Friday, August 31, 2018 Last Updated 5 Min 8 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 12.18 AM

പ്രളയങ്ങളുടെ നാട്ടില്‍നിന്ന്‌ പ്രളയബാധിതര്‍ക്കു സഹായം

തൊടുപുഴ: പ്രകൃതി ദുരന്തം വേട്ടയാടിയ മലയോര ജില്ലയിലേക്ക്‌ പ്രളയവും ദുരിതവും പതിവായ ബംഗ്ലാദേശില്‍നിന്ന്‌ സഹായം. പ്രധാനമന്ത്രി ഷേഖ്‌ ഹസീനയുടെ നിര്‍ദേശാനുസരണം ലയണ്‍സ്‌ക്ലബ്‌ മുഖേനയാണ്‌ സഹായമെത്തിച്ചത്‌.
ലയണ്‍സ്‌ക്ലബ്‌ അങ്കണത്തില്‍ ദുരന്തബാധിതര്‍ക്കുള്ള വസ്‌തുക്കളുമായി പതിവുപോലെ എത്തിയ ലോറിയിലെ പെട്ടികളിലൊന്നില്‍ ഇങ്ങനെ എഴുതിയിരുന്നു. 'ഹൈക്കമ്മീഷന്‍ ഫോര്‍ ദി പീപ്പിള്‍സ്‌ റിപ്പബ്ലിക്‌ ഓഫ്‌ ബംഗ്ലാദേശ്‌'.
ലോറിയില്‍നിന്നു പുറത്തിറങ്ങിയ ഒരു ഉദ്യോഗസ്‌ഥന്‍ സ്വയം പരിചയപ്പെടുത്തി. ബംഗ്ലാദേശ്‌ പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ്‌ താനിത്‌ നേരിട്ട്‌ എത്തിക്കുന്നതെന്ന്‌ വെളിപ്പടുത്തിയപ്പോഴാണ്‌ ഇവിടെയുണ്ടായിരുന്നവര്‍ക്ക്‌ അമ്പരപ്പ്‌ മാറിയത്‌.
അകലങ്ങള്‍ തീര്‍ത്ത അതിരുകളെ അതിജീവിച്ച ഒരു സുഹൃത്‌ബന്ധമാണ്‌ ഇതിനു പിന്നില്‍ എന്നതാണ്‌ ഏറെ ആശ്‌ചര്യം. ലയണ്‍സ്‌ ക്ലബ്‌ പ്രസിഡന്റ്‌ ഡോ.സാജന്‍ ചാഴികാടന്റെ പത്‌നി നീത സാജനും ബംഗ്ലാദേശ്‌ പ്രധാനമന്ത്രിയുടെ മകള്‍ സൈമ വാസദ്‌ ഹൊസൈനും പഴയ സഹപാഠികളും ഉറ്റ മിത്രങ്ങളുമാണ്‌.
ഇടുക്കിയിലെ ദുരിതങ്ങളെക്കുറിച്ച്‌ നീത സാജനില്‍നിന്നും മനസിലാക്കിയ സൈമ, ഉടന്‍തന്നെ സഹായമെത്തിച്ചു നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചു.
ഇതോടെ പ്രളയങ്ങളുടെ നാട്ടില്‍ നിന്നും ഇടുക്കിയിലേക്ക്‌ സഹായമെത്തി. വലിയ 22 പെട്ടികളിലായി പുതപ്പ്‌, ഉടുപ്പ്‌, കട്ടിയുള്ള ടൗവലുകള്‍, വിവിധ പകര്‍ച്ചവ്യാധികള്‍ക്കുള്ള മരുന്നുകള്‍ തുടങ്ങിയ സാമഗ്രികള്‍ തൊടുപുഴയില്‍ എത്തിച്ചതിനു ശേഷം ഹൈക്കമ്മീഷനിലെ ഉദ്യോഗസ്‌ഥന്‍ മടങ്ങി. സൈമ ഹൊസൈന്‍ ഇപ്പോള്‍ യു.എന്നിന്റെയും ലോകാരോഗ്യ സംഘടനയുടെയും ഭാഗമായി വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.
മാനസികാരോഗ്യരംഗത്തും ഞരമ്പു സംബന്ധമായ രോഗാവസ്‌ഥകളെക്കുറിച്ചും ഉന്നതങ്ങളായ വിദേശ സര്‍വകലാശാലകളില്‍ നിന്നു ബിരുദാനന്തര ബിരുദവും കരസ്‌ഥമാക്കിയിട്ടുണ്ട്‌. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി താന്‍ പടുത്തുയര്‍ത്തിയ ഷുചോന ഫൗണ്ടേഷന്റെ സാരഥികൂടിയാണ്‌ സൈമ. പ്രളയ ബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ തൊടുപുഴ ലയണ്‍സ്‌ ക്ലബ്‌ അംഗങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ ചോദിച്ചറിഞ്ഞ സൈമ തനിക്കും ഇതില്‍ പങ്ക്‌ ചേരണമെന്ന്‌ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌.

Ads by Google
Advertisement
Friday 31 Aug 2018 12.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW