Tuesday, July 16, 2019 Last Updated 1 Min 31 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 12.13 AM

കൊന്നത്തടി തകര്‍ന്നടിഞ്ഞു; 80 കോടിയുടെ നാശം

uploads/news/2018/09/245123/1.jpg

അടിമാലി:കൊന്നത്തടി മേഖലയില്‍ കാലവര്‍ഷത്തിലുണ്ടായത്‌ വന്‍ നാശം. വിവിധ ഭാഗങ്ങളിലായി അഞ്ചുപേരുടെ ജീവനാണു നഷ്‌ടമായത്‌. ഇനിയും കണ്ടെത്താനുള്ളത്‌ മൂന്നു പേരെ. എണ്‍പതു കോടിയോളം രൂപയുടെ നാശനഷ്‌ടം സംഭവിച്ചതായാണ്‌ ഏകദേശ കണക്കുകള്‍.
19 വാര്‍ഡുകള്‍ അടങ്ങുന്ന കൊന്നത്തടിയിലെ സമസ്‌ത മേഖലകളിലും വ്യാപകമായ നാശനഷ്‌ടമാണുണ്ടായത്‌. 225 കൃഷിയിടങ്ങളിലാണ്‌ മണ്ണിടിച്ചിലോ ഉരുള്‍പൊട്ടലോ ഉണ്ടായത്‌. 145 ഹെക്‌ടറില്‍ സംഭവിച്ച കൃഷിനാശം മൂലം ഒന്‍പതു കോടിയോളം നഷ്‌ടം സംഭവിച്ചതായാണു കണക്കുകള്‍. റോഡുകളും പാലങ്ങളും കലുങ്കുകളും തകര്‍ന്നത്‌ വേറെ.
ഇഞ്ചപ്പതാലില്‍ ആരംഭിച്ച്‌ വട്ടക്കണ്ണിപ്പാറയിലേക്ക്‌ എത്തേണ്ട പാക്കേജ്‌ റോഡ്‌ മൂന്നിടങ്ങളില്‍ ഇടിഞ്ഞു താഴ്‌ന്നു. കെ.എം. ബീനാമോള്‍ റോഡ്‌, മങ്കുവ കൊച്ചുകേരളം റോഡ്‌ എന്നിവയും ഇടിഞ്ഞു താഴ്‌ന്നു. കൊന്നത്തടി പള്ളിസിറ്റി റോഡ്‌ ഇടിഞ്ഞു താഴ്‌ന്ന്‌ 40 മീറ്ററോളം ഭാഗം മുറിഞ്ഞു പോയി. കല്ലാര്‍കുട്ടി-നെടുംകണ്ടം റോഡിന്റെ പാറത്തോടു മുതല്‍ പണിക്കന്‍കുടി വരെയുള്ള ഭാഗങ്ങളില്‍ നിരവധി ഇടങ്ങളിലാണു റോഡ്‌ നീളത്തിലും കുറുകെയും പിളര്‍ന്ന്‌ ഇടിഞ്ഞു താഴ്‌ന്നത്‌. അടിമാലിയില്‍നിന്നും വരുന്ന ബസുകള്‍ അടക്കമുള്ളവയ്‌ക്ക്‌ മൂന്നാഴ്‌ചയോളം പണിക്കന്‍കുടിയിലേക്ക്‌ എത്താനായില്ല.
പഞ്ചായത്ത്‌ റോഡുകള്‍ അടക്കമുള്ള ഗ്രാമീണ റോഡുകള്‍ തകര്‍ന്നടിഞ്ഞതോടെ 21 കോടിയുടെ നാശനഷ്‌ടം സംഭവിച്ചതായും ആറടിക്കെട്ട്‌, മാങ്കുത്ത്‌ അടക്കമുള്ള പാലങ്ങള്‍ തകര്‍ന്നതില്‍ മൂന്നുകോടിയും എട്ടു കലുങ്കുകളും തകര്‍ന്നടിഞ്ഞതോടെ ലക്ഷങ്ങള്‍ ഇത്തരത്തിലും നശിച്ചതായി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ ജോസഫ്‌ പറഞ്ഞു. അഞ്ചാംമൈലില്‍ മാത്രമുണ്ടായ വലിയ മലയിടിച്ചിലില്‍ ആറു വീടുകളാണു മണ്ണിനടിയിലായത്‌. പഞ്ചായത്ത്‌ പരിധിയില്‍ 144 വീടുകള്‍ പൂര്‍ണമായി തകര്‍ന്നടിഞ്ഞു. 126 വീടുകള്‍ താമസയോഗ്യമല്ലാതായി. 123 വീടുകള്‍ ഭാഗികമായി തകര്‍ന്നതായി അധികൃതര്‍ സ്‌ഥിരീകരിച്ചിട്ടുണ്ട്‌. പുല്ലുകണ്ടം അംഗന്‍വാടി, കാവാട്ടുമാലിപ്പടി അംഗന്‍വാടി, രണ്ടുകുടുംബശ്രീ കെട്ടിടങ്ങള്‍ അടക്കം തകര്‍ന്നടിഞ്ഞു. കന്നുകാലികള്‍ അടക്കം 44 ലക്ഷം രൂപയുടെ മൃഗസമ്പത്തുകള്‍ നാമാവശേഷമായി. പ്രധാന റോഡുകള്‍ പലതും ഇടിഞ്ഞുതാഴ്‌ന്നതോടെ ഗ്രാമങ്ങള്‍ തമ്മില്‍ ബന്ധമില്ലാത്ത ഭീകരമായ സാഹചര്യമാണുണ്ടായത്‌. മങ്കുവ ഉള്‍പ്പടെയുള്ള വിവിധ പ്രദേശങ്ങളില്‍ ഇപ്പോഴും വ്യാപകമായ രീതിയില്‍ ഭൂമികള്‍ വിണ്ടുകീറി ഇടിഞ്ഞു താഴ്‌ന്ന നിലയിലാണ്‌.
14-ാം വാര്‍ഡില്‍ ഉള്‍പ്പെട്ട കുരിശുകുത്തിയില്‍ ഒന്‍പതിനു പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ വീട്ടിലുള്‍പ്പെട്ട തങ്കമ്മ മാണി ദാരുണമായി മരിക്കുകയും ഭര്‍ത്താവ്‌ മാണിക്കും മകന്‍ ഷൈനും പരുക്കേല്‍ക്കുകയും ചെയ്‌തു.
ഇതോടെ ആരംഭിച്ചതാണു പഞ്ചായത്ത്‌ പരിധിയിലെ ദുരന്തങ്ങള്‍. ഒന്നാം വാര്‍ഡിലുള്‍പ്പെട്ട വെള്ളത്തൂവല്‍ എസ്‌ വളവ്‌ മേഖലയില്‍ അഞ്ചുപേരെ കാണാതായ വന്‍ ഉരുള്‍പൊട്ടലില്‍ ഏക്കറുകണക്കിന്‌ ഭൂമിയാണ്‌ തകര്‍ന്നടിഞ്ഞത്‌. തുറവയ്‌ക്കല്‍ മാത്യു, ലൈസ എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തെങ്കിലും പുളിക്കക്കുടി മുഹമ്മദ്‌ എന്ന മമ്മൂട്ടി, ഭാര്യ അസ്‌മ, മകന്‍ മഹസല്‍ എന്നിവരെ ഇനിയും കണ്ടെത്താനായിട്ടില്ല. ദിവസങ്ങള്‍ നീണ്ട തെരച്ചിലില്‍ ഒരു കൈയും കാലും മാത്രം ലഭിച്ചെങ്കിലും അവ ആരുടേതാണെന്നു തിട്ടപ്പെടുത്താനുള്ള പരിശോധനകള്‍ നടന്നു വരികയാണ്‌. ചന്ദ്രത്തില്‍ ഗീത, മകള്‍ അര്‍ച്ചന എന്നിവര്‍ തലനാരിഴയ്‌ക്കാണു രക്ഷപെട്ടത്‌. പണിക്കന്‍കുടിയില്‍ മണ്ണിനടിയില്‍ പോയി മരിച്ച റിനോ, വൈദ്യുതാഘാതമേറ്റു മരിച്ച വിജയന്‍ എന്നിവരും ഇതേ പഞ്ചായത്ത്‌ പരിധിയിലാണ്‌. കൊന്നത്തടി ടൗണില്‍ വ്യാപാര സ്‌ഥാപനങ്ങള്‍ തകര്‍ന്നടിഞ്ഞു.
പൂതാളി കണ്ണച്ചാത്തുകുടി കെ.കെ. രാജന്‍, പാറത്തോട്‌ പാലമറ്റം ജോണ്‍ ഫ്രാന്‍സിസ്‌, പുല്ലുകണ്ടം പുള്ളിയില്‍ സണ്ണി തോമസ്‌, പാറത്തോട്‌ ഇരുമ്പായില്‍ പൈലി വര്‍ഗീസ്‌, പൂതാളി കളരിക്കല്‍ സിനു ബാലന്‍, പാറത്തോട്‌ കിഴക്കേക്കര മേഴ്‌സി ജോണി, പാറത്തോട്‌ പെലക്കോട്ടില്‍ പി.പി. കുഞ്ഞപ്പന്‍, പുല്ലുകണ്ടം വെള്ളാങ്കല്‍ ബി.സി. ബിജു, പുല്ലുകണ്ടം വെള്ളിലാങ്കല്‍ എം.എന്‍. രമണി, കുരിശുകുത്തി പന്തപ്പിള്ളില്‍ മാണി മത്തായി, കുരിശുകുത്തി തോട്ടുപുറത്ത്‌ മത്തായി ചാക്കോ, കുരിശുകുത്തി വേങ്ങചാഞ്ഞപാറയില്‍ ജോസ്‌ വര്‍ഗീസ്‌, കുരിശുകുത്തി പുതിയാപേട്ടയില്‍ സെലീന രാജു, പാറത്തോട്‌ അവത്തൂട്ട്‌ ലീലാമ്മ പൗലോസ്‌, തെള്ളിത്തോട്‌ കോയിക്കക്കുടി തോമസ്‌, പാറത്തോട്‌ ഇലവുങ്കല്‍ ഫിലോമിയ ടോമി, കുരിശുകുത്തി പള്ളത്തുകുടി എല്‍ദോസ്‌ കുരിയാക്കോസ്‌, തെള്ളിത്തോട്‌ വരിക്കനാനിക്കല്‍ അഗസ്‌റ്റിന്‍, ഇരുമലക്കപ്പ്‌ കോലോത്ത്‌ റോസമ്മ, ഇരുമലക്കപ്പ്‌ പാറക്കാപടവില്‍ കുഞ്ഞൂഞ്ഞ്‌, കുരിശുകുത്തി ചക്കാലക്കല്‍ തങ്കച്ചന്‍, പാറത്തോട്‌ കാരിമറ്റത്തില്‍ ത്രേസ്യാമ്മ ചാക്കോ, മങ്കുവ കുഴിക്കാട്ട്‌ ജോണ്‍സന്‍, കുരിശുകുത്തി വിരുതനാട്ട്‌ ബിനോയി, പനംകൂട്ടി മോളത്ത്‌ ബോസ്‌, തെള്ളിത്തോട്‌ വെള്ളരിങ്ങല്‍ സലി എന്നിവരുടെയെല്ലാം വീടുകള്‍ തകര്‍ന്നു. പാറത്തോട്‌ പാറേക്കാട്ടില്‍ സജി വര്‍ഗീസും കായികതാരങ്ങളായ മക്കള്‍ എല്‍സ, നെല്‍സ എന്നിവരടങ്ങുന്ന കുടുംബത്തിന്റെ ആകെയുണ്ടായിരുന്ന ഷീറ്റുമേഞ്ഞ വീടും തകര്‍ന്നു. പഞ്ചായത്തില്‍ 17 കുടുംബങ്ങളില്‍പെട്ടവരാണ്‌ പൊന്മുടി കുടുംബശ്രീ ഹാളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്‌. കൊന്നത്തടി സര്‍ക്കാര്‍ എല്‍.പി. സ്‌കൂളിലെ കെട്ടിടത്തിന്‌ ഭാഗികമായി നാശം സംഭവിച്ചു. മുക്കുടം വിജ്‌ഞാനം എല്‍.പി. സ്‌കൂളില്‍ വലിയതോതില്‍ നാശം സംഭവിച്ചതിനെത്തുടര്‍ന്ന്‌ ഓണാവധിക്കു ശേഷം ക്ലാസുകള്‍ ആരംഭിക്കാനായിട്ടില്ല.

Ads by Google
Advertisement
Sunday 02 Sep 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW