Tuesday, December 11, 2018 Last Updated 4 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 12.07 AM

കണിച്ചുകുളങ്ങരയിലേക്ക്‌ അതിഥികളെത്തുന്നു: ഇരുകൈയും നീട്ടി ആതിഥേയര്‍

ചേര്‍ത്തല: കണിച്ചുകുളങ്ങരയിലെ ക്യാമ്പിലേക്ക്‌ അതിഥികളുടെ പ്രവാഹം. നിറചിരിയോടെ സ്വീകരിക്കാന്‍ സംഘാടകര്‍. ആലപ്പുഴയിലെ സ്‌കൂളുകളില്‍ കഴിഞ്ഞവരും കണിച്ചുകുളങ്ങരയില്‍നിന്ന്‌ ഉള്‍പ്പെടെ കുട്ടനാട്ടിലെ വീടുകളിലേക്ക്‌ തിരികെ പോയവരുമാണ്‌ ക്യാമ്പിലേക്ക്‌ മടങ്ങി വരുന്നത്‌.
2000ത്തോളം പേരാണ്‌ ക്യാമ്പിലുള്ളത്‌. വെള്ളം ഇറങ്ങാത്തതുമൂലം പലര്‍ക്കും വീടുകളില്‍ താമസിക്കാന്‍ കഴിയാത്ത അവസ്‌ഥയായതോടെയാണ്‌ കണിച്ചുകുളങ്ങരയിലേക്ക്‌ തിരികെ എത്തിയത്‌. താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന ഏക ദുരിതാശ്വാസ ക്യാമ്പാണിത്‌. കൈനകരി, ചമ്പക്കുളം, വെളിയനാട്‌ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്‌ ക്യാമ്പ്‌ അംഗങ്ങളില്‍ ഭൂരിഭാഗവും. കണിച്ചുകുളങ്ങരയില്‍ എത്തുന്ന ആരേയും പറഞ്ഞയക്കില്ലെന്നും വീടുകളില്‍ താമസയോഗ്യമാകുമ്പോള്‍ മടങ്ങിയാല്‍ മതിയെന്നും മുഖ്യസംഘാടകനായ എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ആലപ്പുഴ എസ്‌.ഡി.വി. സ്‌കൂളില്‍നിന്ന്‌ 600 ഓളം പേരാണ്‌ ഇന്നലെ ക്യാമ്പിലെത്തിയത്‌. പുതുതായി എത്തിയവര്‍ക്ക്‌ പുതു വസ്‌ത്രങ്ങള്‍ വിതരണം ചെയ്‌തു. സ്‌ത്രീകള്‍ക്ക്‌ സാരി, നൈറ്റി, പുതപ്പ്‌ പുരുഷന്‍മാര്‍ക്ക്‌ മുണ്ട്‌, ഷര്‍ട്ട്‌, കൈലി, തുകര്‍ത്ത്‌ എന്നിവയാണ്‌ നല്‍കിയത്‌. ആയിരത്തോളം പേര്‍ക്കാണ്‌ വസ്‌ത്രങ്ങള്‍ നല്‍കിയത്‌.
കഴിഞ്ഞ 16നാണ്‌ കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ നേതൃത്വത്തില്‍ ക്യാമ്പ്‌ ആരംഭിച്ചത്‌. കുട്ടനാട്ടില്‍ നിന്നുള്ള ആറായിരത്തോളം പേരാണ്‌ ആദ്യം ഉണ്ടായിരുന്നത്‌. ദിവസവും അഞ്ച്‌ നേരം ഭക്ഷണമാണ്‌ ക്യാമ്പില്‍ ഒരുക്കിയിട്ടുള്ളത്‌.
സംഘാടന മികവിലൂടെ കണിച്ചുകുളങ്ങരയിലെ ക്യാമ്പ്‌ ഇതിനോടകം സംസ്‌ഥാന തലത്തില്‍ ശ്രദ്ധേയമായി. തിരുവോണത്തിന്‌ 15000 പേര്‍ക്കാണ്‌ ഓണസദ്യ വിളമ്പിയത്‌. എല്ലാവര്‍ക്കും ഓണക്കോടിയും കൈനീട്ടവും നല്‍കിയിരുന്നു. സര്‍ക്കാര്‍ സഹായം തേടാതെയായിരുന്നു ക്യാമ്പിന്റെ പ്രവര്‍ത്തനം. എസ്‌.എന്‍.ഡി.പി. യോഗത്തിന്‌ കീഴിലുള്ള യൂണിയനുകളും ശാഖകളും പോഷക സംഘടനകളും മറ്റ്‌ സന്നദ്ധ സംഘടനകളും നല്‍കിയ സഹായമാണ്‌ ക്യാമ്പിന്റെ പ്രവര്‍ത്തനത്തിന്‌ തുണയാകുന്നത്‌.

Ads by Google
Advertisement
Monday 03 Sep 2018 12.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW