കുട്ടനാട്: കുട്ടനാട്ടിലെ 126 വര്‍ഷത്തിലേറെ പഴക്കമുള്ള അറയും പുരയും കത്തിനശിച്ചു. ചമ്പക്കുളം പഞ്ചായത്ത് ആറാം വാര്‍ഡ് കണ്ടംകരി ആമ്പക്കാട് ആന്റണി ജോസഫിന്റെ വീടാണു വ്യാഴാഴ്ച രാത്രി 11.30 ന് കത്തി നശിച്ചത്.
വെള്ളം പൊങ്ങി ഇറങ്ങിയ വീട് വൃത്തിയാക്കി താമസത്തിനു തയാറെടുക്കുന്നതിനിടെയാണു സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണു വീട് കത്തി നശിക്കാന്‍ കാരണമെന്നാണു കരുതുന്നത്. പൊതുവെ ഉയര്‍ന്ന സ്ഥലത്തുള്ള വീടായിരുന്നതിനാല്‍ വെള്ളപ്പൊക്കത്തില്‍ സമീപവാസികളായ നിരവധി പേര് ഇവിടെയായിരുന്നു താമസം.
വെള്ളം ക്രമാതീതമായി ഉയര്‍ന്നപ്പോള്‍ ഈ വീടും വെള്ളത്തിലാകുകയായിരുന്നു. വെള്ളം ഇറങ്ങിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ തന്നെയാണ് വ്യാഴാഴ്ച വീട് വൃത്തിയാക്കിയത്. ഇന്നലെ താമസിക്കാനായിയിരിക്കെയാണ് അഗ്നിക്കിരയായിത്. ആന്റണിയും ഭാര്യ ബേബിക്കുട്ടിയും സമീപത്തുള്ള വീട്ടിലായിരുന്നു താമസം.
രാത്രി 11.45 ന് ഓട് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കുമ്പോള്‍ വീട് കത്തുന്നതാണു കണ്ടത്. ഓടിയെത്തിയ നാട്ടുകാരും ഫയര്‍ ഫോഴ്സും തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും വീട് പൂര്‍ണമായും കത്തി നശിക്കുകയായിരുന്നു.
വീട്ടിലുണ്ടായിരുന്ന ഫ്രിഡ്ജ്, ടിവി, വാഷിങ്മെഷീന്‍ തുടങ്ങി വീട്ടുപകരണങ്ങളും കത്തി നശിച്ചു. ആധാരം ഉള്‍പ്പെടെയുള്ള രേഖകളും കത്തിനശിച്ചിട്ടുണ്ട്. ഓട്ടു ഉരുളികള്‍ ഉരുകിയ നിലയിലായിരുന്നു.