Monday, April 22, 2019 Last Updated 3 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.06 AM

വെള്ളത്തൂവലില്‍ 68 കോടിയുടെ നാശനഷ്‌ടം

uploads/news/2018/09/245629/1.jpg

അടിമാലി:വെള്ളത്തൂവല്‍ പഞ്ചായത്തില്‍ 68 കോടിയുടെ നാശനഷ്‌ടം. 205 കര്‍ഷകരുടെ 25 ഹെക്‌ടര്‍ കൃഷി ഭൂമിയാണു തകര്‍ന്നത്‌. ആനവിരട്ടിയിലെ 10 ഹെക്‌ടറോളം വരുന്ന പാടശേഖരം നശിച്ചു. 193 വീടുകള്‍ നാമാവശേഷമായി. 286 വീടുകള്‍ താമസയോഗ്യമല്ലാതായി മാറി. 396 വീടുകള്‍ ഭാഗികമായും നശിച്ചു.
29 കിണറുകള്‍ ഇല്ലാതായി. 29 ടോയ്‌ലറ്റുകള്‍, കാലിത്തൊഴുത്തുകള്‍, 19 കന്നുകാലികള്‍ അടക്കമുള്ള വലിയൊരു വിഭാഗം വളര്‍ത്തുമൃഗങ്ങള്‍ എന്നിവയെല്ലാം നശിച്ചു. 20 കോടി രൂപയുടെ ഗ്രാമീണ റോഡുകളും തകര്‍ന്നു. ആനവിരട്ടി സര്‍ക്കാര്‍ എല്‍.പി. സ്‌കൂള്‍, എല്‍ക്കുന്ന്‌, അമ്പഴച്ചാല്‍ എന്നിവിടങ്ങളിലെ അംഗന്‍വാടികള്‍, പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ മാങ്കടവിലെ സബ്‌ സെന്റര്‍, വെള്ളത്തൂവലിലെ ഡോക്‌ടര്‍മാര്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സുകള്‍ തുടങ്ങിയ പൊതു സ്‌ഥാപനങ്ങള്‍ക്കും നാശം സംഭവിച്ചു. ഓണാവധി കഴിഞ്ഞ്‌ സ്‌കൂള്‍ തുറന്നെങ്കിലും ആനവിരട്ടിയില്‍ ക്ലാസുകള്‍ തുടങ്ങാനായില്ല.
കൊച്ചി-ധനുഷ്‌കോടി 85, അടിമാലി-കുമളി 185 എന്നീ ദേശീയപാതകളുടെ പഞ്ചായത്ത്‌ പരിധിയിലൂടെ കടന്നു പോകുന്ന വിവിധ ഭാഗങ്ങളിലാണ്‌ ഉരുള്‍പൊട്ടലും മലയിടിച്ചിലും ഉണ്ടായി തകര്‍ന്നത്‌. കത്തിപ്പാറ, കല്ലാര്‍കുട്ടി എന്നിവിടങ്ങളിലെ ദേശീയപാത പൂര്‍ണമായും ഇടിഞ്ഞു താഴ്‌ന്നതോടെ ദിവസങ്ങളുടെ പ്രയത്‌നത്തിലൊടുവിലാണു താല്‍ക്കാലികമായെങ്കിലും ഇതുവഴി ഗതാഗതം പുനഃസ്‌ഥാപിച്ചത്‌. ചെറിയ വാഹനങ്ങള്‍ കടത്തിവിട്ടിരുന്ന 200 ഏക്കര്‍, നായ്‌ക്കുന്ന്‌, മാങ്കടവ്‌, തോട്ടാപ്പുര റോഡിലും പലയിടങ്ങളിലും വിള്ളലുകളും മണ്ണിടിച്ചിലും ഉണ്ടായതോടെ ഈ റോഡുകളും തകര്‍ന്നു.
പൊതുമരാമത്ത്‌ റോഡുകളായ അമ്പഴച്ചാല്‍-ചെങ്കുളം, നായ്‌ക്കുന്ന്‌-കല്ലാര്‍കുട്ടി-മാങ്കടവ്‌, മാങ്കടവ്‌-ഓടയ്‌ക്കാസിറ്റി എന്നീ റോഡുകളില്‍ വന്‍തോതില്‍ നാശമാണു സംഭവിച്ചത്‌. അമ്പഴച്ചാല്‍-മാങ്ങാപ്പാറ റോഡ്‌ അന്‍പതു മീറ്റര്‍ നീളത്തില്‍ മുറിഞ്ഞ്‌ അരക്കിലോമീറ്റര്‍ താഴേക്ക്‌ ഇടിഞ്ഞു മാറിയ നിലയിലാണ്‌. ഇവിടെ മാത്രം എട്ടുകോടി രൂപ മുടക്കിയാല്‍ മാത്രമേ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയൂ. പന്നിയാര്‍കുട്ടിയില്‍നിന്നും പോത്തുപാറയ്‌ക്ക്‌ കടക്കാനായി ആറിനു കുറുകെ നിര്‍മിച്ചിരുന്ന 200 മീറ്ററോളം നീളമുള്ള പാലം കുത്തിയൊലിച്ചുപോയി. ഒരു കോടി എഴുപതു ലക്ഷത്തോളം രൂപയാണു നിര്‍മാണത്തിനായി എസ്‌റ്റിമേറ്റ്‌ എടുത്തിരിക്കുന്നത്‌. ആനവിരട്ടിക്കു സമീപത്തെ ആദ്യ സ്വകാര്യ വൈദ്യുതി നിലയമായ വിയാറ്റ്‌ പവര്‍ഹൗസില്‍ കഴിഞ്ഞ ഒന്‍പതിനുണ്ടായ ഉരുള്‍പൊട്ടലില്‍ 15 കോടിയുടെ നാശമുണ്ടായി. പിന്നീട്‌ 15-നും ഉരുള്‍പൊട്ടി ബാക്കിയുള്ള യന്ത്രസാമഗ്രികള്‍ കൂടി നശിച്ചതോടെ നഷ്‌ടം 20 കോടിക്കു മുകളിലേക്ക്‌ ഉയര്‍ന്നു. പഞ്ചായത്ത്‌ പരിധിയില്‍ 1,2,8,9,11,12,14,15 എന്നീ വാര്‍ഡുകളിലാണു നാശം ഏറെയും സംഭവിച്ചത്‌. എട്ടിടങ്ങളിലാണു വന്‍ ഉരുള്‍പൊട്ടലുകളുണ്ടായത്‌. തോട്ടാപ്പുര, നായ്‌ക്കുന്ന്‌, വടക്കേ ആയിരമേക്കര്‍, അമ്പഴച്ചാല്‍, പനംകൂട്ടി, വെള്ളത്തൂവല്‍, പോത്തുപാറ, കുത്തുപാറ എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലുകളിലാണ്‌ റോഡുകളും വീടുകളും കൂടുതല്‍ തകര്‍ന്നടിഞ്ഞത്‌. എല്ലക്കല്ലില്‍ 14-ന്‌ രാത്രിയുണ്ടായ ഉരുള്‍പൊട്ടലിലാണ്‌ ആടിയനാല്‍ ത്രേസ്യാമ്മ വര്‍ക്കിയെന്ന വീട്ടമ്മ മരിച്ചത്‌.
പോത്തുപാറയിലുണ്ടായ ഉരുള്‍പൊട്ടലുകളില്‍ മാത്രം 60 വീടുകളാണു നശിച്ചത്‌. കൂമ്പന്‍പാറയില്‍ ചിപ്‌സ്‌ ഉല്‍പ്പാദനക്കമ്പനി നാമാവശേഷമായി. കൂമ്പന്‍പാറയില്‍ മൂന്നു ലക്ഷം രൂപ ചെലവഴിച്ചു പഴയരി റഷീദ്‌ നിര്‍മിച്ച കിണര്‍ ഉള്‍പ്പടെ നിരവധി പൊതു കുളങ്ങളും കുടിവെള്ള സ്രോതസുകളും ഇല്ലാതായി. നൂറുകണക്കിന്‌ ഏക്കര്‍ കൃഷിഭൂമിയും നിരവധി വീടുകളും റോഡുകളും വിണ്ടുകീറി പിളര്‍ന്ന നിലയിലാണ്‌.
തോട്ടാപ്പുരയില്‍ കാരക്കൊമ്പില്‍ ജോര്‍ജിന്റെ പത്തു കന്നുകാലികള്‍ അടക്കമുള്ള പശുഫാം, ആറേക്കറോളം സമ്പുഷ്‌ടമായ കൃഷിത്തോട്ടമടക്കമാണ്‌ ഉരുള്‍പൊട്ടി കല്ലാര്‍കുട്ടി അണക്കെട്ടില്‍ പതിച്ചത്‌. കത്തിപ്പാറയിലെ വൈദ്യുതി വകുപ്പ്‌ ക്വാര്‍ട്ടേഴ്‌സിലെ നൂറുകണക്കിനു വീടുകളിലേക്കു കുടിവെള്ളമെത്തിക്കുന്നത്‌ അണക്കെട്ടില്‍ നിന്നുമാണ്‌. വളര്‍ത്തുമൃഗങ്ങളടക്കമുള്ളവ വെള്ളത്തില്‍ അഴുകിച്ചേര്‍ന്നതോടെ പദ്ധതിയും പ്രതിസന്ധിയിലായി.
വടക്കേ ആയിരമേക്കറിലുണ്ടായ കനത്ത ഉരുള്‍പൊട്ടലില്‍ പത്തേക്കറോളം വരുന്ന കൃഷിയിടമെല്ലാം ഇടിഞ്ഞിറങ്ങി പോയിരുന്നു. കവറുമുണ്ടയില്‍ തങ്കച്ചന്‍, ചേലാട്ട്‌ സുരേഷ്‌, വിനീഷ്‌, പ്രിന്‍സ്‌, പുള്ളോലില്‍ ശിവരാജന്‍, പ്രദേശവാസികളായ ജോണി, ജോഷി എന്നിവരുടെയെല്ലാം പതിറ്റാണ്ടുകളുടെ പ്രയത്‌നമാണു കുത്തിയൊലിച്ചു പോയത്‌. നായ്‌ക്കുന്നില്‍ ഉണ്ടായ കൂറ്റന്‍ മലയിടിച്ചിലില്‍ പുന്നാനിക്കാട്ട്‌ പി.കെ. രാജന്റെ നാലേക്കറോളം കൃഷിയിടവും ദേഹണ്ഡങ്ങളും പാടേ നശിച്ചു. കത്തിപ്പാറ സ്‌കൂള്‍ കെട്ടിടം, പഞ്ചായത്ത്‌ കമ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളില്‍ അവശേഷിക്കുന്ന രണ്ടു ദുരിതാശ്വാസ ക്യാമ്പുകളില്‍ 22 കുടുംബങ്ങളിലെ അറുപതു പേരാണ്‌ അവശേഷിക്കുന്നത്‌.

Ads by Google
Advertisement
Tuesday 04 Sep 2018 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW