Friday, September 14, 2018 Last Updated 1 Min 48 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 12.12 AM

പമ്പിങ്‌് സബ്‌സിഡി: തടസം രണ്ടുദിവസത്തിനകം പരിഹരിക്കുമെന്നു മന്ത്രി

uploads/news/2018/09/245115/2.jpg

ആലപ്പുഴ: പാടശേഖരസമിതികള്‍ക്കുള്ള പമ്പിങ്‌ സബ്‌സിഡി നല്‍കാനുള്ള തടസങ്ങള്‍ പരിഹരിച്ച്‌ രണ്ടു ദിവസത്തിനകം ഉത്തരവിറക്കുമെന്നു കൃഷിമന്ത്രി വി.എസ്‌. സുനില്‍കുമാര്‍. പാടശേഖര സമിതി പ്രതിനിധികളുടെയും പമ്പിങ്‌ കരാറുകാരുടെയും കലക്‌ടറേറ്റില്‍ കൂടിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഒരു കൃഷി ഒഴിവാക്കിയാല്‍ അടുത്ത കൃഷിക്കു പമ്പിങ്‌ സബ്‌സിഡി നല്‍കില്ല എന്ന നിലവിലെ വ്യവസ്‌ഥയും കൃഷിചെയ്‌തു വിളവെടുപ്പ്‌ പൂര്‍ത്തിയാക്കിയാലേ പമ്പിങ്‌ സബ്‌സിഡി നല്‍കൂ എന്ന വ്യവസ്‌ഥയും ഒഴിവാക്കാനുള്ള ഉത്തരവ്‌ ഉടനിറക്കും. ഇതോടെ മടവീണു നശിച്ച എല്ലാ പാടശേഖരങ്ങള്‍ക്കും പമ്പിങ്‌ സബ്‌സിഡി ലഭിക്കാനുള്ള അവസരം തെളിയും.
ഏറെ നാളായുള്ള കര്‍ഷകരുടെ ആവശ്യത്തനാണ്‌ ഇതോടെ പരിഹാരമാകുന്നതെന്നു മന്ത്രി പറഞ്ഞു. കുട്ടനാട്ടിലെ പുനരധിവാസം എത്രയും വേഗം പൂര്‍ത്തിയാക്കുക എന്നതാണ്‌ അടിയന്തിര ലക്ഷ്യം. പാടശേഖരങ്ങളിലെ വെള്ളം വറ്റിച്ചാലേ മനുഷ്യരെ അങ്ങോട്ട്‌ തിരിച്ചുകൊണ്ടുപോകാനാവൂ. മട കുത്താനും പമ്പിങ്‌ തുടങ്ങാനുമുള്ള നടപടികളുമായി പാടശേഖരസമിതികള്‍ പൂര്‍ണമായും സഹകരിക്കണം. മോട്ടോറിന്റെ ഇപ്പോഴത്തെ അവസ്‌ഥ പരിശോധിക്കാന്‍ ഒരു സാങ്കേതികസമതിയെ നിയോഗിക്കും. ഒന്നോ രണ്ടോ ദിവസത്തിനകം ഈ കമ്മറ്റി റിപ്പോര്‍ട്ട്‌ നല്‍കണമെന്ന്‌ മന്ത്രി പറഞ്ഞു.
വെള്ളം വറ്റിക്കുകയെന്നത്‌ വളരെ പ്രധാനമാണ്‌. ഒരു നിമിഷം പോലും കളയാതെ വെള്ളം വറ്റിക്കുന്നതു തുടങ്ങണം. ഇതിനുമുമ്പ്‌ ഒരിക്കലും ഉണ്ടാകാത്ത വിധമുള്ള സഹായങ്ങളാണ്‌ കര്‍ഷകര്‍ക്ക്‌ സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്‌. മട വീണ പാടശേഖരങ്ങള്‍ക്കു മട കുത്താന്‍ 20 ശതമാനം തുക മുന്‍കൂര്‍ നല്‍കി. അഞ്ച്‌ ലക്ഷത്തിനു മേല്‍ വിളിക്കുന്ന ടെന്‍ഡറുകളിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടു. മുമ്പ്‌ മട കുത്തിയവര്‍ക്കും തുക സര്‍ക്കാര്‍ നല്‍കുമെന്ന്‌ മന്ത്രി ഉറപ്പുനല്‍കി.
കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുള്ള തുക ഒരാഴ്‌ചയ്‌ക്കകം അനുവദിക്കും. ഇന്‍ഷുറന്‍സ്‌ തുകയും ഒരാഴ്‌ചയ്‌ക്കകം ലഭ്യമാക്കും. കര്‍ഷകര്‍ ആവശ്യപ്പെട്ടതുപോലെ കൃഷി ഇറക്കുമ്പോള്‍ 50 കിലോ വിത്ത്‌ സൗജന്യമായി നല്‍കും. പമ്പിങ്‌ ആരംഭിക്കുന്നതിനായി മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വൈദ്യുതി കണക്‌ഷന്‍ ആവശ്യമുള്ളിടത്തെല്ലാം യുദ്ധകാലാടിസ്‌ഥാനത്തില്‍ നല്‍കാന്‍ ഉദ്യോഗസ്‌ഥര്‍ക്കു നിര്‍ദേശം നല്‍കി. ഒരാഴ്‌ചയ്‌ക്കകം പുനരധിവാസം പൂര്‍ത്തിയാക്കുകയാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. തുലാം 10 ന്‌ തുടങ്ങേണ്ട പുഞ്ചകൃഷി സംബന്ധിച്ചും രണ്ടാം കുട്ടനാട്‌ പാക്കേജ്‌ സംബന്ധിച്ചും വിശദമായ ഒരു യോഗം ഉടനെ വിളിക്കുമെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ കുട്ടനാട്‌ എം.എല്‍.എ. തോമസ്‌ചാണ്ടി, ജില്ല കലക്‌ടര്‍ എസ്‌.സുഹാസ്‌, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ ബീന നടേശ്‌, വിവിധ വകുപ്പുതല ഉദ്യോഗസ്‌ഥര്‍ എ്‌ന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Sunday 02 Sep 2018 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW