Thursday, November 15, 2018 Last Updated 0 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.05 AM

വീടു തകര്‍ന്നു; ജീവിതം വഴിമുട്ടി മനോജ്‌

uploads/news/2018/09/245622/3.jpg

ആലപ്പുഴ: തകര്‍ന്നു വീഴാന്‍ തയാറായിനിന്ന ഓലപ്പുര പൊളിച്ച്‌ കെട്ടുറപ്പുള്ളൊരു വീടുണ്ടാക്കാന്‍ ലൈഫ്‌ പദ്ധതിയിലെ നൂലാമാലകള്‍ക്കു പിന്നാലേ നടക്കവേ കാലവര്‍ഷം മനോജിന്റെ വീട്‌ കവര്‍ന്നെടുത്തു. ജീവിതം വഴിമുട്ടിയതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്‌ഥയിലാണ്‌ മനോജും അമ്മ രത്‌നകുമാരിയും.
പെയിന്റിങ്‌ തൊഴിലാളിയായ കരുവാറ്റ പഞ്ചായത്ത്‌ പതിനൊന്നാംവാര്‍ഡ്‌ പുത്തന്‍കണ്ടത്തില്‍ മനോജിന്റെ (36) വീട്‌ കഴിഞ്ഞ 18ന്‌ പുലര്‍ച്ചെയാണു കനത്ത മഴയില്‍ നിലംപൊത്തിയത്‌. ഈ സമയം സഹോദരി മഞ്‌ജുവും ഭര്‍ത്താവും രണ്ടു കുട്ടികളും ഉള്‍പ്പടെ വീട്ടിലുണ്ടായിരുന്നു. ഭര്‍ത്തൃവീട്ടില്‍ വെള്ളം കയറിയതിനെത്തുടര്‍ന്നാണു മഞ്‌ജുവും കുടുംബവും ഇവിടേക്കെത്തിയത്‌. പുലര്‍ച്ചെ രത്‌നകുമാരി ഉണര്‍ന്ന സമയത്താണ്‌ വീട്‌ ചരിയുന്നത്‌ ശ്രദ്ധയില്‍പ്പെട്ടത്‌. ഉടന്‍തന്നെ എല്ലാവരും പുറത്തിറങ്ങിയതുകൊണ്ട്‌ മറ്റ്‌ അപകടമൊന്നുമുണ്ടായില്ല.
പ്രദേശത്ത്‌ അവശേഷിച്ച ഓലപ്പുരയാണിത്‌. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ അച്‌ഛന്‍ മരിച്ചതോടെ സഹോദരിയുടെ വിവാഹം ഉള്‍പ്പെടെയുള്ള പ്രാരാബ്‌ധങ്ങള്‍ മനോജിന്റെ ചുമലിലായി. കുറച്ചുകാലം ഡ്രൈവറായി ജോലി ചെയ്‌ത ശേഷമാണ്‌ പെയിന്റിങ്ങിലേക്കു മാറിയത്‌.ലൈഫ്‌ പദ്ധതി പ്രകാരം വീടിനുള്ള സഹായത്തിനായി രത്‌നകുമാരിയും അപേക്ഷ നല്‍കിയിരുന്നു. ജീവിതത്തേക്കാള്‍ പ്രതിസന്ധികളാണു ലൈഫില്‍ ഇരുവരെയും കാത്തിരുന്നത്‌. രണ്ടുപേര്‍ക്കുമായി 27 സെന്റ്‌ ഭൂമിയാണ്‌. ഇതില്‍ ഒമ്പതുസെന്റ്‌ മാത്രമേ പുരയിടമുള്ളൂ. ബാക്കി തൈക്കൂനകളുള്ള മുണ്ടകപ്പാടമാണ്‌. 25 സെന്റില്‍ കൂടുതലുണ്ടെങ്കില്‍ പദ്ധതിപ്രകാരം ആനുകൂല്യം ലഭിക്കില്ല. രണ്ടാളിന്റെയും പേരില്‍ വസ്‌തു ഭാഗിച്ചാല്‍ പ്രശ്‌നം തീരുമെന്ന ഉപദേശപ്രകാരം അമ്മയുടെ പേരിലേക്ക്‌ എട്ടുസെന്റ്‌ എഴുതിവച്ചു.പ്രതീക്ഷയോടെ വീണ്ടും വില്ലേജ്‌ ഓഫീസിലെത്തിയപ്പോഴാണ്‌ അടുത്ത കുരുക്ക്‌, അപേക്ഷിക്കുന്നയാളിന്റെ പേരുമാത്രമേ റേഷന്‍ കാര്‍ഡിലുണ്ടാവൂ. അമ്മയുടെ പേരില്‍ പുതിയ കാര്‍ഡെടുക്കണം.
ഈ നെട്ടോട്ടത്തിനിടെയാണു കാലവര്‍ഷം കനത്തതും വീട്‌ തകര്‍ന്നതും. ഇതിനിടെ, പുതിയ വീടിന്റെ നിര്‍മാണത്തിനുള്ള സാമഗ്രികള്‍ വീട്ടിലെത്തിക്കാന്‍ പതിനായിരത്തോളം രൂപ മുടക്കി തൊട്ടടുത്തെ തോട്ടില്‍ മനോജ്‌ ഒരു തടിപ്പാലമുണ്ടാക്കിയിരുന്നു. അതും വെറുതെയായി.ദ്രവിച്ചുനിന്ന ഓലപ്പുരയുടെ അവസ്‌ഥ വില്ലേജ്‌ ഓഫീസ്‌ അധികൃതര്‍ മുമ്പ്‌ നാലുതവണ കാമറയില്‍ പകര്‍ത്തിയിരുന്നു. പക്ഷേ, സാങ്കേതിക പ്രശ്‌നങ്ങള്‍ വിലങ്ങുതടിയായി. ഇനി, പ്രകൃതി ദുരന്തത്തിന്റെ അടിസ്‌ഥാനത്തില്‍ എന്തെങ്കിലും സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണു മനോജും അമ്മയും.

Ads by Google
Advertisement
Tuesday 04 Sep 2018 12.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW