Tuesday, September 11, 2018 Last Updated 4 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 12.18 AM

വ്യാപാരികള്‍ക്കും ദുരിതാശ്വാസ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന്‌

മുരിക്കാശേരി: പ്രളയ ദുരന്തത്തിന്‌ ഇരയായ വ്യാപാരികള്‍ക്ക്‌ കൂടി ദുരിതാശ്വാസ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന്‌ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ശക്‌തമായ മഴയും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വെളളപ്പൊക്കവും മൂലം വ്യാപാര സ്‌ഥാപനങ്ങള്‍ക്കുണ്ടായ നാശനഷ്‌ടം കൂടി റവന്യൂ ഉദ്യോഗസ്‌ഥര്‍ കണെക്കെടുപ്പു നടത്തി ന്യായമായ നഷ്‌ട പരിഹാരം വ്യാപാരികള്‍ക്കും നല്‍കണം. സര്‍ക്കാരിന്റെ ഖജനാവിലേക്ക്‌ കോടിക്കണക്കിന്‌ രൂപ നികുതി നല്‍കുന്ന വ്യാപാരികളെ ആപത്ത്‌ സമയത്ത്‌ കൈവെടിയാതെ പരിരക്ഷിക്കാനുളള കടമ സര്‍ക്കാരിനുണ്ടെന്ന്‌ യോഗം ചൂണ്ടിക്കാട്ടി.
ജില്ലയില്‍ പ്രകൃതി ദുരന്തം മൂലം നാശനഷ്‌ടം സംഭവിച്ച വ്യാപാരികള്‍ക്ക്‌ താല്‍ക്കാലിക സഹായം എത്തിക്കുന്നതിന്‌ ജില്ലയിലെ 142 യൂണിറ്റുകളില്‍ നിന്നും ദുരിതാശ്വാസ ഫണ്ട്‌ സ്വരൂപിക്കാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
ജില്ലയിലെ ഏകോപന സമിതിയുടെ 15000 ത്തോളം വരുന്ന അംഗങ്ങള്‍ തങ്ങളുടെ ഒരു ദിവസത്തെ വരുമാനം സംഭാവനയായി നല്‍കണമെന്നും, ഇത്‌ യൂണിറ്റു കമ്മിറ്റികള്‍ ശേഖരിച്ച്‌ സെപ്‌റ്റംബര്‍ 15-ന്‌ മുമ്പ്‌ ജില്ലാ കമ്മിറ്റിയില്‍ ഏല്‍പ്പിക്കണമെന്നും യോഗം നിര്‍ദേശിച്ചു.
അര്‍ഹതപ്പെട്ട വ്യാപാരികളെ കണ്ടെത്തി ഈ തുക അവര്‍ക്ക്‌ വീതിച്ചു നല്‍കും. പ്രളയ ദുരന്തത്തില്‍ വ്യാപാര സ്‌ഥാപനങ്ങള്‍ക്ക്‌ ഉണ്ടായിട്ടുളള നാശ നഷ്‌ടങ്ങളുടെ വിശദമായ വിവരം യൂണിറ്റു കമ്മറ്റികള്‍ ജില്ലാ കമ്മിറ്റിക്ക്‌ നല്‍കണം. ഇതോടൊപ്പം നാശനഷ്‌ടങ്ങള്‍ സംഭവിച്ച വ്യാപാരികളെ ജില്ലാ ഭാരവാഹികള്‍ സന്ദര്‍ശിക്കാനും തീരുമാനിച്ചു. ദുരന്തത്തിനിരയായ ചെറുതോണി ടൗണിലെ വ്യാപാരികളെ ജില്ലാ ഭാരവാഹികള്‍ സന്ദര്‍ശിച്ചു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്ത യൂണിറ്റു ഭാരവാഹികളെ യോഗം അഭിനന്ദിച്ചു. ജില്ലാ വൈസ്‌ പ്രസിഡന്റ്‌, സി.കെ മോഹനന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ജില്ലാ പ്രസിഡന്റ്‌ കെ.എന്‍.ദിവാകരന്‍ ഉദ്‌ഘാടനം ചെയ്‌തു. ജനറല്‍ സെക്രട്ടറി കെ.പി.ഹസന്‍ നാശനഷ്‌ടങ്ങളുടെ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു., ജില്ലാ വൈസ്‌ പ്രസിഡന്റുമാരായ നജീബ്‌ ഇല്ലത്തുപറമ്പില്‍, സണ്ണി പൈമ്പിളളില്‍, കെ.ആര്‍. വിനോദ്‌, സി.കെ ബാബുലാല്‍, ജില്ലാ സെക്രട്ടറിമാരായ വി. കെ മാത്യു. പി.എം. ബേബി , ജോയി മേക്കുന്നേല്‍, സെക്രട്ടേറിയേറ്റ്‌ അംഗം വര്‍ണ്മീസ്‌ ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Friday 31 Aug 2018 12.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW