Friday, September 14, 2018 Last Updated 0 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 12.15 AM

തണ്ണീര്‍മുക്കം ബണ്ട്‌: മണല്‍ചിറയിലെ സ്‌റ്റീല്‍ പൈലുകള്‍ മാറ്റിത്തുടങ്ങി

ചേര്‍ത്തല: തണ്ണീര്‍മുക്കം ബണ്ടിലെ മണല്‍ചിറയിലെ മണ്ണ്‌ നീക്കാനുള്ള ശ്രമം തുടങ്ങി. ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും കായല്‍മധ്യത്തിലെ മണല്‍ചിറ മൂലം സ്വാഭാവിക ഒഴുക്ക്‌ തടസപ്പെടുന്ന സ്‌ഥിതിയായിരുന്നു.
ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ്‌ അധികൃതര്‍ മണല്‍ച്ചിറ മുറിക്കാനുള്ള നീക്കങ്ങള്‍ക്ക്‌ വേഗത കൂട്ടിയത്‌. ബണ്ടിന്റെ രണ്ടാംഘട്ടത്തിന്റെ നിര്‍മാണത്തിനായി പണിത താല്‍ക്കാലിക മണല്‍ചിറയില്‍ സ്‌ഥാപിച്ചിരുന്ന സ്‌റ്റീല്‍പൈലുകള്‍ മാറ്റാന്‍ കഴിയാതിരുന്നതാണ്‌ പ്രതിസന്ധിക്ക്‌ കാരണമായത്‌.
വൈബ്രോ ഹാമര്‍ ഉപയോഗിച്ച്‌ കായലില്‍ ആഴത്തില്‍ താഴ്‌ത്തിയിട്ടുള്ള പൈലുകള്‍ ഉയര്‍ത്തി മാറ്റിത്തുടങ്ങി. പൈലുകള്‍ മാറ്റുന്നതോടെ വേഗത്തില്‍ ചിറപൊളിക്കാനാകുമെന്നാണ്‌ അധികൃതരുടെ പ്രതീക്ഷ.
രണ്ടാഴ്‌ചയോളം പൈലുകള്‍ നീക്കംചെയ്യുന്നത്‌ വിവിധ കാരണങ്ങളാല്‍ തടസപ്പെട്ടിരുന്നു. ഇന്നലെ പൈലുകളോടു ചേര്‍ന്ന മണല്‍ ഒരുവശത്തേക്കു നീക്കിയ ശേഷമാണ്‌ ജോലി തുടങ്ങിയത്‌. രാത്രിയോടെ പൈലുകള്‍ മാറ്റിത്തുടങ്ങി. ചിറയുടെ നടുഭാഗത്തുനിന്നും കിഴക്കോട്ടുള്ള പൈലുകളാണ്‌ മാറ്റുന്നത്‌. 50 മീറ്ററോളം ഭാഗത്തെ പൈലുകള്‍ നീക്കം ചെയ്യാനായി. രണ്ടു ദിവസത്തിനുള്ളില്‍ പൈലുകള്‍ മാറ്റി ചിറപൊളിക്കാനാകുമെന്ന്‌ അധികൃതര്‍ പറഞ്ഞു.
480 മീറ്റര്‍ നീളത്തിലുള്ള ചിറയില്‍ 680 ഓളം പൈലുകളാണ്‌ സ്‌ഥാപിച്ചിട്ടുള്ളത്‌. ഇതുവരെ 100 ഓളം പൈലുകളാണ്‌ മാറ്റിയത്‌.
പൈലുകള്‍ മാറ്റിയ ഭാഗത്തെ മണല്‍ നീക്കി നീരൊഴുക്കു സാധ്യമാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി ജലസേചനവകുപ്പ്‌ അസിസ്‌റ്റന്റ്‌ എക്‌സിക്യുട്ടീവ്‌ എഞ്ചിനീയര്‍ ബി.അബ്ബാസ്‌ പറഞ്ഞു.
ഇതിനിടെ ചിറയില്‍ നിന്ന്‌ നീക്കം ചെയ്യുന്ന മണലിന്റെ അവകാശത്തെ ചൊല്ലി തര്‍ക്കങ്ങള്‍ മുറുകുകയാണ്‌. തണ്ണീര്‍മുക്കം, വെച്ചൂര്‍ പഞ്ചായത്തുകളും ധീവരസഭയും അവകാശവാദവുമായി രംഗത്തുണ്ട്‌.
മണല്‍ കരാറുകാരന്‌ കൈമാറാനുള്ള ഇറിഗേഷന്‍ വകുപ്പിന്റെ നീക്കത്തിനെതിരെ കോണ്‍ഗ്രസ്‌ നേതാക്കളടക്കം കോടതിയെ സമീപിച്ചിട്ടുണ്ട്‌.

Ads by Google
Advertisement
Friday 31 Aug 2018 12.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW