Monday, July 22, 2019 Last Updated 56 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 12.50 AM

ദുരിതബാധിതര്‍ക്ക്‌ സഹായമേകി മാതൃകയായി കുടുംബശ്രീ

കാക്കനാട്‌: പ്രളയത്തില്‍ സര്‍വ്വവും ഒലിച്ചുപോയി ദുരിതപാതയിലേക്കിറങ്ങേണ്ടി വന്നവര്‍ കാതങ്ങള്‍ക്കപ്പുറമുള്ള തുല്യ ദു:ഖിതര്‍ക്ക്‌ അന്നമൊരുക്കുന്ന കാഴ്‌ചയാണ്‌ കളമശേരിയിലെ കുടുംബശ്രീ സംഭരണ വിതരണ കേന്ദ്രത്തിലേത്‌. ദുരിതാശ്വാസ കിറ്റുകള്‍ പാക്ക്‌ ചെയ്യുന്നതിന്‌ 1000 വളണ്ടിയര്‍മാരെ നല്‍കാന്‍ കുടുംബശ്രീയോട്‌ ജില്ലാ കലക്‌ടര്‍ മുഹമ്മദ്‌ വൈ സഫീറുള്ള ആവശ്യപ്പെട്ടപ്പോള്‍ കളമശേരിയില്‍ സ്വന്തം നിലയില്‍ പാക്കിങ്‌ കേന്ദ്രം തന്നെ തുറന്ന്‌ കുടുംബശ്രീ ജില്ലാ മിഷന്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ അണിചേര്‍ന്നു. ഓഗസ്‌റ്റ് 30നാണ്‌ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയത്‌. ഇതുവരെ ഇരുപതിനായിരത്തിലേറെ കിറ്റുകള്‍ തയാറാക്കി നല്‍കി. ജില്ലയിലെ മുഴുവന്‍ സി.ഡി.എസ്‌. ഭാരവാഹികളും കുടുംബശ്രീയിലെ എല്ലാ ഉദ്യോഗസ്‌ഥരും ഉദ്യമത്തില്‍ പങ്കാളികളായി. ഈ കുടുംബശ്രീ വനിതകളില്‍ ഭൂരിഭാഗം പേരും പ്രളയത്തില്‍ പെടുകയും ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടുകയും ചെയ്‌തവരാണ്‌.
തുല്യ ദു:ഖിതരായ സഹജീവികള്‍ക്ക്‌ കിറ്റുകള്‍ തയാറാക്കാന്‍ ലഭിച്ച അവസരം വിലപ്പെട്ടതാണെന്ന്‌ കുടുംബശ്രീ അംഗങ്ങള്‍ പറയുന്നു. പ്രളയപ്പരപ്പില്‍ തങ്ങളെ ആരൊക്കെയോ സുരക്ഷിതരാക്കിയതുപോലെ മറ്റാര്‍ക്കൊക്കെയോ സേവനം ചെയ്യാന്‍ കിട്ടിയ അവസരം. വീട്ടിലും പരിസരത്തും പുനര്‍നിര്‍മാണ, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പലതുണ്ടായിട്ടും ഇക്കാരണത്താലാണ്‌ ഓരോരുത്തരും പാക്കിങ്‌ ജോലികളില്‍ പങ്കാളികളാകുന്നതെന്നും ഇവര്‍ പറഞ്ഞു. ഇതര സംസ്‌ഥാനങ്ങളില്‍ നിന്നടക്കം എത്തുന്ന സാധനങ്ങള്‍ ഓരോ കുടുംബത്തിനുമായി തരം തിരിച്ചു തയാറാക്കുകയാണ്‌ ചെയ്യേണ്ടത്‌. സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച എല്ലാ സാധനങ്ങളും കിറ്റില്‍ ഉള്‍പ്പെടുത്തണം.
സ്‌നേഹിതയിലെ ജീവനക്കാരും കുടുംബശ്രീ അംഗങ്ങളുടെ മക്കളില്‍ ദീന്‍ ദയാല്‍ ഉപാധ്യായ കൗശല്യ യോജനയില്‍ പരിശീലനം നേടുന്ന വിദ്യാര്‍ഥികളും യജ്‌ഞത്തില്‍ പങ്കാളികളാണ്‌. ഇതിനു പുറമേ ജില്ലയിലെ മറ്റു സംഭരണ വിതരണ കേന്ദ്രങ്ങളിലും കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ കര്‍മ്മനിരതരാണ്‌. കുടുംബശ്രീ വിതരണ കേന്ദ്രത്തിലെ പരമാവധി കയറ്റിറക്കു ജോലികളും വനിതകള്‍ തന്നെ ചെയ്യുന്നതും വേറിട്ട കാഴ്‌ചയാണ്‌. ഭാരം കൂടിയ ചുമടുകളിറക്കാന്‍ ചുമട്ടുതൊഴിലാളികളുടെ സേവനം തേടുന്നതൊഴിച്ചാല്‍ ട്രക്കില്‍ കയറി ചുമടിറക്കുന്നതും തയാറാക്കിയ ചുമടുകള്‍ കയറ്റുന്നതും ഇവരാണ്‌. ജോലി സമയം ക്രമീകരിച്ചതും മാതൃകാപരമായാണ്‌. രാവിലെ ഒമ്പത്‌ മുതല്‍ ഉച്ചക്ക്‌ രണ്ടു വരെ, രണ്ടു മുതല്‍ വൈകീട്ട്‌ ആറുവരെ, ആറു മുതല്‍ രാത്രി 10 വരെ മൂന്ന്‌ ഷിഫ്‌റ്റുകളാണുള്ളത്‌. ദൂരെനിന്നു വരുന്നവരെയാണ്‌ ആദ്യ ഷിഫ്‌റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. കൂടുതല്‍ പ്രായമുള്ളവരെയും ഇക്കൂട്ടത്തില്‍ പെടുത്തിയിട്ടുണ്ട്‌.
രണ്ടു മണിയോടെ ഇവരെ ഇരുന്നു ചെയ്യാവുന്ന ലളിതമായ ജോലികള്‍ക്ക്‌ നിയോഗിക്കും. രണ്ടാമത്തെ ഷിഫ്‌റ്റ് കഴിഞ്ഞിറങ്ങുന്നവര്‍ ശുചീകരണ ജോലികളിലേക്കു തിരിയും. അവസാന ഷിഫ്‌റ്റ് 10 മണി വരെയാണെങ്കിലും പലപ്പോഴും ഒരു മണിക്കൂറോളം അധികവുമെടുക്കും. മേല്‍നോട്ടം വഹിക്കാന്‍ പ്രത്യേകിച്ച്‌ ആരുമില്ലെന്നതും പ്രത്യേകതയാണ്‌. ഓരോരുത്തരും ഏതു ജോലിയും ചെയ്യും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്ന ഓരോരുത്തരും തൊഴിലാളികളായി മാറണമെന്ന്‌ ജില്ലാ മിഷന്‍ ഉദ്യോഗസ്‌ഥര്‍ ഒരുമിച്ചെടുത്ത തീരുമാനമാണെന്ന്‌ അസി. കോ ഓര്‍ഡിനേറ്റര്‍ ടി.എം. റജീന പറഞ്ഞു. പ്രളയത്തിനു മുന്നില്‍ എല്ലാവരും തുല്യരായിരുന്നു എന്ന്‌ പ്രകൃതി പഠിപ്പിച്ച പാഠം ഉള്‍ക്കൊണ്ടെടുത്ത തീരുമാനമാണിതെന്നും അവര്‍ പറഞ്ഞു.

Ads by Google
Advertisement
Wednesday 05 Sep 2018 12.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW