Saturday, September 08, 2018 Last Updated 13 Min 27 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 12.49 AM

പാല്‍ ഉല്‍പ്പാദനം കുത്തനെ കുറഞ്ഞു; ക്ഷീരമേഖല പ്രതിസന്ധിയില്‍

uploads/news/2018/09/245888/2.jpg

ആലപ്പുഴ: പ്രളയത്തില്‍ ക്ഷീരമേഖലയും പ്രതിസന്ധിയില്‍. പാല്‍ ഉല്‍പ്പാദനം കുത്തനെ കുറഞ്ഞു. സംസ്‌ഥാന മില്‍മ മാര്‍ക്കറ്റിങ്‌ ഫെഡറേഷനു താഴെയുള്ള ഗ്രാമീണ മില്‍മ സംഘങ്ങളില്‍ പാല്‍ സംഭരണം നടക്കാത്തതിനാല്‍ സംഘങ്ങളും പ്രതിസന്ധിയിലേക്ക്‌ നീങ്ങുകയാണ്‌.
മൃഗസംരക്ഷണ-ക്ഷീരവികസന ഉദ്യോഗസ്‌ഥരെത്തി മൂന്നുദിവസത്തിനകം വസ്‌തുനിഷ്‌ഠമായ കണക്കെടുപ്പു നടത്തണമെന്നു മൃഗസംരക്ഷണ മന്ത്രി കെ. രാജു നിര്‍ദേശം നല്‍കി. ആലപ്പുഴയില്‍ മൃഗസംരക്ഷണ-ക്ഷീരവികസന ഉദ്യോഗസ്‌ഥരുടെ യോഗത്തില്‍വച്ചാണ്‌ അദ്ദേഹം നിര്‍ദേശം നല്‍കിയത്‌.
ഒരാഴ്‌ചത്തേക്കു കൂടി കാലിത്തീറ്റ സൗജന്യമായി നല്‍കാന്‍ ജില്ലയില്‍ നടപടിയെടുത്തിട്ടുണ്ട്‌. പ്രളയാനന്തര സാഹചര്യം പരിഗണിച്ചു ക്ഷീരമേഖലയില്‍ ഈ വര്‍ഷം നടപ്പാക്കുന്ന പദ്ധതികളില്‍ അനിവാര്യമല്ലാത്തവ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പദ്ധതികളിലേക്കു വഴി തിരിച്ചുവിടും. ഈമേഖലയില്‍ നഷ്‌ടം വന്നവരെ കൈപിടിച്ചുയര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നു മന്ത്രി പറഞ്ഞു.
പ്രളയബാധിതരായ ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ വിവിധ പരിപാടികളാണു വകുപ്പ്‌ ആലോചിക്കുന്നത്‌. പശുക്കള്‍ നഷ്‌ടമായവര്‍ക്കു പകരം പശുവല്ലെങ്കില്‍ പണമെന്നത്‌ ആലോചനയിലുണ്ട്‌. നിലവിലെ കേന്ദ്രസഹായവും സി.എം.ഡി.ആര്‍.എഫും ചേര്‍ത്താണ്‌ പശു നഷ്‌ടമായവര്‍ക്ക്‌ 30000 രൂപ സഹായധനം നല്‍കുന്നത്‌.
ഇത്‌ നഷ്‌ടപരിഹാരമെന്നു പറയാന്‍ കഴിയില്ല. എന്നാല്‍ സംസ്‌ഥാനത്ത്‌ 9000 പശുക്കള്‍ നഷ്‌ടമായതിന്‌ ഓരോന്നിനും ഈ തുക നല്‍കുമ്പോള്‍ മോശമല്ലാത്ത ഒരു സഹായമാണ്‌. സംഘങ്ങളില്‍ പാലളക്കാത്ത ക്ഷീരകര്‍ഷകരെയും വിവരശേഖരണത്തില്‍ ഉള്‍പ്പെടുത്തണമെന്നും അവര്‍ക്കും സഹായം കിട്ടണമെന്നാണു വകുപ്പിന്റെ താല്‍പ്പര്യമെന്നും മന്ത്രി പറഞ്ഞു.
ഈ മേഖലയിലെ എല്ലാവരും ഒന്നിച്ചു നിന്നാല്‍ മൂന്നുമാസത്തിനകം ഇന്നത്തെ പ്രതിസന്ധിയില്‍ നിന്നു നമുക്ക്‌ കരകയറാനാകും. മില്‍മ, ക്ഷീരസംഘങ്ങള്‍ എന്നിവയ്‌്ക്കു ഇതില്‍ വലിയ പങ്കുണ്ട്‌. കണക്കെടുപ്പും തുടര്‍ന്നുള്ള നഷ്‌ടപരിഹാരം നല്‍കലും എല്ലാ വകുപ്പുകളും പരസ്‌പരം അറിഞ്ഞുവേണം ചെയ്യാന്‍. പരമാവധി ആളുകള്‍ക്ക്‌ സഹായമെത്തിക്കുക എന്നതാകണം ലക്ഷ്യമെന്നു മന്ത്രി പറഞ്ഞു.
ജില്ലയില്‍ മൃഗസംരക്ഷണ, ക്ഷീരവികസന മേഖലയില്‍ രൂപീകരിച്ചിട്ടുള്ള ദുരന്തനിവാരണ സമതി രണ്ടുദിവസവും യോഗം ചേര്‍ന്ന്‌ ഗുണഭോക്‌തൃപട്ടിക പരിശോധിക്കണം. പുല്‍ക്കൃഷിക്കു പ്രാധാന്യം നല്‍കുന്ന രീതിയില്‍ ചില പദ്ധതികളില്‍ മാറ്റം വരുത്തും. വെള്ളം കെട്ടി നില്‍ക്കുന്ന സ്‌ഥലങ്ങളില്‍ മില്‍മയുടെ നേതൃത്വത്തില്‍ പുല്ല്‌ നല്‍കുന്നത്‌ കുറച്ചുകാലം കൂടി തുടരേണ്ടതുണ്ട്‌.
ജില്ലാതല ദുരന്ത നിവാരണ ഏകോപന സമിതിയില്‍ മില്‍മയുടെ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ച മന്ത്രി ജില്ലയില്‍നിന്നുള്ള മറ്റു നിര്‍ദേശങ്ങള്‍ സംസ്‌ഥാന തലത്തില്‍ പരിഗണിക്കുമെന്നും അറിയിച്ചു.യോഗത്തില്‍ മില്‍മ മേഖല ചെയര്‍മാന്‍ കല്ലട രമേശ്‌, ജില്ല മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സുനില്‍കുമാര്‍, ക്ഷീരവികസന ഡപ്യൂട്ടി ഡയറക്‌ടര്‍ ശ്രീലത, മില്‍മ സീനിയര്‍ മാനേജര്‍ ഡോ. മുരളി, ദുരന്തനിവാരണ സമിതി ചെയര്‍മാന്‍ ധ്യാനസുതന്‍, ശശികുമാര്‍, ക്ഷീരവികസന വകുപ്പ്‌ ജോയിന്റ്‌ ഡയറക്‌ടര്‍ എ. ഗീത മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Wednesday 05 Sep 2018 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW