ആലപ്പുഴ: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ജില്ലയിലെ ആരോഗ്യമേഖലയ്ക്കും വന്‍ സാമ്പത്തിക നഷ്ടം. സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 93 ആശുപത്രികളില്‍ പ്രളയബാധിതമായി ഉപയോഗശൂന്യമായത് 20 ആശുപത്രികള്‍. കുടുംബാരോഗ്യ കേന്ദ്രങ്ങളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ഇവയുടെ സബ് സെന്ററുകളുമെല്ലാം ഇതിലുള്‍പ്പെടും.
വെള്ളം കയറി ഉപകരണങ്ങളുള്‍പ്പെടെ കേടുപാടായ അവസ്ഥയിലാണ് ഇവയില്‍ ഭൂരിഭാഗം ആശുപത്രികളും .കുട്ടനാട്, ചെമ്പുംപുറം, തലവടി,എടത്വാ, തകഴി,കുപ്പപ്പുറം,ചമ്പക്കുളം, വെളിയനാട്, മുട്ടാര്‍,നീലംപേരൂര്‍,രാമങ്കരി, കാവാലം, കടമ്പൂര്,എരമല്ലിക്കര, ആല,ചെറുതന, പി.എച്ച്.സി ഹരിപ്പാട്, അമ്പലപ്പുഴ നോര്‍ത്ത്, പാണ്ടനാട്, മുളക്കുഴ എന്നിവടങ്ങളിലെ ആശുപത്രികളാണ് പൂര്‍ണമായും വെള്ളം കയറി നശിച്ചത്.
കട്ടിലുകള്‍, ബെഡ്, മരുന്ന് സൂക്ഷിക്കുന്ന ഐ.എല്‍.ആര്, കമ്പ്യൂട്ടറുകള്‍ എന്നിവയെല്ലാം നശിച്ചവയിലുണ്ട്. ആശുപത്രികളില്‍ സൂക്ഷിച്ചിരുന്ന മരുന്നുകള്‍ക്കും നാശമുണ്ടായി. മരുന്നുകളുടെ നാശ നഷ്ടകണക്ക് രേഖപ്പെടുത്തിയിട്ടില്ല.
പല ആശുപത്രികളിലും വെള്ളം കയറി ചെളി അടിഞ്ഞിരിക്കുന്നതിനാല്‍ കയറാനാകാത്ത സ്ഥിതിയാണ്. സ്റ്റോര്‍ ബുക്കുകള്‍ പരിശോധിച്ചാലേ മരുന്നുകളുടെ നഷ്ടം രേഖപ്പെടുത്താനാകൂവെന്നും ആരോഗ്യവകുപ്പ് ജീവനക്കാര്‍ പറയുന്നു.
വെളിയനാട്, നീലംപേരൂര്‍, കുപ്പപ്പുറം, കടമ്പൂര്, മുട്ടാര്‍, തകഴി, പുളിങ്കുന്ന്, ചമ്പക്കുളം എന്നിവടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ആശുപത്രികളുടെ കെട്ടിടങ്ങള്‍ പോലും ഇനി ഉപയോഗിക്കാനാകാത്ത വിധം നശിച്ചു. കെട്ടിടങ്ങളില്‍ ദിവസങ്ങളോളം വെള്ളം കയറിയതിനാല്‍ ബലക്ഷയവുമുണ്ട്. രാമങ്കരി, ചെമ്പുംപുറം,പാണ്ടനാട്, എരമല്ലിക്കര, കാവാലം,എടത്വ എന്നിവടങ്ങളിലെ ആശുപത്രികള്‍ അറ്റകുറ്റപ്പണി നടത്തിയാല്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കാനാകും.