Thursday, November 08, 2018 Last Updated 19 Min 29 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 12.18 AM

മഹാപ്രളയത്തില്‍ തകര്‍ന്ന്‌ ചേന്ദമംഗലം കൈത്തറിവ്യവസായം

uploads/news/2018/09/245409/1.jpg

പറവൂര്‍:ചേന്ദമംഗലം ഗ്രാമത്തിന്‌ ഇനി അവശേഷിക്കുന്നത്‌ കൈത്തറിയുടെ ഈറ്റില്ലമെന്ന ഖ്യാതി മാത്രം! മഹാപ്രളയത്തിന്റെ കുത്തൊഴുക്കില്‍ ചേന്ദമംഗലം കൈത്തറിയുടെ നെയ്‌ത്ത്ശാലകള്‍ ഒന്നൊന്നായി നിലംപൊത്തി. കൈത്തറി ഉല്‌പന്നങ്ങളും അനുബന്ധ വസ്‌തുക്കളുമെല്ലാംതന്നെ നാമാവശേഷമാക്കിയ പ്രളയം, ഇനിയൊരു ഉയര്‍ത്തെഴുന്നേല്‍പ്പ്‌ അസാധ്യമാക്കുംവിധം കൈത്തറിയുടെ നട്ടെല്ല്‌ തകര്‍ത്തുകളഞ്ഞു.
പറവുര്‍ മേഖലയില്‍ പ്രളയം ഏറ്റവും ശുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിച്ച പ്രദേശങ്ങളിലോന്നാണ്‌ ചേന്ദമംഗലം. ഇവിടെ ഇരുനില വീടുകള്‍ പോലും മണിക്കുറുകള്‍ക്കുള്ളില്‍ പ്രളയം വിഴുങ്ങുന്ന ഭയാനകമായ അവസ്‌ഥയായിരുന്നു.
തകര്‍ന്നുപോയ ചേന്ദമംഗലം കൈത്തറിയെ ഇനി പുനരുജ്‌ജീവിപ്പിക്കുക എന്നത്‌ അത്ര എളുപ്പമല്ല. അത്രകണ്ട്‌ വിനാശമാണിവിടെ കൈത്തറി മേഖലക്കുണ്ടായിട്ടുള്ളത്‌. നിരവധി നെയ്‌തു തറികള്‍ നശിച്ചു. നൂല്‍ശാലകളില്‍ സൂക്ഷിച്ചിരുന്ന ടണ്‍കണക്കിന്‌ നൂല്‍, പാവുകള്‍, നെയ്‌ത്തു യന്ത്രങ്ങള്‍, നൂല്‍ ചുറ്റല്‍ യന്ത്രങ്ങള്‍, കോടിക്കണക്കിനു രൂപയുടെ കൈത്തറി തുണിത്തരങ്ങള്‍, മറ്റ്‌ അനുബന്ധ യന്ത്രസാമഗ്രികള്‍, ഗോഡൗണുകള്‍ ഇങ്ങനെ കൈത്തറി വ്യവസായത്തിന്റെ സമഗ്ര മേഖലയും പ്രളയത്തില്‍ നശിച്ചു. ഏതാണ്ട്‌ ഇരുപതു കോടിയുടെ നഷ്‌ടമാണ്‌ പ്രാഥമികമായി കണക്കാക്കിയിട്ടുള്ളത്‌.
വിശദമായ കണക്കെടുപ്പുകള്‍ പൂര്‍ത്തിയാകുമ്പോള്‍ നഷ്‌ടത്തിന്റെ കണക്കുകള്‍ ഇനിയും വര്‍ധിക്കാനാണ്‌ സാധ്യതയെന്ന്‌ നെയ്‌ത്ത്സംഘം പ്രസിഡന്റ്‌ ടി.എസ്‌. ബേബി പറയുന്നു. എങ്ങിനെ കഠിനാദ്ധ്വാനം ചെയ്‌താലും ഒരു വര്‍ഷ കാലത്തേക്ക്‌ ഇനി കൈത്തറിയുടെ തിരിച്ചുവരവുണ്ടാകില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. അത്രകണ്ട്‌ പ്രയാസകരമാണ്‌ കാര്യങ്ങള്‍. പാവോട്ടം, ഞെരട്ട്‌, നൂല്‍ ചുറ്റല്‍, പാവുണക്കല്‍ തുടങ്ങിയ സങ്കിര്‍ണമായ അനുബന്ധ പ്രവര്‍ത്തികള്‍ പുനരാരംഭിക്കണമെങ്കില്‍ സമയമേറെയെടുക്കും.
കൈത്തറി നെയ്‌ത്തിന്റെ അടിസ്‌ഥാന ഘടകങ്ങളാണിതൊക്കെയും. ഇതൊക്കെ ഏകോപിപ്പിച്ചെടുക്കണമെങ്കില്‍ ഏറെ പണചിലവുംകാലദൈര്‍ഘ്യവുമെടുക്കും. അത്തരത്തില്‍ അടിസ്‌ഥാന സൗകര്യങ്ങളൊക്കെയും തകര്‍ന്നു കിടക്കുന്നതിനാല്‍ അതിസങ്കീര്‍ണവും ശ്രമകരവുമാണ്‌ കാര്യങ്ങള്‍.
ഈ ഓണകാലത്ത്‌ വിറ്റഴിക്കുന്നതിനായി ശേഖരിച്ച കോടിക്കണക്കിനു രൂപയുടെ കൈത്തറി വസ്‌ത്രങ്ങളാണ്‌ ഗോഡൗണുകളില്‍ വെള്ളത്തില്‍ മുങ്ങിപ്പോയത്‌.
ജില്ലാ സഹകരണ ബാങ്കില്‍ നിന്നും കോടിക്കണക്കിന്‌ രൂപ വായ്‌പയെടുത്താണ്‌ വിവിധ കൈത്തറി നെയ്‌ത്തു സംഘങ്ങള്‍ ഓണ വിപണി ലക്ഷ്യമിട്ട്‌ വസ്‌ത്രങ്ങള്‍ നെയ്‌തുകൂട്ടിയത്‌. പക്ഷേ,എല്ലാം വെള്ളത്തിലായി.
ബാങ്കിന്‌10.5 ശതമാനമാണ്‌ പലിശ. ഇത്‌ തിരിച്ചടക്കുക എന്നത്‌ ഇനി അസാധ്യമാണ്‌. ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളുടെ അടിയന്തര ഇടപെടല്‍ അനിവാര്യമാണ്‌.
അടുത്ത ദിവസം വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ ചേന്ദമംഗലം കൈത്തറി മേഖല സന്ദര്‍ശിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടും.
കൈത്തറിക്ക്‌ പ്രത്യേക പാക്കേജ്‌ പ്രഖ്യാപിച്ചാല്‍ ഒരു പക്ഷേ, വിദൂര ഭാവിയില്‍ ചേന്ദമംഗലം കൈത്തറി ഉയര്‍ത്തെഴുന്നേല്‍ക്കാം.

Ads by Google
Advertisement
Monday 03 Sep 2018 12.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW