Wednesday, November 21, 2018 Last Updated 0 Min 17 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 12.13 AM

കമുകും മുളയുംകൊണ്ട്‌ വള്ളക്കടവ്‌ നടപ്പാലം നിര്‍മിച്ച്‌ നാട്ടുകാര്‍

രാജകുമാരി: പന്നിയാര്‍കുട്ടിയില്‍ പ്രളയം തകര്‍ത്തെറിഞ്ഞ വള്ളക്കടവ്‌ നടപ്പാലത്തില്‍ കമുകും ഇല്ലിയും നിരത്തി കാല്‍നടയ്‌ക്കു യോഗ്യമാക്കി നാട്ടുകാര്‍.
മാട്ടുപ്പെട്ടി, പൊന്‍മുടി ഡാമുകള്‍ ഒരേസമയം തുറന്നുവിട്ടതിനെത്തുടര്‍ന്ന്‌ നടപ്പാലത്തില്‍ പത്തടിയോളം ഉയരത്തില്‍ വെള്ളം കയറിയിരുന്നു. 17നു പന്നിയാര്‍കൂട്ടിയെ തകര്‍ത്ത ഉരുള്‍പൊട്ടലില്‍ ഒഴുകിയെത്തിയ അവശിഷ്‌ടങ്ങളും മരങ്ങളും ഇടിച്ച്‌ മേല്‍ത്തട്ടിലെ കോണ്‍ക്രീറ്റിങ്‌ ഒഴുകിപ്പോയി. ഇരുപതടിയോളം ഉയരമുണ്ടായിരുന്ന പാലത്തിന്റെ അടിയില്‍ പത്തടിയിലേറെ ഉയരത്തില്‍ ചെളിയും മറ്റും വന്നടിഞ്ഞു. വെള്ളത്തൂവല്‍ പഞ്ചായത്തിലെ പോത്തുപാറ, ഏല്‍ക്കുന്ന്‌ ഭാഗങ്ങളിലുള്ളവര്‍ക്ക്‌ ഈ നടപ്പാലം മാത്രമാണ്‌ രാജാക്കാട്‌-അടിമാലി സംസ്‌ഥാന പാതയില്‍ എത്താന്‍ ആശ്രയം.
പുഴയിലെ വെള്ളമിറങ്ങിയ ഉടന്‍ നാട്ടുകാര്‍ സംഘടിച്ചു നടപ്പാലം പുനര്‍നിര്‍മിക്കാന്‍ തീരുമാനിച്ചു. പുഴയിലിറങ്ങി പാലത്തിന്റെ കാലുകളില്‍ തട്ടിനിന്നിരുന്ന മരങ്ങള്‍ ഉള്‍പ്പെടെയുള്ളവ മുറിച്ചു നീക്കി നീരൊഴുക്ക്‌ സുഗമമാക്കി. കമുകുകള്‍ വെട്ടിക്കൊണ്ടുവന്ന്‌ പാലത്തിന്റെ കാലുകളെ ബന്ധിപ്പിച്ചു കേഡറുകളായി ഉറപ്പിച്ചു. ഇല്ലി കുറുകെ നിരത്തി നടക്കാന്‍ സൗകര്യമുണ്ടാക്കുകയും കൈവരികള്‍ക്കു പകരം ഇരുവശത്തും നീളത്തില്‍ കമ്പി വലിച്ചുകെട്ടുകയും ചെയ്‌തു. രണ്ടു ദിവസം കൊണ്ടാണു താല്‍ക്കാലിക പാലം നിര്‍മിച്ചത്‌.
അപകടം പതിയിരിക്കുന്ന ഇതിലൂടെയാണു കൊച്ചുകുട്ടികളും വൃദ്ധരും അടക്കമുള്ളവര്‍ ഇപ്പോള്‍ സഞ്ചരിക്കുന്നത്‌. മൂന്നാര്‍ മേഖലയിലെ ഡാമുകളോ, പൊന്‍മുടി അണക്കെട്ടോ പരിധിയിലധികം തുറന്നാല്‍ പുഴയില്‍ വീണ്ടും വെള്ളം ഉയരുകയും ഇതു തകരുകയും ചെയ്യും. അപായസാധ്യത ഒഴിവാക്കാനായി ഇരുമ്പ്‌ കേഡറുകള്‍ ഉപയോഗിച്ചു താല്‍ക്കാലിക നടപ്പാലം നിര്‍മിക്കണമെന്നും മുതിരപ്പുഴയ്‌ക്കു കുറുകെ വെള്ളത്തൂവല്‍, രാജാക്കാട്‌ പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട്‌ പുതുതായി കോണ്‍ക്രീറ്റ്‌ പാലം പണിയണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Sunday 02 Sep 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW