Wednesday, November 21, 2018 Last Updated 1 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 12.08 AM

10,000 രൂപ സഹായധനം അഞ്ചാം തീയതിക്കകം നല്‍കും: മന്ത്രി

uploads/news/2018/09/245395/1.jpg

ആലപ്പുഴ: കുട്ടനാട്ടിലെ പ്രളയ ബാധിതര്‍ക്ക്‌ സര്‍ക്കാര്‍ നല്‍കുന്ന 10,000 രൂപ വീതമുള്ള സഹായധനം ഈ മാസം അഞ്ചാം തീയതിക്കകം നല്‍കാനുള്ള നടപടികളാണ്‌ എടുത്തുവരുന്നതെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌ പറഞ്ഞു. ഏറെപ്പേരുടെ ബാങ്ക്‌ അക്കൗണ്ടില്‍ തുക ലഭ്യമാക്കി. പുനരധിവാസത്തിന്‌ ശേഷമുള്ള കുട്ടനാട്ടിലെ സ്‌ഥിതി വിലയിരുത്തുന്നതിനും ജനങ്ങളുടെയും പഞ്ചായത്ത്‌ അധികൃതരുടെയും പരാതികള്‍ പരിഹരിക്കാനുമായി കുട്ടനാട്ടിലെ എല്ലാ പഞ്ചായത്തിലും സന്ദര്‍ശനം നടത്തുകയായിരുന്നു മന്ത്രി. എല്ലാ പഞ്ചായത്തിലും മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന്‌ അതതിടത്തെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌തു. പലതിനും അപ്പോള്‍ തന്നെ പരിഹാരം നിര്‍ദ്ദേശിച്ചു.
രാവിലെ ഒമ്പതിന്‌ തകഴിയില്‍ നിന്നാണ്‌ യാത്ര തുടങ്ങിയത്‌. ആദ്യം തകഴിപഞ്ചായത്ത്‌, തുടര്‍ന്ന്‌ എടത്വ, തലവടി, മുട്ടാര്‍, വെളിയനാട്‌, നീലംപേരൂര്‍, കാവാലം, പുളിങ്കുന്ന്‌, രാമങ്കരി, ചമ്പക്കുളം, നെടുമുടി എന്നിവടങ്ങളിലാണ്‌ അദ്ദേഹം സന്ദര്‍ശനം നടത്തിയത്‌.
ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി.വേണുഗോപാല്‍, വിവിധ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്‌ഥര്‍ എന്നിവരും അദ്ദേഹത്തെ അനുഗമിച്ചു. തകഴി പഞ്ചായത്തില്‍ പഞ്ചായത്ത്‌ പ്രതിനിധികളുടെ യോഗത്തോടെയാണ്‌ പരിപാടികള്‍ ആരംഭിച്ചത്‌. യോഗത്തില്‍ ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി.വേണുഗോപാല്‍, കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍. നാസര്‍ തുടങ്ങിയവരും സന്നിഹിതരായി.
ക്യാമ്പുകളില്‍
കഴിയുന്നവരെ
മടക്കിക്കൊണ്ടുവരണം

കുട്ടനാട്ടിലെ വിവിധ പഞ്ചായത്തുകളില്‍ നിന്ന്‌ ഇപ്പോഴും പുറത്തെ ക്യാമ്പുകളില്‍ ആളുകള്‍ കഴിയുന്നുണ്ട്‌. നിലവില്‍ പഞ്ചായത്തില്‍ തന്നെ ഹാള്‍ ലഭ്യമാണെങ്കില്‍ അതുപയോഗിച്ചും അല്ലാത്തിടത്ത്‌ വാടകയ്‌ക്ക്‌ എടുത്തും അവരെ നാട്ടിലെത്തിക്കാന്‍ മുന്‍കൈ എടുക്കണമെന്ന്‌ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി.
പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പരിശോധന എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്‌. ഇത്‌ എത്രയും പെട്ടെന്ന്‌ പൂര്‍ത്തിയാക്കും. അതിന്റെ അടിസ്‌ഥാനത്തില്‍ പൂര്‍ണമായും തകര്‍ന്ന വീടുകള്‍ക്ക്‌ നാലുലക്ഷം രൂപ നല്‍കും. തകര്‍ന്ന വീടുകള്‍ സംബന്ധിച്ച്‌ എഞ്ചിനിയര്‍മാര്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ട്‌ അടിസ്‌ഥാന രേഖയായി കണക്കാക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. കൈനകരി പഞ്ചായത്തില്‍ക്കൂടി സന്ദര്‍ശിച്ച്‌ ഇന്നലെ വൈകിയാണ്‌ മന്ത്രി മടങ്ങിയത്‌.
നഷ്‌ടപ്പെട്ട രേഖകള്‍;
അപേക്ഷകള്‍ പഞ്ചായത്ത്‌ ക്രോഡീകരിക്കണം

പ്രളയത്തില്‍ റേഷന്‍കാര്‍ഡ്‌, ആധാര്‍, ആധാരം തുടങ്ങിയ രേഖകള്‍ നഷ്‌ടപ്പെട്ടവര്‍ക്ക്‌ അതിനുള്ള അപേക്ഷ പഞ്ചായത്ത്‌ തലത്തില്‍ ക്രോഡീകരിച്ച്‌ ഒറ്റ ദിവസത്തെ അദാലത്തിലൂടെ പരിഹരിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. ഇതിനായി വിവിധ ഓഫീസുകള്‍ കയറിയിറങ്ങാന്‍ അവസരം ഉണ്ടാക്കരുതെന്ന്‌ മന്ത്രി പറഞ്ഞു.
കുടുംബശ്രീ വഴി
ഒരു ലക്ഷം രൂപവരെ
വായ്‌പ

കുട്ടനാട്ടുകാര്‍ക്ക്‌ വീടുകളിലെ നഷ്‌ടമായ സാധന സാമഗ്രികള്‍ വാങ്ങാന്‍ കുടുംബശ്രീ വഴി ഒരു ലക്ഷം രൂപ വരെ വായ്‌പ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്‌.
ബാങ്കുകളില്‍നിന്ന്‌ വായ്‌പ ലഭിക്കാനുള്ള ബുദ്ധിമുട്ട്‌ കണക്കിലെടുത്താണ്‌ തീരുമാനം. സാധാരണ കുടുംബശ്രീ വായ്‌പ ഒരുവര്‍ഷത്തിനകം ആണ്‌ തിരിച്ചടയ്‌ക്കേണ്ടത്‌. എന്നാല്‍ പ്രത്യേക സാഹചര്യത്തില്‍ ഇങ്ങനെയെടുക്കുന്ന വായ്‌പ മൂന്നുവര്‍ഷത്തിനുള്ളില്‍ തിരിച്ചടച്ചാല്‍ മതി. പലിശ സര്‍ക്കാര്‍ അടയ്‌ക്കുമെന്നും മന്ത്രി പറഞ്ഞു.
കുട്ടനാട്ടില്‍ ആറിന്‌
പ്ലാസ്‌റ്റിക്‌ വിരുദ്ധദിനം

കുട്ടനാട്‌ ആറിന്‌ പ്ലാസ്‌റ്റിക്‌ മുക്‌തമാക്കാനുള്ള നടപടികള്‍ എടുക്കാന്‍ പഞ്ചായത്തുകളോട്‌ നിര്‍ദ്ദേശിച്ചു. ഇതിന്റെ ഭാഗമായി പ്ലാസ്‌റ്റിക്ക്‌ വേര്‍തിരിച്ച്‌ വിവിധ വാര്‍ഡുകളില്‍ ശേഖരിക്കണം. ആറിന്‌ വാര്‍ഡുകളില്‍ നിന്നും പ്ലാസ്‌റ്റിക്കുകള്‍ നീക്കം ചെയ്യും.
കുട്ടനാടിന്റെ പുനരധിവാസം പൂര്‍ണരൂപത്തില്‍ നടത്തുകയാണ്‌ സര്‍ക്കാര്‍ ഉദ്ദേശ്യം.

Ads by Google
Advertisement
Monday 03 Sep 2018 12.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW