Sunday, November 18, 2018 Last Updated 0 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 12.18 AM

നിറംമങ്ങിയ ടൂറിസം കേന്ദ്രങ്ങള്‍ മോടിപിടിപ്പിച്ച്‌ ഡി.ടി.പി.സി.

uploads/news/2018/08/244610/2.jpg

രാജകുമാരി: പ്രളയത്തില്‍ തകര്‍ന്ന ജില്ലയ്‌ക്ക്‌ പ്രതിസന്ധികളില്‍നിന്നും അതിജീവിക്കാനുള്ള ഏക മാര്‍ഗം വിനോദസഞ്ചാര മേഖലയാണെന്ന തിരിച്ചറിവോടെ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ സഞ്ചാരികള്‍ക്കായി ഒരുക്കാനുളള തിരക്കിലാണ്‌ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍.
കാലവര്‍ഷക്കെടുതിയില്‍ കനത്ത നാശനഷ്‌ടമാണ്‌ വിനോദ സഞ്ചാര മേഖലയില്‍ ഉണ്ടായിരിക്കുന്നത്‌. ജില്ലയില്‍ ഡി.ടി.പി.സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളില്‍ മാത്രം അഞ്ചു കോടിയിലധികം രൂപയുടെ നാശനഷ്‌ടമുണ്ടായിട്ടുണ്ട്‌. കൂടാതെ 50 ലക്ഷം രൂപയുടെ റവന്യൂ നഷ്‌ടവും ഉണ്ടായിട്ടുണ്ട്‌. നാശനഷ്‌ടങ്ങളുണ്ടായിട്ടുള്ള കേന്ദ്രങ്ങളില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരിക്കുകയാണ്‌. വെള്ളപ്പൊക്കത്തെ തുടര്‍ന്ന്‌ അടച്ചിട്ടിരുന്ന രാജാക്കാട്‌ ശ്രീനാരായണപുരം റിപ്പിള്‍ ഫാള്‍സ്‌ വിനോദ സഞ്ചാര കേന്ദ്രം ഉടന്‍ പ്രവര്‍ത്തനം പുനരാംഭിക്കാനുള്ള ഒരുക്കത്തിലാണ്‌ ടൂറിസം അധികൃതര്‍.
മുതിരപ്പുഴയാറില്‍ ജലനിരപ്പ്‌ ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്ന്‌ 12 നാണ്‌ കേന്ദ്രം അടച്ചിട്ടത്‌. വെള്ളം ഉയര്‍ന്ന്‌ പുഴ മധ്യത്തിലെ പാറക്കെട്ടില്‍ നിര്‍മിച്ചിട്ടുള്ള പവലിയനില്‍ കയറുകയും മലവെള്ളത്തില്‍ മരത്തടികള്‍ ഒഴുകിയെത്തി കൈവരികള്‍ തകര്‍ക്കുകയും ചെയ്‌തതോടെ പ്രവേശന മാര്‍ഗത്തിലെ പാലം അടഞ്ഞിരുന്നു. പുഴവെള്ളം നടപ്പാതയോളം ഉയര്‍ന്ന്‌ ശൗചാലയത്തിനു സമീപത്തുകൂടി ഒഴുകിയെങ്കിലും ചെളി അടിഞ്ഞു കൂടിയതല്ലാതെ കെട്ടിടങ്ങള്‍ക്കോ, പ്രധാന നിര്‍മിതികള്‍ക്കോ കാര്യമായ കേടുപാടുകള്‍ ഉണ്ടായിട്ടില്ലാത്തത്‌ അധികൃതര്‍ക്ക്‌ ആശ്വാസം പകരുന്നതാണ്‌. കൂടാതെ തേക്കിന്‍കാനത്തുനിന്നും ഇവിടേക്കുള്ള റോഡിനും വലിയ തകരാര്‍ സംഭവിച്ചിട്ടില്ല. ഹൈറേഞ്ചിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ ഇവിടെ ദിവസേന ശരാശരി 1200ല്‍ പരം സന്ദര്‍ശകര്‍ എത്താറുണ്ട്‌.
ഡി.ടി.പി.സിക്ക്‌ ഏറ്റവുമധികം വരുമാനം നേടിക്കൊടുക്കുന്ന കേന്ദ്രങ്ങളില്‍ ഒന്നാണിത്‌. മഴ കനത്ത്‌ സന്ദര്‍ശകര്‍ക്ക്‌ വിലക്കേര്‍പ്പെടുത്തിയതോടെ കേന്ദ്രത്തെ ആശ്രയിച്ച്‌ ഉപജീവനം നടത്തുന്ന കച്ചവടക്കാരുടെയും വാഹന ഡ്രൈവര്‍മാരുടെയും വരുമാനം നിലച്ചത്‌ നിരവധി കുടുംബങ്ങളെ പട്ടിണിയിലാക്കിയിരിക്കുകയാണ്‌. ഇപ്പോള്‍ റോഡ്‌ ഗതാഗതമടക്കം പുന:സ്‌ഥാപിച്ച്‌ വിനോദ സഞ്ചാരത്തിന്‌ അനുമതി ലഭിക്കുന്നതിന്‌ മുമ്പായി കേന്ദ്രങ്ങള്‍ സഞ്ചാരികള്‍ക്കായി ഒരുക്കാനുള്ള പരിശ്രമമാണ്‌ നാട്ടുകാരുടെ സഹകരണത്തോടെ ഡി.ടി.പി.സി. നടത്തി വരുന്നത്‌. കേന്ദ്രത്തില്‍ പലയിടത്തായി അടിഞ്ഞ ചെളിയും മാലിന്യങ്ങളും നീക്കംചെയ്‌ത്‌ ഇവിടം കഴുകി വൃത്തിയാക്കിക്കഴിഞ്ഞു.
കൈവരികള്‍ ഉറപ്പിക്കുന്നതും പെയിന്റിങ്‌ ഉള്‍പ്പെടെയുള്ള പണികള്‍ രണ്ട്‌ ദിവസത്തിനകം തീരുമെന്നും അധികൃതര്‍ പറഞ്ഞു. നിലവില്‍ ജില്ലയിലെ മറ്റു പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ വാഗമണ്‍, രാമക്കല്‍മേട്‌, പാഞ്ചാലിമേട്‌, കുമളി എന്നിവിടങ്ങളും സഞ്ചാരികള്‍ക്കായി ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ്‌.
ഏറെ താമസിക്കാതെ വിവിധ കേന്ദ്രങ്ങളില്‍ നിര്‍ത്തിവച്ചിരിക്കുന്ന ബോട്ടിങ്ങുകളും പുനരാരംഭിക്കാന്‍ കഴിയുമെന്നാണ്‌ അധികൃതര്‍ നല്‍കുന്ന വിശദീകരണം.
വിനോദ സഞ്ചാരികളുടെ കടന്നുവരവ്‌ വര്‍ധിക്കുന്നതോടെ തകര്‍ന്ന ജില്ലയുടെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുവാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ്‌ അധികൃതര്‍.

Ads by Google
Advertisement
Friday 31 Aug 2018 12.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW