തൊടുപുഴ: നഗരത്തില്‍ മദ്യപാനികളുടെ ശല്യം വര്‍ധിക്കുന്നു. നൈറ്റ് പട്രോളിങ് ശക്തമല്ലെന്ന് ആക്ഷേപം.
വൈകുന്നേരമാകുന്നതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മദ്യപാനികളുടെ ശല്യം രൂക്ഷമാകുകയാണ്.മദ്യനിരോദന നയത്തിലെ ഇളവുകളുടെ അടിസ്ഥാനത്തില്‍ നഗരത്തില്‍ വിണ്ടും ബാറുകളും ബീവറേജസ് ഔട്ട്ലെറ്റുകളും സജീവമായതോടെയാണ് ഇവരുടെ ശല്യം കൂടിയത്.
കാഞ്ഞിരമറ്റം ബൈപാസിനു സമീപം വീണ്ടും പ്രവര്‍ത്തനമാരംഭിച്ച വിദേശമദ്യ ഔട്ലെറ്റുകളില് വൈകുന്നേരത്തോടെ മദ്യം വാങ്ങുന്നവരുടെ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. ഇവിടെനിന്നും മദ്യം വാങ്ങുന്നവരില്‍ ചിലര്‍ റോഡരികിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലും മദ്യപിക്കുന്നതും ലഹരിമൂത്ത് ബഹളമുണ്ടാക്കി നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും പ്രയാസമുണ്ടാക്കുന്നതും സ്ഥിരം കാഴ്ചയാണ്.
ഇതിനു പുറമെ രാത്രികാലങ്ങളില്‍ ബാറുകളില്‍ നിന്നും മദ്യപിക്കുന്നവര്‍ പൊതുസ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്തുന്നതും ഒഴിഞ്ഞ കുപ്പികള്‍ വലിച്ചെറിയുന്നതും പരിസര മലിനീകരണത്തിനും ഇടയാക്കുന്നു. കഴിഞ്ഞദിവസം രാത്രിയില്‍ മദ്യപിച്ചെത്തിയ രണ്ടു സംഘങ്ങള്‍ തമ്മില്‍ വാക്കേറ്റവും അസഭ്യം പറച്ചിലിമുണ്ടായി.
രാത്രിയില്‍ വഴിയോരക്കച്ചവടക്കാരുടെ കച്ചവടത്തെ ബാധിക്കുന്ന രീതിയിലുള്ള സമീപനങ്ങള്‍ മദ്യപിച്ചെത്തുന്നവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതായി കച്ചവടക്കാര്‍ പറഞ്ഞു. ഇതിനു പുറമേ ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് മദ്യത്തിനു പുറമേ നിരോധിച്ച ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗവും അമിതമായുണ്ട്.
രാത്രി പൊതുസ്ഥലത്ത് മദ്യപിക്കുന്നവരെയും നിരോധിത ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതും തടയാന്‍ പോലീസിന്റെ ഭാഗത്തുനിന്നും കര്‍ശന നടപടികള്‍ എടുക്കണമെന്നും നൈറ്റ് പട്രോളിങ് കാര്യക്ഷമമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.