Friday, September 21, 2018 Last Updated 0 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 12.49 AM

നിരന്തര അവഗണന ഗ്രാമപഞ്ചായത്തംഗം സി.പി.എം. വിടുന്നു

മാവേലിക്കര: നിരന്തരമായ അവഗണനയില്‍ മനംനൊന്ത്‌ ഗ്രാമപഞ്ചായത്തംഗമായ സി.പി.എം. നേതാവ്‌ പാര്‍ട്ടി വിടുന്നു. 15 വര്‍ഷമായി സി.പി.എം. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത്‌ 16-ാം വാര്‍ഡംഗവുമായ എസ്‌. ശശിയാണ്‌ പാര്‍ട്ടി വിടുന്നത്‌.
സി.പി.ഐയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാനാണു തീരുമാനം. ചെട്ടികുളങ്ങര പടിഞ്ഞാറ്‌ ലോക്കല്‍ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു. ആറുവര്‍ഷം സി.പി.എം. മാവേലിക്കര ഏരിയാ കമ്മിറ്റിയംഗവുമായിരുന്നു. ഏറ്റവും കൂടുതല്‍ കാലം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിനിന്ന്‌ പാര്‍ട്ടിയെ ശക്‌തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക്‌ വഹിച്ച ഇദ്ദേഹത്തോട്‌ കുറേ നാളായി പാര്‍ട്ടി നേതൃത്വം അവഗണന കാട്ടുകയായിരുന്നു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സ്‌ഥാനത്തുനിന്ന്‌ ഒഴിഞ്ഞതിനു ശേഷം പ്രത്യേക കാരണം കൂടാതെ ഏരിയാ കമ്മിറ്റിയില്‍നിന്ന്‌ ഒഴിവാക്കി.
പിന്നീട്‌ പാര്‍ട്ടി പരിപാടിയില്‍നിന്നു പോലും മാറ്റി നിര്‍ത്തുന്ന സ്‌ഥിതിയുണ്ടായി. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ 240 ലേറെ വോട്ടുകള്‍ക്കാണു വിജയിച്ചത്‌. ഇതിനു ശേഷം ഗ്രാമപഞ്ചായത്ത്‌ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ സ്‌ഥാനത്തേക്കു പരിഗണിച്ചെങ്കിലും നല്‍കിയില്ല. ആ സ്‌ഥാനത്തേക്കു സര്‍വീസ്‌ സംഘടനാ രംഗത്തുനിന്നു പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയിലേക്ക്‌ ആദ്യമായി എത്തിയ വ്യക്‌തിയെയാണു പരിഗണിച്ചത്‌. ഇതു വിവാദമായതിനെത്തുടര്‍ന്ന്‌ രണ്ടരവര്‍ഷം വീതം ഇരുവര്‍ക്കും നല്‍കാമെന്ന ധാരണയില്‍ പാര്‍ട്ടിയെത്തി. എന്നാല്‍ തീരുമാനം നടപ്പാക്കാന്‍ നേതൃത്വം തയാറായില്ല. പാര്‍ട്ടിയാകട്ടെ പിന്നീട്‌ തുടര്‍ച്ചയായി ഒറ്റപ്പെടുത്താനുള്ള നീക്കമാണു നടത്തിയതെന്ന്‌ ഇദ്ദേഹത്തോട്‌ അടുപ്പമുള്ളവര്‍ പറയുന്നു.
ഇതിനിടെ മാവേലിക്കര ഏരിയാ സെക്രട്ടറി ചര്‍ച്ചയ്‌ക്കായി സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും ഇത്‌ നടന്നില്ല. ഇതോടെയാണു പൂര്‍ണമായും പാര്‍ട്ടിയോട്‌ വിട പറയാന്‍ തീരുമാനിച്ചത്‌. ഡി.വൈ.എഫ്‌.ഐ. യൂണിറ്റ്‌ സെക്രട്ടറിയായി പൊതുപ്രവര്‍ത്തന രംഗത്തു വന്ന ഇദ്ദേഹം ഡി.വൈ.എഫ്‌.ഐ. മേഖലാ സെക്രട്ടറി, ഏരിയാ ജോ.സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. പിന്നീടാണ്‌ ലോക്കല്‍ കമ്മിറ്റിയുടെ സെക്രട്ടറിയാകുന്നത്‌.
മികച്ച സംഘാടകന്‍ കൂടിയായ ഇദ്ദേഹത്തെ പൂര്‍ണമായി അവഗണിക്കുന്നതിനു പിന്നില്‍ ചെട്ടികുളങ്ങര തെക്ക്‌ ലോക്കല്‍ കമ്മിറ്റിയിലെ ചില കോക്കസാണെന്നും ആക്ഷേപമുണ്ട്‌. നിലവില്‍ സി.പി.ഐക്ക്‌ പഞ്ചായത്തില്‍ അംഗങ്ങളില്ല. ദീര്‍ഘകാലം പാര്‍ട്ടിയുടെ വിശ്വസ്‌തനായ നേതാവ്‌ പാര്‍ട്ടി വിടാനെടുത്ത തീരുമാനം ഇതോടകം തന്നെ ഏറെ ചര്‍ച്ചയായിട്ടുണ്ട്‌. ഇദ്ദേഹത്തിന്റെ ഭാര്യ കഴിഞ്ഞ അഞ്ചുവര്‍ഷം ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റായിരുന്നു. ഇവര്‍ സി.പി.എമ്മില്‍ ഉറച്ചു നില്‍ക്കാനാണ്‌ തീരുമാനിച്ചിട്ടുള്ളത്‌.

Ads by Google
Advertisement
Wednesday 05 Sep 2018 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW