Thursday, November 15, 2018 Last Updated 1 Min 20 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 12.13 AM

പ്രളയം തൂത്തെറിഞ്ഞത്‌ അമ്മയുടെയും മകളുടെയും സ്വപ്‌നങ്ങള്‍

uploads/news/2018/09/245126/4.jpg

രാജകുമാരി:പന്നിയാറുകുട്ടിയെന്ന കുടിയേറ്റ ഗ്രാമത്തെ പ്രളയം വിഴുങ്ങിയപ്പോള്‍ ഇല്ലാതായത്‌ ഒരമ്മയുടേയും മകളുടെയും സ്വപ്‌നങ്ങളാണ്‌. പന്നിയാറുകൂട്ടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഏകഉപജീവന മാര്‍ഗമായിരുന്ന കട പൂര്‍ണമായി തകര്‍ന്നു. പൊന്‍മുടി അണക്കെട്ട്‌ തുറന്നപ്പോള്‍ പന്നിയാര്‍ പുഴയില്‍കൂടി കുത്തിയൊഴുകിയെത്തിയ വെള്ളം ഒരായുസിന്റെ അധ്വാനംകൊണ്ടുണ്ടാക്കിയ വീടും തകര്‍ത്തു.
ഇതോടെ പെരുവഴിയിലായിരിക്കുകയാണു പന്നിയാറുകൂട്ടി കൊല്ലമലയില്‍ ഷൈനിയും മകള്‍ ലക്ഷ്‌മിയും. നിലവില്‍ ദുരിതാശ്വാസ ക്യാമ്പില്‍നിന്നും എല്ലാവരും വീടുകളിലേയ്‌ക്കും ബന്ധുവീടുകളിലേയ്‌ക്കും പോയിട്ടും അന്തിയുറങ്ങാന്‍ ഇടമില്ലാത്തതിനാല്‍ ഇവര്‍ ഇപ്പോഴും വെള്ളത്തൂവല്‍ പഞ്ചായത്തിലെ കമ്യൂണിറ്റി ഹാളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലാണ്‌. ഒന്നര പതിറ്റാണ്ടിലേറെയായി ഷൈനി പന്നിയാറുകൂട്ടിയില്‍ കച്ചവടം ആരംഭിച്ചിട്ട്‌. കടയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടുലക്ഷംരൂപ വായ്‌പയും എടുത്തിരുന്നു. പന്നിയാറുകൂട്ടി ടൗണില്‍ ഉണ്ടായിരുന്ന ചെറിയ കടയിലെ വരുമാനം കൊണ്ടാണു കുടുംബം കഴിഞ്ഞിരുന്നതും മകളുടെ പഠനത്തിനുള്ള പണവും കണ്ടെത്തിയിരുന്നത്‌. ഇവര്‍ക്കൊപ്പം എല്ലാം നഷ്‌ടപ്പെട്ട മറ്റ്‌ ആറു കുടുംബങ്ങള്‍കൂടി ക്യാമ്പിലുണ്ട്‌. വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഭര്‍ത്താവ്‌ ഉപേക്ഷിച്ചു പോയ ഷൈനിക്കും മകള്‍ക്കും ആശ്രയമായി മറ്റാരുമില്ല.
പന്നിയാറുകൂട്ടിയില്‍ ഉണ്ടായ മലയിടിച്ചിലില്‍ ഒരുഗ്രാമം തന്നെ ഇല്ലാതായപ്പോള്‍ മണ്ണിനടിയിലായതു ഷൈനിയുടെയും മകളുടെയും നാളെകളുടെ പ്രതീക്ഷകളാണ്‌. ഇതിനൊപ്പം കഷ്‌ടപ്പെട്ടുണ്ടാക്കിയ വീടും ഉണ്ടായിരുന്ന ഇരുപത്തഞ്ചു സെന്റ്‌ സ്‌ഥലവും പൂര്‍ണമായി ഇല്ലാതായതോടെ പെരുവഴിയിലായ അവസ്‌ഥയിലാണ്‌ ഇവര്‍. മണ്ണിടിച്ചില്‍ സാധ്യതയുണ്ടായിരുന്നതിനാല്‍ ഷൈനി വെള്ളത്തൂവലിലെ ദുരിതാശ്വാസ ക്യാമ്പിലേയ്‌ക്കും മകള്‍ കോണ്‍വെന്റിലേയ്‌ക്കും മാറിയിരുന്നു. ഉരുള്‍പൊട്ടലുണ്ടാകുന്നതിനു തൊട്ടുമുന്‍പ്‌ നാട്ടുകാരുടെ സഹായത്തോടെ കടയിലെ സാധനങ്ങള്‍ മാറ്റിയിരുന്നു. ഇവര്‍ ചായകുടിക്കാന്‍ പോയി തിരിച്ചുവന്നപ്പോള്‍ കട ഉള്‍പ്പെടെയുള്ളഭാഗം ഒലിച്ചു പോകുകയായിരുന്നെന്ന്‌ ഷൈനി ഞെട്ടലോടെ ഓര്‍ക്കുന്നു.
ഉടുതുണി മാത്രമാണു ബാക്കിയുള്ളത്‌. ഇവരുടെ എല്ലാ രേഖകളും മകളുടെ പഠനോപകരണങ്ങളും ഒലിച്ചുപോയി. ഇപ്പോള്‍ അന്തിയുറങ്ങാന്‍ ഒരിടം തേടുകയാണിവര്‍. ഷൈനിയുടേതുള്‍പ്പെടെ ഒമ്പതു കടകളാണു പൂര്‍ണമായി തകര്‍ന്നത്‌. അമ്പലത്തിങ്കല്‍ തങ്കച്ചന്‍, പുഞ്ചക്കുഴിയില്‍ ഷൈജു, കച്ചടിയില്‍ തങ്കച്ചന്‍, ചുരുളിയില്‍ സൂര്യന്‍, ചുരുളിയില്‍ ചന്ദ്രന്‍, വാലുപാറ പുരുഷോത്തമന്‍, കുട്ടിയമ്മ മത്തായി, കുട്ടപ്പന്‍ ബാബു തുടങ്ങിയവരുടെ കടകളാണു നശിച്ചത്‌.

Ads by Google
Advertisement
Sunday 02 Sep 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW