Friday, February 22, 2019 Last Updated 5 Min 35 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 12.22 AM

മനാഫ്‌ വധക്കേസ്‌: ഒളിവില്‍ കഴിയുന്ന രണ്ട്‌ പ്രതികള്‍ ഇന്നലെ കോടതിയില്‍ കീഴടങ്ങി

uploads/news/2018/08/244636/2.jpg

മഞ്ചേരി: ഏറെ കോളിളക്കം സൃഷ്‌ടിച്ച എടവണ്ണ ഒതായി പള്ളിപ്പറമ്പന്‍ മനാഫ്‌ വധക്കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന രണ്ട്‌ പ്രതികള്‍ ഇന്നലെ മഞ്ചേരി ജൂഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി മുമ്പാകെ കീഴടങ്ങി. എളമരം ചെറുവായൂര്‍ പയ്യനാട്ട്‌തൊടിക എറക്കോടന്‍ ജാബിര്‍ എന്ന കബീര്‍ (45), നിലമ്പൂര്‍ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ്‌ (45) എന്നിവരാണ്‌ കീഴടങ്ങിയത്‌. ഇവരെ മജിസ്‌ട്രേറ്റ്‌ ഇ വി റാഫേല്‍ 14 ദിവസത്തേക്ക്‌ റിമാന്റ്‌ ചെയ്‌തു. ഇനി ഈ കേസില്‍ എടവണ്ണ മുണ്ടേങ്ങര മാലങ്ങാടന്‍ ഷഫീഖ്‌ (49), മാലങ്ങാടന്‍ ഷെരീഫ്‌ (51) എന്നീ പ്രതികളാണ്‌ പിടിയിലാകാനുള്ളത്‌. വിദേശത്തു കഴിയുന്ന ഇവരെ അറസ്‌റ്റു ചെയ്യുന്നതിന്‌ അധികൃതര്‍ ഇന്റര്‍പോളിന്റെ സഹായം തേടിയേക്കും.
1995 ഏപ്രില്‍ 13നാണ്‌ ഒതായി അങ്ങാടിയില്‍ വെച്ച്‌ ഓട്ടോഡ്രൈവറായ മനാഫ്‌ കൊല്ലപ്പെടുന്നത്‌. നിലവില്‍ എം എല്‍ എയായ പി വി അന്‍വര്‍ കേസില്‍ രണ്ടാം പ്രതിയായിരുന്നു. എന്നാല്‍ ഒന്നാം സാക്ഷിയടക്കമുള്ളവര്‍ കൂറുമാറിയതിനെ തുടര്‍ന്ന്‌ 21 പ്രതികളെ മഞ്ചേരി ജില്ലാ സെഷന്‍സ്‌ കോടതി വെറുതെ വിട്ടിരുന്നു.
സംഭവം നടന്ന്‌ 23 വര്‍ഷമായിട്ടും ഒളിവില്‍ കഴിയുന്ന പ്രതികളെ പിടികൂടുന്നതില്‍ പൊലീസ്‌ വീഴ്‌ച വരുത്തുന്നുവെന്നാരോപിച്ച്‌ കൊല്ലപ്പെട്ട മനാഫിന്റെ സഹോദരന്‍ അബ്‌ദുല്‍ റസാഖ്‌ ഇക്കഴിഞ്ഞ മെയ്‌ 30ന്‌ മഞ്ചേരി ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പ്രതികളിലൊരാളായ മുനീബ്‌ പി.വി അന്‍വര്‍ എം.എല്‍.എയുടെ കക്കാടംപൊയില്‍ വാട്ടര്‍തീം പാര്‍ക്കിലെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്‌തിരുന്നതായും മനാഫിന്റെ സഹോദരന്‍ കോടതിയെ അറിയിച്ചിരുന്നു.
പ്രതികളെ വെറുതെവിട്ട സെഷന്‍സ്‌ കോടതി വിധി റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ അപ്പീലും മനാഫിന്റെ സഹോദരന്‍ അബ്‌ദുല്‍ റസാഖിന്റെ റിവിഷന്‍ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്‌.
ഒളിവിലായിരുന്ന നാല്‌ പ്രതികള്‍ക്കെതിരെയും ലുക്ക്‌ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിക്കാണമെന്നും മൂന്നു മാസത്തിനകം കേസിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും മജിസ്‌ട്രേറ്റ്‌ ഇ വി റാഫേല്‍ ജില്ലാ പൊലീസ്‌ മേധാവിക്ക്‌ നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തിലാണ്‌ രണ്ടു പേര്‍ ഇന്നലെ കോടതിയില്‍ കീഴടങ്ങിയത്‌.
1995ല്‍ നടന്ന സംഭവത്തിന്റെ കുറ്റപത്രം പൊലീസ്‌ 2001ലാണ്‌ കോടതിയില്‍ സമര്‍പ്പിച്ചത്‌. ഇതിനിടയില്‍ പ്രതികള്‍ ജോലി തേടി വിദേശത്തേക്ക്‌ പോകുകയായിരുന്നു. 2009ല്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട്‌ കോടതി വിധി വന്നുവെങ്കിലും വിചാരണക്ക്‌ ഹാജരാകാത്തതിനാല്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കു മേലുള്ള കേസില്‍ തീര്‍പ്പുണ്ടായില്ല. എന്നാല്‍ മുഖ്യ പ്രതികള്‍ മൊത്തം കുറ്റവിമുക്‌തരായതിനാല്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കെതിരെ പൊലീസ്‌ കര്‍ശന നടപടി സ്വീകരിച്ചതുമില്ല.
ഇന്നലെ റിമാന്റിലായ പ്രതികളുടെ ജാമ്യാപേക്ഷ സെപ്‌റ്റംബര്‍ മൂന്നിന്‌ കോടതി പരിഗണിക്കും.

Ads by Google
Advertisement
Friday 31 Aug 2018 12.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW