Sunday, November 18, 2018 Last Updated 17 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 12.51 AM

നീലംപേരൂരില്‍ ഇനി പടയണിത്താളം

uploads/news/2018/08/244103/1.jpg

ചങ്ങനാശേരി: പൂരം പടയണിക്ക്‌ ഒരുക്കമായി. നീലം പേരൂര്‍ ഗ്രാമം മുഴുവന്‍ പൂരക്കാഴ്‌ചകള്‍ക്കു പ്രകൃതിയുടെ നിറച്ചാര്‍ത്തു നല്‍കാനുള്ള ശ്രമത്തിലാണ്‌. പള്ളിഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ചൂട്ടു പടയണിയോടെ ആരംഭിച്ച പ്രാചീന കലാരൂപചടങ്ങുകള്‍ ഇനിയുള്ള ദിവസങ്ങളില്‍ നടക്കും.
അവിട്ടം മുതല്‍ പൂരംവരെ നീളുന്ന 16 ദിവസമാണു പടയണിക്കാലം. എട്ടിനു മകം പടയണിയും ഒമ്പതിനു പൂരം പടയണിയും നടക്കും. ഇത്തവണ 16 ദിവസമാണു പടയണിക്കാലം. വേലയന്നങ്ങളുടേയും, അമ്പലക്കോട്ടയുടേയും എഴുന്നെള്ളത്തോടെ മകം പടയണിയും, പുത്തനന്നങ്ങളുടെ തിരു നട സമര്‍പ്പണവും തുടര്‍ന്നു വല്യന്നത്തിന്റെ എഴുന്നെള്ളത്തോടെ പൂരം പടയണി മഹോത്‌സവം സമാപിക്കും. നീലംപേരൂര്‍ ഗ്രാമത്തിന്റെ സമര്‍പ്പണമായി ആചരിച്ചു വരുന്ന പൂരം പടയണിക്കു ചരിത്രപരമായും ഏറെ പ്രാധാന്യം ഉണ്ട്‌. ചൂട്ട്‌, കുട, പ്ലാവിലക്കോലം, പിണ്ടിയും കുരുത്തോലയും എന്നിങ്ങനെ നാലുഭാഗങ്ങളാണു പടയണിക്കുള്ളത്‌.
ആദ്യമൂന്നു ദിവസം നടക്കുന്ന ചൂട്ടു പടയണി പച്ചകാണിക്കല്‍ ചടങ്ങുകളോടെ ഇന്നലെ സമാപിച്ചു. ഇന്നുമുതല്‍ കുട പടയണിക്കു തുടക്കമാകും. പെരുമരത്തിന്റെ കൊമ്പില്‍ ചെത്തിപ്പൂ തൂക്കിയിടുന്ന കുടപ്പൂമരം, അലങ്കരിച്ച തട്ടുകട, പച്ചമടല്‍കീറി വളയമുണ്ടാക്കി തട്ടുകളായി കെട്ടിത്തൂക്കി മരക്കൊമ്പില്‍ പൊക്കിയെടുക്കുന്ന പാറവളയം എന്നിവ ഇന്നു കുട പടയണിക്കളത്തിലെത്തും. നാളെമുതല്‍ പ്ലാവിലകോലങ്ങള്‍ എഴുന്നള്ളും. തപസുചെയ്യുന്ന സന്യാസിയുടെ കോലവും ആന, ഹനുമാന്‍, ഭീമന്‍ എന്നീ കോലങ്ങളും എഴുന്നള്ളും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൊടിക്കൂറയും 13-ാം ദിവസം കാവല്‍ പിശാചിനെയും എഴുന്നുള്ളിക്കും. വേലകളിയുടെ അകമ്പടിയോടെ ചെറിയ അന്നങ്ങളെ എഴുന്നുള്ളിച്ചു മകം പടയണിയും 16-ാം നാളില്‍ വലിയ അന്നങ്ങളെ എഴുന്നള്ളിച്ചു പൂരം പടയണിയും നടക്കും. എല്ലാ ദിവസവും ചടങ്ങുകളുടെ സമാപനത്തില്‍ കുടംപൂജക്കളിയും തോത്താകളിയും നടക്കും. വടക്കുംകൂര്‍ രാജവംശത്തിന്റെ ഭരണശേഷം കേരളത്തില്‍, പള്ളിവാണ പെരുമാള്‍ എന്ന വിളിപ്പേരു നേടിയ ചേരമാന്‍ പെരുമാള്‍ ഭരണം നടത്തി. ഇക്കാലത്തു ദേശാടനത്തിനായി കായല്‍മാര്‍ഗം സഞ്ചരിക്കവേ നീലംപേരൂരിന്റെ സൗന്ദര്യത്തില്‍ ആകൃഷ്‌ടനായി തിരുവഞ്ചിക്കുളം പുരയിടത്തില്‍ കൊട്ടാരം പണിതു താമസിച്ചുകൊണ്ടു ഭരണം നടത്തി.
ഈ സമയം മഹാക്ഷേത്രത്തിന്റെ ലക്ഷണമെല്ലാം തികഞ്ഞ ക്ഷേത്രസങ്കേതങ്ങള്‍ ഇവിടെ ഉണ്ടായിരുന്നുവെങ്കിലും ദേവീപ്രതിഷ്‌ഠ ഇല്ലെന്നുള്ള കുറവ്‌ മനസിലാക്കിയ പെരുമാള്‍ ക്ഷേത്രം പണിതു തന്റെ സേവാ മൂര്‍ത്തിയായ പെരിഞ്ഞനത്തു ഭഗവതിയെ പ്രതിഷ്‌ഠിച്ചു. പളളിവാണ പെരുമാളിനാല്‍ പ്രതിഷ്‌ഠ കഴിപ്പിച്ചതാകയാല്‍ ക്ഷേത്രത്തിനു പള്ളി ഭഗവതി ക്ഷേത്രം എന്നു നാമകരണവും ചെയ്‌തു.
ചിങ്ങമാസത്തിലെ അവിട്ടത്തിനു തുടങ്ങി ദേവിയുടെ പിറന്നാള്‍ ദിനമായ പൂരത്തിനു സമാപിക്കുന്ന വിധമാണ്‌ ആഘോഷിക്കുന്നത്‌. ഇതിനായി നീലംപേരൂര്‍ ഗ്രാമം ഒന്നടങ്കം ഊണും ഉറക്കവും ഉപേക്ഷിച്ചു പടയണിക്കളത്തില്‍ അശ്രാന്ത പരിശ്രമത്തിലാണ്‌. ഭക്‌തരുടെ വഴിപാടായി 90 അന്നങ്ങളും രണ്ട്‌ ഇടത്തരം അന്നങ്ങളും ഒരു വലിയന്നവുമാണു പൂരം പടയണിക്കു ക്ഷേത്രനടയില്‍ സമര്‍പ്പണത്തിനെത്തുന്നത്‌. കൂടാതെ കോലങ്ങളും പൊയ്യാനയും സിംഹവാഹനവും പൂരരാവിന്‌ പൊന്‍ പ്രഭയേകും.

Ads by Google
Advertisement
Wednesday 29 Aug 2018 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW