 AM

ചുമട്ടുകാരനല്ല, അതു കലക്‌ടറായിരുന്നു...

uploads/news/2018/09/245898/2.jpg

കാക്കനാട്‌: പ്രളയബാധിത പ്രദേശങ്ങളില്‍ വിതരണം ചെയ്യാനുള്ള സാധനസാമഗ്രികളുടെ ശേഖരണവും വിതരണവും നടക്കുന്ന കാക്കനാട്‌ കെ.ബി.പി.എസ്‌. പ്രസിലെത്തിയ ലോറികളില്‍നിന്നു സാധനങ്ങളിറക്കാന്‍ ചുറുചുറുക്കോടെ മുന്നിലുണ്ടായിരുന്നു ആ ചെറുപ്പക്കാരന്‍.
ചാക്കുകെട്ടുകള്‍ തോളിലേറ്റാന്‍ തൊഴിലാളികളിലൊരാളായി മൂന്നു ദിവസം. ജില്ലയിലെ സംഭരണ കേന്ദ്രങ്ങളുടെ ചുമതലയുള്ള കലക്‌ടര്‍ മുഹമ്മദ്‌ വൈ. സഫീറുള്ളയും സബ്‌ കലക്‌ടര്‍ പ്രജ്‌ഞാല്‍ പാട്ടീലും വിലയിരുത്തലിന്‌ എത്തിയപ്പോഴാണു തിരിച്ചറിഞ്ഞത്‌, അതൊരു കലക്‌ടറായിരുന്നു! ദാദ്രാ-നാഗര്‍ഹവേലിയുടെ കലക്‌ടര്‍ സ്‌ഥാനത്തുനിന്ന്‌ അവധിയിലെത്തിയ കണ്ണന്‍ ഗോപിനാഥന്‍.
കോട്ടയം പുതുപ്പള്ളി സ്വദേശി. ഐ.എ.എസ്‌. 2012 ബാച്ച്‌ ഉദ്യോഗസ്‌ഥന്‍. എറണാകുളത്തു വരുന്നതിനു മുമ്പ്‌ മൂന്നു ദിവസം ആലപ്പുഴയിലായിരുന്നു സേവനം. സ്വന്തം ബാച്ചുകാരനായ ആലപ്പുഴ കലക്‌ടര്‍ എസ്‌. സുഹാസിനെപ്പോലും അറിയിച്ചിരുന്നില്ല.
മൂന്നു ദിവസം ആലപ്പുഴയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത ശേഷമാണ്‌ അടുത്ത ദിവസം എറണാകുളത്ത്‌ എത്തിയത്‌.
ആലുവ താലൂക്കില്‍ ഉള്‍പ്പെട്ട വില്ലേജുകളില്‍ പ്രളയദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞവര്‍ക്കുള്ള കിറ്റുകളുടെ തയാറാക്കലും വിതരണവും ആണ്‌ കെ.ബി.പി.എസില്‍ നടക്കുന്നത്‌.
"എടോ" എന്ന്‌ അതുവരെ വിളിച്ചത്‌ ഒരു കലക്‌ടറെയാണെന്നു തിരിച്ചറിഞ്ഞതോടെ കെ.ബി.പി.എസിലുണ്ടായിരുന്നവര്‍ ഞെട്ടി. അവരുടെ അമ്പരപ്പിനെ ഒരു പുഞ്ചിരികൊണ്ട്‌ മായ്‌ച്ചുകളഞ്ഞു.
സെല്‍ഫി എടുക്കാനായി ചുറ്റും കൂടിയവരെ സ്‌നേഹപൂര്‍വം വിലക്കി. സ്വന്തം നാട്ടിലെ ദുരിതമകറ്റാന്‍ ഒരു സന്നദ്ധപ്രവര്‍ത്തകനായി ജോലി ചെയ്യാനായാണ്‌ എത്തിയതെന്നു പറഞ്ഞ്‌ തിങ്കളാഴ്‌ച വൈകിട്ട്‌ ജോലിസ്‌ഥലത്തേക്കു മടങ്ങി.

Ads by Google
Advertisement
Wednesday 05 Sep 2018 12.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW