Wednesday, November 21, 2018 Last Updated 0 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 12.18 AM

പാലത്തിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി; ചെറുവാഹനങ്ങള്‍ കടത്തിവിടും

uploads/news/2018/08/244609/1.jpg

ചെറുതോണി: പാലത്തിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ഗാന്ധിനഗര്‍ കോളനിയിലേക്കുള്ള റോഡ്‌ ഇന്നലെ വൈകിട്ട്‌ തുറന്നുകൊടുത്തതോടെ ചെറു വാഹനങ്ങള്‍ കടന്നുപോകാന്‍ തുടങ്ങി.
15 ദിവസത്തിലധികമായി ഗാന്ധിനഗര്‍ കോളനി ഒറ്റപ്പെട്ട അവസ്‌ഥയിലായിരുന്നു. തിങ്കളാഴ്‌ച കാല്‍നടയാത്രക്കാര്‍ക്ക്‌ കടന്നുപോകാനുള്ള സൗകര്യം ഒരുക്കിയിരുന്നു.
ഇതോടെ കോളനിയിലെ അഞ്ഞൂറോളം കുടുംബങ്ങള്‍ക്ക്‌ ആശ്വാസമായി. ഗാന്ധിനഗര്‍ കോളനിയിലൂടെ ഇടുക്കിയിലേയ്‌ക്ക്‌ വാഹനങ്ങള്‍ക്ക്‌ കടന്നുപോകുന്നതിന്‌ കഴിയും. തിങ്കളാഴ്‌ച മുതല്‍ കെ.എസ്‌.ആര്‍.ടി.സി ബസുകള്‍ ഇടുക്കി വഴി സര്‍വീസുകള്‍ ആരംഭിച്ചിരുന്നു. ഇന്നലെ മുതല്‍ സ്വകാര്യ ബസുകളും സര്‍വ്വീസ്‌ ആരംഭിച്ചു. ഇന്ന്‌ എല്ലാ സ്‌ഥലത്തേയ്‌ക്കും ബസ്‌ സര്‍വീസ്‌ ആരംഭിക്കും. ഇതോടെ ചെറുതോണി ടൗണ്‍ ഉണര്‍ന്നു തുടങ്ങി.
ഉരുള്‍പൊട്ടലില്‍ പ്രദേശത്തെ റോഡുകളും കൃഷി സ്‌ഥലങ്ങളും വീടുകളും നശിച്ചതു കൂടാതെ അണക്കെട്ട്‌ തുറന്നുവിട്ടതിനെത്തുടര്‍ന്ന്‌ ഇരുപതോളം വ്യാപാര ശാലകളും നശിച്ചുപോയിരുന്നു. പലകടകള്‍ക്കും അപകടവും പറ്റിയിരുന്നു. പോലീസിന്റെ കര്‍ശന നിയന്ത്രണം മൂലം ടൗണിലേയ്‌ക്ക്‌ വാഹനവും ആളുകളും വരാതായിരുന്നു. പകുതിയോളം വ്യാപാര സ്‌ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയായിരുന്നു.
ടൗണിന്റെ പലഭാഗത്തും മണ്ണിടിഞ്ഞും മരങ്ങള്‍ വീണും വാഹനങ്ങള്‍ എത്താന്‍ പറ്റാത്ത അവസ്‌ഥയിലുമായിരുന്നു. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പൊതുജനപങ്കാളിത്തത്തോടെ ചെറുതോണി, തടിയംപാട്‌, കരിമ്പന്‍ വരെയുള്ള പ്രദേശങ്ങളും ജില്ലാ ആശുപത്രി പരിസരവും ശുചീകരിക്കുകയും ചെറുതോണി ടൗണില്‍ അപകടാവസ്‌ഥയില്‍ നിന്നിരുന്ന മരങ്ങള്‍ മുറിച്ചുമാറ്റുകയും ചെയ്‌തു. ഇതോടെ ടൗണ്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്‌ജമായി.
പാലവും തുറന്നതോടെ വ്യാപാര മാന്ദ്യം മാറി പഴയ രീതിയിലേയ്‌ക്ക്‌ എത്തിക്കൊണ്ടിരിക്കുകയാണ്‌. കടകള്‍ നഷ്‌ടപ്പെട്ട വ്യാപാരികളുടെ പുനരധിവാസം സംബന്ധിച്ച്‌ ഇതുവരെയും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.
ഇടുക്കിയിലേയ്‌ക്ക്‌ മുന്‍ നിശ്‌ചയിച്ചിരുന്ന സമയത്ത്‌ മുഴുവന്‍ ബസുകളും സര്‍വീസ്‌ ആരംഭിച്ചാലേ ചെറുതോണി പഴയ രീതിയിലേയ്‌ക്ക്‌ എത്തുകയുള്ളൂ.
റോഡിലേയ്‌ക്ക്‌ ഇടിഞ്ഞുവീണിട്ടുള്ള മണ്‍കൂനകള്‍ പൂര്‍ണമായും മാറ്റാത്തതിനാലാണ്‌ വലിയ വാഹനങ്ങള്‍ എത്താന്‍ തടസമായിട്ടുള്ളത്‌. ചുരുളിയിലും മീന്‍മുട്ടിയിലും റോഡുകള്‍ ഇടിഞ്ഞുപോയിട്ടുളള ഭാഗത്ത്‌ പുതിയ റോഡ്‌ വെട്ടിയതിന്‌ ശേഷമാണ്‌ ചെറു വാഹനങ്ങള്‍ കടത്തി വിട്ടത്‌.
ഇടിഞ്ഞുവീണിട്ടുള്ള മണ്‍തിട്ടകള്‍ പൂര്‍ണമായും അടിയന്തരമായി മാറ്റുകയും ചെറുതോണിയില്‍ നിന്നും കട്ടപ്പനയ്‌ക്കുള്ള തകര്‍ന്ന റോഡിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുകയും ചെയ്‌താലേ ടൗണിലെ വ്യാപാര മാന്ദ്യം പൂര്‍ണമായും മാറുകയുള്ളൂവെന്ന്‌ വ്യാപാരികള്‍ പറയുന്നു.

Ads by Google
Advertisement
Friday 31 Aug 2018 12.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW