Saturday, November 17, 2018 Last Updated 1 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 01.18 AM

പ്രളയം ഒഴിഞ്ഞിട്ടും കരകയറാതെ മൃഗസംരക്ഷണ മേഖല

കോട്ടയം: പ്രളയ നഷ്‌ടത്തില്‍നിന്നു കരകയറാനാകാതെ മൃഗസംരക്ഷണ മേഖല. തിട്ടപ്പെടുത്തിയതു കന്നുകാലികള്‍ ഉള്‍പ്പെടെ ചത്തൊടുങ്ങിയതിലുണ്ടായ നഷ്‌ടം മാത്രമെങ്കില്‍ വരാന്‍ പോകുന്നതു പാലുല്‍പാദനത്തില്‍ ഉള്‍പ്പെടെയുണ്ടാകുന്ന നഷ്‌ടവും.
ഇപ്പോഴും നഷ്‌ടക്കണക്കുമായി കര്‍ഷകര്‍ എത്തുമ്പോള്‍ കണക്കിന്റെ വ്യാപ്‌തി പിന്നെയും വര്‍ധിക്കുമെന്നു മൃഗസംരക്ഷ വകുപ്പ്‌ അധികൃതര്‍ പറയുന്നു.
ഇന്നലെ വരെയുള്ള കണക്കനുസരിച്ച്‌ മൃഗസംരക്ഷണ മേഖലയില്‍ 10.4 കോടി രൂപയുടെ നഷ്‌ടമുണ്ടായതായി ജില്ലാ മൃഗസംരക്ഷണ വകുപ്പ്‌ ഓഫീസര്‍ ഡോ.പി.ബി. സതീഷ്‌ ബാബു പറഞ്ഞു. വൈക്കം, കോട്ടയം, ചങ്ങനാശേരി താലൂക്കുകളിലാണു നഷ്‌ടമേറെയും. പശു, എരുമ വിഭാഗങ്ങളിലായി 410 എണ്ണം ചത്തു. 87 ആടുകള്‍ ചത്തപ്പോള്‍, കോഴി, താറാവിനത്തില്‍ ചത്തൊടുങ്ങിയത്‌ 26000 എണ്ണം.
അമ്പതിലേറെ കറവപ്പശുക്കള്‍ ചത്തതായാണു കണക്ക്‌. പ്രളയ ബാധിത പ്രദേശങ്ങളില്‍ ക്ഷീര മേഖല നടുവു നിവര്‍ത്തണമെങ്കില്‍ കുറഞ്ഞതു രണ്ടാഴ്‌ച കൂടി വേണം.
അപ്പോഴേയ്‌ക്കും ക്ഷീരോല്‍പാദനത്തില്‍ വന്‍ കുറവുണ്ടാകും. കോട്ടയം, വൈക്കം താലൂക്കുകളുടെ പടിഞ്ഞാറന്‍ മേഖലകളില്‍ കന്നുകാലികളെ ഇപ്പോഴും തിരികെ തൊഴുത്തില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ രണ്ടാഴ്‌ച ആവശ്യാനുസരണം കാലിത്തീറ്റയും പുല്ലും വെള്ളവും നല്‍കാന്‍ കഴിയാതിരുന്നതിനാല്‍ എത്ര പരിപാലനം ഇനിയുണ്ടായാലും പഴയ രീതിയില്‍ പാലുല്‍പാദനമുണ്ടാകില്ലെന്നു കര്‍ഷകര്‍ പറയുന്നു.
വെള്ളം കയറി 130 ഏക്കര്‍ സ്‌ഥലത്തെ തീറ്റപ്പുല്‍കൃഷി നശിച്ചിരുന്നു. സ്വഭാവികമായുളള പച്ചപ്പുല്ലും പ്രളയത്തില്‍ അഴുകി നശിച്ചു. പടിഞ്ഞാറന്‍ മേഖലയില്‍ ഒരു കെട്ട്‌ പുല്ലു പോലും ലഭിക്കാത്ത അവസ്‌ഥയാണ്‌. തമിഴ്‌നാട്ടില്‍ നിന്നെത്തിക്കുന്ന ചോളമാണു കൂടുതല്‍ പശുക്കളെ വളര്‍ത്തുന്നവര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്‌. ചെറുകിട കര്‍ഷകര്‍ക്ക്‌ ചോളം വാങ്ങാനും കഴിയുന്നില്ല.
സര്‍ക്കാരിന്റെയും ഇതര ഏജന്‍സികളുടെയും നേതൃത്വത്തില്‍ കാലിത്തീറ്റ പ്രളയ ബാധിത പ്രദേശങ്ങളില്‍ വിതരണം ചെയ്‌തിരുന്നുവെങ്കിലും മിക്ക കര്‍ഷകര്‍ക്കും ലഭിച്ചില്ലെന്നു പരാതിയുണ്ട്‌.
വ്യാപകമായി കാലിത്തൊഴുത്തുകള്‍ തകര്‍ന്നതിനാല്‍ തുടര്‍ന്നു കന്നുകാലികളെ വളര്‍ത്താന്‍ കഴിയാത്ത അവസ്‌ഥയിലാണു പല കര്‍ഷകരും. നിലവില്‍ 55 കാലിതൊഴുത്തുകള്‍ പൂര്‍ണമായും 420 കാലിത്തൊഴുത്തുകള്‍ ഭാഗികമായും തകര്‍ന്നുവെന്നാണു കണക്ക്‌. ഇവ പുനസ്‌ഥാപിക്കണമെങ്കില്‍ ലക്ഷങ്ങള്‍ വേണ്ടിവരും.

Ads by Google
Advertisement
Thursday 30 Aug 2018 01.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW