Thursday, November 15, 2018 Last Updated 0 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.55 AM

ദുരിതബാധിതര്‍ക്കുള്ള ഭക്ഷ്യവസ്‌തുക്കള്‍ കോണ്‍ഗ്രസ്‌ നേതാവിന്റെ മുറിയില്‍

മുക്കം: ദുരിതബാധിതര്‍ക്ക്‌ വിതരണം ചെയ്യാനായി എം.ഐ ഷാനവാസ്‌ എം.പി നല്‍കിയ ഭക്ഷ്യവസ്‌തുക്കള്‍ സ്വകാര്യ വ്യക്‌തിയുടെ മുറിയില്‍ നിന്നും കണ്ടെടുത്തു. ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരാണ്‌ 500 കിലോ അരിയടക്കമുള്ള ഭക്ഷ്യവസ്‌തുക്കള്‍ മുക്കം കുറ്റിപ്പാലക്കലിലെ ഒരു മുറിയില്‍ നിന്നും കണ്ടെത്തിയത്‌. തിങ്കളാഴ്‌ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. യൂത്ത്‌ കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജുനൈദ്‌ പാണ്ടികശാലയുടെ ഉടമസ്‌ഥതയിലുള്ളതാണ്‌ ഈ മുറി.
യൂത്ത്‌ കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റിന്റെ മുറിയില്‍ അരിയടക്കുള്ള വസ്‌തുക്കള്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്നാണ്‌ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരെത്തി പരിശോധന നടത്തിയത്‌. മുറിയുടെ ജനവാതില്‍ തുറന്നപ്പോള്‍ ഭക്ഷ്യവസ്‌തുക്കള്‍ കണ്ടു. ഇതോടെ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മുറിക്കു മുന്നില്‍ ഉപരോധ സമരം നടത്തി. ഡി.വൈ.എഫ്‌.ഐ നേതാക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ പോലീസെത്തി വാതില്‍ തുറന്ന്‌ ഭക്ഷ്യ വസ്‌തുക്കള്‍ പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ കൊണ്ടുപോയി. മുക്കം എസ്‌.ഐ കെ.പി അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഭക്ഷ്യവസ്‌തുക്കള്‍ സ്‌റ്റേഷനിേലക്ക്‌ കൊണ്ടുപോയത്‌.
ഭക്ഷ്യവസ്‌തുക്കള്‍ പൂഴ്‌ത്തിയതല്ലെന്നും മുക്കം മണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റിക്ക്‌ ഓഫീസ്‌ ഇല്ലാത്തതിനാല്‍ തന്റെ മുറിയില്‍ കൊണ്ടു വച്ചതാണെന്നും ജുനൈദ്‌ പാണ്ടികശാല പറഞ്ഞു. മണ്ഡലത്തിലെ 33 ബൂത്തു കമ്മിറ്റികളിലെ ദുരിതബാധിതര്‍ക്ക്‌ വിതരണം ചെയ്യാനായി എം.പി തന്നതാണെന്നും വേണ്ടത്ര സാധനം എത്താത്തതിനാലാണ്‌ വിതരണം ചെയ്യുന്നതില്‍ കാലതാമസം വന്നതെന്നും അദ്ദേഹം പറഞ്ഞു. ഓരോ ബൂത്തിലും 30 കിറ്റുകള്‍ വീതം വിതരണം ചെയ്യാനാണ്‌ എം.പി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം സംഭവവുമായി മണ്ഡലം കമ്മിറ്റിക്ക്‌ യാതൊരു ബന്ധവുമില്ലെന്നും തന്റെ അറിവോടെയല്ല ഭക്ഷ്യവസ്‌തുക്കള്‍ സ്വകാര്യ വ്യക്‌തിയുടെ മുറിയില്‍ സൂക്ഷിച്ചതെന്നും കോണ്‍ഗ്രസ്‌ മുക്കം മണ്ഡലം പ്രസിഡന്റ്‌ ഇ.പി അരവിന്ദന്‍ പറഞ്ഞു.
മലയോര മേഖലയിലെ മറ്റു മണ്ഡലങ്ങളില്‍ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ കിറ്റുകള്‍ വിതരണം ചെയ്‌തപ്പോള്‍ മുക്കത്ത്‌ യൂത്ത്‌ കോണ്‍ഗ്രസിനാണ്‌ ചുമതല നല്‍കിയതെന്ന്‌ അദ്ദേഹം ആരോപിച്ചു. ദുരിതബാധിതര്‍ക്ക്‌ നല്‍കാന്‍ എം.പി നല്‍കിയ അവശ്യവസ്‌തുക്കള്‍ അനര്‍ഹര്‍ക്ക്‌ നല്‍കിയിട്ടുണ്ടെന്ന്‌ മുക്കം നഗരസഭയിലെ പ്രതിപക്ഷ കൗണ്‍സിലര്‍ മാരും പറഞ്ഞു.അതേസമയം വൈകുന്നേരത്തോടെ എം.പി.യുടെ കത്തുമായെത്തിയ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്ക്‌ പോലിസ്‌ അരി വിട്ടു നല്‍കി .

Ads by Google
Advertisement
Tuesday 04 Sep 2018 12.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW