Friday, September 07, 2018 Last Updated 8 Min 38 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 12.18 AM

ആയിരങ്ങളെ കരകയറ്റിയ സംതൃപ്‌തിയില്‍ രഞ്‌ജിത്ത്‌

uploads/news/2018/09/245411/3.jpg

കൊച്ചി: ഒരു ലക്ഷം രൂപയോളം വിലുള്ള മൊബൈല്‍ഫോണ്‍ നഷ്‌ടപ്പെട്ടതില്‍ കണ്ണൂര്‍ സ്വദേശി രഞ്‌ജിത്തിന്‌ വേദനയില്ല. പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയാണു ഫോണ്‍ നഷ്‌ടമായത്‌.
ഉപയോഗിച്ച്‌ കൊതി തീരും മുമ്പ്‌ ഫോണ്‍ നഷ്‌ടപ്പെട്ടെങ്കിലും ആയിരത്തിലധികം പേരുടെ ജീവന്‍രക്ഷിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ്‌ ഈ 26 വയസുകാരന്‍. പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരെ ആദരിക്കാന്‍ കൊച്ചി ലേ മെറിഡിയന്‍ ഹോട്ടല്‍ സംഘടിപ്പിച്ച പരിപാടിയിലാണ്‌ അദ്ദേഹം മാധ്യമങ്ങളുമായി തന്റെ അനുഭവം പങ്കുവച്ചത്‌.
പയ്യന്നൂര്‍ പാടിയോട്ടിച്ചാല്‍ സ്വദേശി എം.വി. രഞ്‌ജിത്‌ ഒന്‍പത്‌ വര്‍ഷമായി കൊച്ചിയിലെ സ്വകാര്യ പാല്‍ സംഭരണവിതരണ കേന്ദ്രത്തിലെ ജീവനക്കാരനാണ്‌.
പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാനുള്ള ഓട്ടത്തിനിടെയാണു കമ്പനിപ്പടിക്ക്‌ സമീപം രഞ്‌ജിത്തിന്റെ ഫോണ്‍ നഷ്‌ടപ്പെട്ടത്‌. ഇതരസംസ്‌ഥാനക്കാര്‍ കൂട്ടമായി താമസിക്കുന്ന വീട്ടില്‍നിന്ന്‌ ആളുകളെ രക്ഷിക്കാന്‍ എത്തിയതായിരുന്നു രഞ്‌ജിത്തും സംഘവും.
ചെറിയ വള്ളമുപയോഗിച്ചായിരുന്നു രക്ഷാദൗത്യം. എന്നാല്‍, തൊഴിലാളികള്‍ കൂട്ടത്തോടെ വള്ളത്തില്‍ കയറി. ഇതോടെ നീന്തലറിയാവുന്ന രക്ഷാപ്രവര്‍ത്തകര്‍ വള്ളം കരയിലേക്കു വലിച്ചു കൊണ്ടുവരേണ്ട അവസ്‌ഥയായി. സുരക്ഷിതകേന്ദ്രം എത്തുന്നതിനു നൂറുമീറ്റര്‍ അകലെ വള്ളം മറിഞ്ഞാണ്‌ രഞ്‌ജിത്തിന്റെ ഫോണ്‍ നഷ്‌ടപ്പെട്ടത്‌.
വള്ളം മറിഞ്ഞതോടെ നീന്തലറിയാത്തവരെ രഞ്‌ജിത്തും സംഘം ജീവന്‍പണയപ്പെടുത്തി കരയ്‌ക്കെത്തിച്ചു. പിന്നീട്‌ വെള്ളത്തില്‍ മുങ്ങിത്തപ്പിയെങ്കിലും ഫോണ്‍ കണ്ടെത്താനായില്ല.
വര്‍ഷങ്ങളോളം സ്വരുക്കൂട്ടിയ പണമുപയോഗിച്ചാണ്‌ രണ്ടുമാസം മുമ്പ്‌ രഞ്‌ജിത്ത്‌ ഐഫോണ്‍ സ്വന്തമാക്കിയത്‌.
കനത്തമഴയില്‍ വെള്ളപ്പൊക്കത്തെ അതീജിവിച്ച്‌ പൂര്‍ണഗര്‍ഭിണിയെ ആശുപത്രിയിലെത്തിച്ചപ്പോള്‍ ലഭിച്ച നന്ദിവാക്കുകള്‍ മാത്രം മതി എല്ലാ നഷ്‌ടങ്ങളും മറക്കാനെന്നു രഞ്‌ജിത്ത്‌ പറയുന്നു.
സ്വീകരണങ്ങള്‍ക്കും അനുമോദനങ്ങള്‍ക്കും പുറമേ രക്ഷപ്പെടുത്തിയവര്‍ ഒന്നൊന്നായി വീടുകളിലേക്കു ക്ഷണിക്കുന്നുമുണ്ട്‌.
ഈ തിരക്കുകള്‍ കഴിയുന്നതോടെ എല്ലാവരെയും സന്ദര്‍ശിക്കാമെന്ന പ്രതീക്ഷയിലാണു രഞ്‌ജിത്ത്‌.

Ads by Google
Advertisement
Monday 03 Sep 2018 12.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW