Monday, September 24, 2018 Last Updated 2 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.41 AM

ജീവനക്കാര്‍ കൈകോര്‍ത്തു; കെ.എസ്‌.ആര്‍.ടി.സി. ഡിപ്പോയില്‍ വര്‍ക്‌ഷോപ്പ്‌ പുനരാരംഭിച്ചു

uploads/news/2018/09/244960/4.jpg

കട്ടപ്പന: ഉരുള്‍പൊട്ടലില്‍ മണ്ണിനടിയിലായ കെ.എസ്‌.ആര്‍.ടി.സി. ഡിപ്പോയില്‍ താല്‍ക്കാലിക വര്‍ക്‌ഷോപ്പ്‌ പ്രവര്‍ത്തനമാരംഭിച്ചു. മുഴുവന്‍ ജീവനക്കാരുടെയും ശ്രമഫലമായി ഡിപ്പോയുടെ കവാടത്തിനു സമീപമാണു താല്‍ക്കാലിക വര്‍ക്‌ഷോപ്പ്‌ നിര്‍മിച്ചത്‌.
മണ്ണിനിടയിലായ വര്‍ക്‌ഷോപ്പിന്റെ ഭാഗത്തെ മണ്ണു നീക്കി അറ്റകുറ്റപ്പണി നടത്താനുള്ള ഉപകരണങ്ങള്‍ പുറത്തെടുത്തു. പുതിയ വര്‍ക്‌ഷോപ്പില്‍ വൈദ്യുതി കണക്‌ഷനും ലഭ്യമാക്കി. ഡിപ്പോയ്‌ക്കുള്ളിലെ ഡീസല്‍ പമ്പിലേക്കുള്ള തടസങ്ങള്‍ നീക്കി. ബസുകള്‍ക്ക്‌ ഇവിടെയെത്തി ഇന്ധനം നിറയ്‌ക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തി. എന്നാല്‍ ഡീസല്‍ ക്ഷാമം പൂര്‍ണമായി പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ 18 നാണ്‌ ഉരുള്‍പൊട്ടി ഡിപ്പോ മണ്ണിനടിയിലായത്‌. എന്നാല്‍ ഉന്നത ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തി പരിശോധന നടത്തുകയോ മണ്ണ്‌ നീക്കാനുള്ള നടപടി സ്വീകരിക്കുകയോ ചെയ്‌തിട്ടില്ല. സെന്‍ട്രല്‍ സോണ്‍ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടറും ഡി.ടി.ഒയും മാത്രമാണ്‌ ഡിപ്പോ സന്ദര്‍ശിച്ചത്‌. ഇതിനിടെ ഡിപ്പോയെ ഓപ്പറേറ്റിങ്‌ സെന്ററാക്കി മാറ്റാന്‍ നീക്കം നടക്കുന്നതായും പ്രചരണമുണ്ട്‌. നിലവില്‍ നഗരസഭയുടെ പഴയ ബസ്‌ സ്‌റ്റാന്‍ഡിലാണ്‌ ഡിപ്പോ താല്‍കാലികമായി പ്രവര്‍ത്തിച്ചുവരുന്നത്‌.
ഡിപ്പോയിലെ 250 ജീവനക്കാര്‍ സമാഹരിച്ച പണം ഉപയോഗിച്ചാണു ഡിപ്പോയുടെ പ്രവേശന കവാടത്തില്‍ താല്‍ക്കാലിക ഷെഡ്‌ നിര്‍മിച്ച്‌ വര്‍ക്‌ഷോപ്പ്‌ പ്രവര്‍ത്തനമാരംഭിച്ചത്‌. ബുധനാഴ്‌ചയാണ്‌ ഇവിടെ വൈദ്യുതി കണക്‌ഷന്‍ ലഭിച്ചത്‌.
ഡിപ്പോയിലെ പ്രതികൂല സാഹചര്യത്തെ നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ വകുപ്പുതലത്തില്‍ പിന്തുണ ലഭിക്കാത്തത്‌ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്‌.
കഴിഞ്ഞവര്‍ഷത്തെ ഓണക്കാലത്ത്‌ എറണാകുളം സോണിനു കീഴില്‍ ഏറ്റവുമധികം വരുമാനമുണ്ടാക്കിയ ഡിപ്പോയെയാണ്‌ അധികൃതര്‍ അവഗണിക്കുന്നത്‌.
ഇതിനിടെയാണു ഡിപ്പോ നിര്‍ത്തലാക്കാന്‍ അണിയറയില്‍ നീക്കം നടക്കുന്നതായി സൂചനയുള്ളത്‌. ഇതിന്റെ ഭാഗമായാണ്‌ നാല്‌ മെക്കാനിക്കല്‍ ജീവനക്കാരെ കുമളിയിലേക്ക്‌ മാറ്റിയതെന്നും പറയപ്പെടുന്നു. മുഴുവന്‍ യൂണിയനുകളുടെയും സഹകരണത്തോടെ ജീവനക്കാര്‍ കര്‍ശന നിലപാട്‌ സ്വീകരിച്ചതിനാല്‍ ഡിപ്പോ നിര്‍ത്താനുള്ള നീക്കത്തില്‍ നിന്നു താല്‍ക്കാലികമായി പിന്തിരിഞ്ഞെന്നാണ്‌ വിവരം. കഴിഞ്ഞ 18 ന്‌ പുലര്‍ച്ചെ ഒന്നോടെയുണ്ടായ ഉരുള്‍പൊട്ടലിലാണ്‌ ഡിപ്പോ മണ്ണിനടിയിലായത്‌. വര്‍ക്‌ഷോപ്പും ഗാരേജും സ്‌റ്റോറും ഉള്‍പ്പെടുന്ന കോണ്‍ക്രീറ്റ്‌ കെട്ടിടം, ഓഫീസ്‌, ജീവനക്കാരുടെ വിശ്രമകേന്ദ്രം തുടങ്ങിയവയെല്ലാം നശിച്ചിരുന്നു. ഒന്നരക്കോടി രൂപയുടെ നഷ്‌ടമാണ്‌ കണക്കാക്കുന്നത്‌. പഴയ ബസ്‌ സ്‌റ്റാന്‍ഡില്‍നിന്നു ബസുകള്‍ സര്‍വീസ്‌ ആരംഭിച്ചുതുടങ്ങിയതോടെയാണ്‌ ഇടുക്കി-കട്ടപ്പന റൂട്ടിലെ യാത്രാക്ലേശം നീങ്ങിയത്‌. കെ.എസ്‌.ആര്‍.ടി.സി. ബസുകള്‍ പഴയ ബസ്‌ സ്‌റ്റാന്‍ഡിലാണ്‌ പാര്‍ക്കു ചെയ്യുന്നത്‌.
ഇവിടെ നിന്നു പുതിയ സ്‌റ്റാന്‍ഡിലെത്തി സര്‍വീസ്‌ നടത്തിവരുന്നു. പഴയ ബസ്‌ സ്‌റ്റാന്‍ഡിലെ കെട്ടിടത്തിലാണ്‌ സ്‌റ്റേഷന്‍ മാസ്‌റ്റര്‍ ഓഫീസ്‌, ക്യാഷ്‌ കൗണ്ടര്‍ ഉള്‍പ്പെടെയുള്ളവ സജ്‌ജമാക്കിയിരിക്കുന്നത്‌. എ.ടി ഓഫീസും ജീവനക്കാരുടെ വിശ്രമകേന്ദ്രവും ഹൗസിങ്‌ ബോര്‍ഡ്‌ ഷോപ്പിങ്‌ കോംപ്ലക്‌സിലാണ്‌ ഒരുക്കിയിരിക്കുന്നത്‌.

Ads by Google
Advertisement
Saturday 01 Sep 2018 12.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW