Thursday, November 15, 2018 Last Updated 1 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 12.30 AM

ജില്ല എലിപ്പനി ഭീതിയില്‍ 16 താല്‍ക്കാലിക ആശുപത്രി തുറക്കും

uploads/news/2018/08/244673/1.jpg

കോഴിക്കോട്‌: ജില്ലയില്‍ എലിപ്പനി ഭീതി പരത്തുന്നു. എലിപ്പനി ലക്ഷണങ്ങളുമായി മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാലുപേര്‍ മരിച്ചതോടെ ആരോഗ്യവകുപ്പ്‌ കടുത്ത ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
ജില്ലയില്‍ 16 സ്‌ഥലങ്ങളില്‍ താല്‍ക്കാലിക ആശുപത്രികള്‍ പ്രവര്‍ത്തിക്കുമെന്നു മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ജയശ്രി അറിയിച്ചു.
ലക്ഷണങ്ങളുമായി മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 84 പേരില്‍ 33 പേര്‍ക്കും എലിപ്പനി സ്‌ഥിരീകരിച്ചു.
കലക്‌ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്‌ ഡസ്‌ക് പ്രവര്‍ത്തനം തുടങ്ങി. എലിപ്പനി തടയുന്നതിനു പ്രതിരോധ ഗുളിക ഫലപ്രദമാണെന്നു മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. പ്രളയാനന്തരം ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ പ്രതിരോധ ഗുളിക കഴിക്കണമെന്നു നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും പലരും ഗുളിക കഴിക്കാന്‍ വൈമനസ്യം കാണിക്കുകയാണ്‌. 16 താല്‍ക്കാലിക ആശുപത്രിയിലും പ്രതിരോധ ഗുളികകള്‍ നല്‍കും.
താല്‍ക്കാലിക ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നതിനു മെഡിക്കല്‍ കോളജിലെ പി.ജി വിദ്യാര്‍ഥികളെയാണു നിയോഗിക്കുകയെന്നും ഇതുസംബന്ധിച്ചു സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചതായും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
മലിന ജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്കാണ്‌ എലിപ്പനി പിടിപെടാന്‍ സാധ്യത. രോഗാണു വാഹകരായ എലികളുടേയും മറ്റു ജീവികളുടേയും മൂത്രം കലര്‍ന്ന വെള്ളത്തില്‍ നിന്നാണ്‌ രോഗകാരിയായ ബാക്‌ടീരിയ ശരീരത്തില്‍ പ്രവേശിക്കുന്നത്‌. മലിന ജലത്തില്‍ നിന്നു ശരീരത്തിലെ ചെറിയ മുറിവുകളിലൂടെ ബാക്‌ടീരിയ ശരീരത്തില്‍ പ്രവേശിക്കും.
ആറുമുതല്‍ 20 ദിവസത്തിനുള്ളിലാണു ലക്ഷണങ്ങള്‍ പ്രകടമാവുക. പനിക്കൊപ്പമുണ്ടാവുന്ന കടുത്ത തലവേദന, ശരീര വേദന എന്നിവയാണു പ്രാഥമിക ലക്ഷണങ്ങള്‍. രോഗം ഗുരുതരമായാല്‍ കരള്‍, വൃക്ക തലച്ചോര്‍ എന്നിവയെയാണു ബാധിക്കുന്നത്‌. രോഗം മൂര്‍ച്‌ഛിച്ചാല്‍ ശ്വാസ തടസ്സം, രക്‌തവാര്‍ച്ച, ഹൃദയാഘാതം എന്നിവയിലൂടെ മരണം സംഭവിക്കാം.
ഡോക്‌സി സൈക്ലിന്‍ എന്ന പ്രതിരോധ ഗുളിക 200 മി. ഗ്രാം കഴിക്കുന്നത്‌ രോഗ പ്രതിരോധത്തിനു ഫലപ്രദമാണ്‌. ഇതേ ഗുളികയാണു ചികില്‍സക്കും നല്‍കുന്നത്‌. പനി ലക്ഷണങ്ങളുള്ളവരെല്ലാം പ്രതിരോധ ഗുളിക കഴിക്കുന്നതാണു നല്ലതെന്നാണു വിദഗ്‌ധര്‍ പറയുന്നത.്‌ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ദുരിതാശ്വാസ ക്യാമ്പുകളിലും ഗുളിക ലഭ്യമാക്കിയിട്ടുണ്ട്‌. കാക്കൂര്‍, ചെറുവണ്ണൂര്‍, ബേപ്പൂര്‍, ചക്കിട്ടപ്പാറ, ചൂലൂര്‍, കക്കോടി, കുണ്ടുതോട്‌, കുന്നമംഗലം, മൂഴിക്കല്‍, പെരുവയല്‍, പുതുപ്പാടി, തണ്ണീര്‍പ്പന്തല്‍, വാണിമേല്‍, വേളം, മരുത്വോംകര, തണ്ണീര്‍പ്പന്തല്‍ എന്നിവിടങ്ങളിലായാണ്‌ 16 താല്‍ക്കാലിക ആശുപത്രികള്‍ സ്‌ഥാപിക്കുന്നത്‌.
മെഡിക്കല്‍ പി ജി ഡോക്‌ടറും ഒരു നഴ്‌സും ആയിരിക്കും ഇത്തരം ആശുപത്രികളില്‍ പ്രവര്‍ത്തിക്കുക. അതോടൊപ്പം പ്രത്യേക പരിശീലനം നല്‍കിയ 82 ജെ.പി.എച്ച്‌.എന്‍ മാരേയും നിയമിച്ചിട്ടുണ്ട്‌. രണ്ടു മാസത്തോളം ഇത്തരം ആശുപത്രികള്‍ പ്രവര്‍ത്തിപ്പിക്കാനാണ്‌ തീരുമാനം. തദ്ദേശ സ്വയംഭരണസ്‌ഥാപനങ്ങളുടെ നിയന്ത്രണത്തിലാണ്‌ ഇവ പ്രവര്‍ത്തിക്കുക.
ആരോഗ്യ കേന്ദ്രങ്ങള്‍, പഞ്ചായത്ത്‌ ലഭ്യമാക്കുന്ന വാടകക്കെട്ടിടങ്ങള്‍ ആണ്‌ ഇതിനായി ഉപയോഗിക്കുക. ശരീരവേദനയും പനിയുമുള്ളവര്‍ ഉടന്‍തന്നെ ചികില്‍സ തേടണം. സ്വയം ചികില്‍സ ഒഴിവാക്കണം.
ജില്ലയില്‍ മൂന്നു കുട്ടികള്‍ക്ക്‌ വയറിളക്ക രോഗം ബാധിച്ചുവെന്നും 10 മാസം പ്രയാമുള്ള ഒരു കുഞ്ഞ്‌ രോഗബാധയെതുടര്‍ന്ന്‌ മരിച്ചതായും അവര്‍ പറഞ്ഞു. വയറിളക്കം ബാധിച്ച കുട്ടികള്‍ക്ക്‌ കഞ്ഞിവെള്ളം, തിളപ്പിച്ചാറിയ വെള്ളം, ഇളനീര്‍, ഒആര്‍എസ്‌ നല്‍കണം. കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പര്‍: 0495 2376100, 9745661177, 9745774933.

Ads by Google
Advertisement
Friday 31 Aug 2018 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW