Wednesday, November 21, 2018 Last Updated 53 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 12.49 AM

ബണ്ടിലെ മണല്‍ചിറ ജലസേചന വകുപ്പിനെതിേര പഞ്ചായത്ത്‌ പ്രക്ഷോഭത്തിന്‌

ചേര്‍ത്തല: തണ്ണീര്‍മുക്കം ബണ്ടിലെ മണലിനായി പിടിവലി. ജലസേചന വകുപ്പിനെതിരെ പഞ്ചായത്ത്‌ പ്രക്ഷോഭത്തിന്‌.
മണല്‍ച്ചിറ പൊളിക്കുമ്പോള്‍ ലഭിക്കുന്ന മണല്‍ പഞ്ചായത്തിന്‌ തിരികെ നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ പത്തിന്‌ ഉച്ചയ്‌ക്ക്‌ മൂന്നിന്‌ ബണ്ടിന്‌ സമീപം ജനകീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കാന്‍ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം തീരുമാനിച്ചു. മണലിനായി തണ്ണീര്‍മുക്കം, വെച്ചൂര്‍ പഞ്ചായത്തുകളും ധീവരസഭയും അവകാശവാദം ഉന്നയിക്കുകയും ചിലര്‍ കോടതിയെ സമീപിക്കുകയും ചെയ്‌തിരുന്നു. ചിറ പൊളിച്ച്‌ മണല്‍ സുരക്ഷിത കേന്ദ്രത്തില്‍ സൂക്ഷിക്കാന്‍ ഇറിഗേഷന്‍ വകുപ്പ്‌ നീക്കം തുടങ്ങിയതോടെയാണ്‌ പഞ്ചായത്ത്‌ പ്രതിഷേധവുമായി രംഗത്തെത്തിയത്‌. ബണ്ടിന്റെ നിര്‍മാണ ഘട്ടത്തില്‍ നാല്‍പ്പത്‌ വര്‍ഷം മുന്‍പ്‌ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കഴിയുന്നവര്‍ സൗജന്യമായി നല്‍കിയ മണല്‍ ഉപയോഗിച്ചാണ്‌ ചിറ നിര്‍മിച്ചതെന്നും അയ്യായിരത്തോളം പേര്‍ നിര്‍മാണത്തില്‍ പ്രതിഫലം വാങ്ങാതെ പങ്കാളികളായതായും ബണ്ട്‌ നിര്‍മാണം പൂര്‍ത്തിയായ ശേഷം പല തരത്തിലുള്ള ദുരിതങ്ങളാണ്‌ തീരവാസികള്‍ അനുഭവിക്കേണ്ടി വന്നതെന്നും പ്രസിഡന്റ്‌ പി.എസ്‌. ജ്യോതിസ്‌ പറഞ്ഞു.
ബണ്ടിന്റെ ഷട്ടറുകള്‍ താഴ്‌ത്തുമ്പോള്‍ അടിഞ്ഞ്‌ കൂടുന്ന മാലിന്യവും രാസവളങ്ങളും കീടനാശിനികളും മൂലം മേഖലയിലെ കുടിവെളള സ്രോതസുകള്‍ മലിനമായത്‌ പൊതുജന ആരോഗ്യത്തിന്‌ കടുത്ത വെല്ലുവിളിയാണ്‌ സൃഷ്‌ടിച്ചത്‌. കായലോര മേഖലയില്‍ നടത്തിയ സര്‍വേയില്‍ നൂറ്‌ കണക്കിന്‌ ആള്‍ക്കാര്‍ക്ക്‌ ക്യാന്‍സര്‍ ബാധിച്ചതായി കണ്ടെത്തിയിരുന്നു.
ബണ്ട്‌ നിര്‍മാണം ആരംഭിക്കുന്ന ഘട്ടത്തില്‍ തീരസംരക്ഷണത്തിന്‌ കല്‍കെട്ട്‌ നിര്‍മിക്കുമെന്ന്‌ വാഗ്‌ദാനം നല്‍കിയിരുന്നെങ്കിലും പാലിക്കപ്പെട്ടിട്ടില്ലെന്നും വിമര്‍ശനമുണ്ട്‌. മണല്‍ ലേലം ചെയ്യാനുള്ള ഇറിഗേഷന്‍ വകുപ്പിന്റെ നടപടി പഞ്ചായത്ത്‌ രാജ്‌ ആക്‌ടിന്‍മേലുളള കടന്നുകയറ്റമാണെന്ന്‌ യോഗം വിലയിരുത്തി.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മണല്‍ താല്‍കാലികമായി സൂക്ഷിക്കുന്നിതിന്‌ ഭരണ സമിതി അനുമതി നല്‍കിയിട്ടും മഴ പെയ്‌താല്‍ ഒഴുകി പോകുന്ന തരത്തില്‍ കായലിനോട്‌ ചേര്‍ന്നുള്ള താഴ്‌ന്ന മേഖലയില്‍ മണല്‍ നിക്ഷേപിക്കാന്‍ ഇറിഗേഷന്‍ വകുപ്പ്‌ ശ്രമിക്കുന്നതിന്‌ പിന്നില്‍ ദുരൂഹതയുണ്ടെന്ന്‌ യോഗം ചൂണ്ടിക്കാട്ടി. മോഷ്‌ടാക്കള്‍ക്ക്‌ സഹായകരമായ തീരുമാനം പൊതുമുതല്‍ നശീകരണത്തിന്റെ ഭാഗമായിട്ടുളളതാണെന്നും യോഗം വിലയിരുത്തി. യോഗത്തില്‍ പി.എസ്‌ ഷാജി, കെ. പത്മാവതിയമ്മ, കെ.ജെ സെബാസ്‌റ്റ്യന്‍, എം.സി ടോമി, എസ്‌. പ്രകാശന്‍, വിനോദ്‌ പുഞ്ചച്ചിറ, ടി.എസ്‌ ഷൈലേഷ്‌, ഷാജി തണ്ണീര്‍മുക്കം എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Wednesday 05 Sep 2018 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW