Friday, September 14, 2018 Last Updated 55 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 12.51 AM

ദുരിതംവിട്ടൊഴിയാതെ മീനച്ചിലാര്‍ തീരവാസികള്‍

അയര്‍ക്കുന്നം: കലിതുള്ളി പാഞ്ഞൊഴുകിയ വെള്ളം ഇറങ്ങിയെങ്കിലും ദുരിതം വിട്ടൊഴിയാതെ മീനച്ചിലാറിന്റെ ഇരുകരകളിലുമുള്ളവര്‍ ദുരിതത്തില്‍. അയര്‍ക്കുന്നം പഞ്ചായത്തിലെ ആറുമാനൂര്‍ കുന്നത്തൂര്‍ ഭാഗത്ത്‌ 18 വീടുകള്‍ വന്‍ അപകടഭീഷണിയിലാണ്‌. പന്നഗം തോട്‌ മീനച്ചിലാറില്‍ ചേരുന്ന ഭാഗത്താണ്‌ കൂടുതല്‍ തീരമിടിഞ്ഞ്‌ ഏതു നിമിഷവും വീടുകള്‍ ആറ്റിലേക്ക്‌ പതിക്കാമെന്ന നിലയിലായത്‌. ഇരുകരകളിലുമായി ചത്തൊടുങ്ങിയ പക്ഷിമൃഗാദികള്‍ മാലിന്യപ്രശ്‌നത്തിലുപരി പകര്‍ച്ചവ്യാധി ഭീതിയും ഉയര്‍ത്തുന്നുണ്ട്‌.
പാറമ്പുഴ മുതല്‍ കിടങ്ങൂര്‍ വരെയുള്ള തീരനിവാസികള്‍ ഏറെ ക്ലേശകരമായാണ്‌ ഓരോ ദിവസവും തള്ളിനീക്കുന്നത്‌. ഇരുകരകളിലുമുള്ള ഒരു കിലോമീറ്റര്‍ വരെ ഓരുവെള്ളം കയറിയിരുന്നു. ഇവിടെയുള്ള മുഴുവന്‍ വീടുകളും വന്‍ അപകടഭീഷണിയിലാണ്‌. ചില വീടുകള്‍ വാസയോഗ്യമല്ലാതായിട്ടുമുണ്ട്‌. ഫര്‍ണിച്ചറുകളും വൈദ്യുതി ഉപകരണങ്ങളും പാത്രങ്ങള്‍ വരെ നഷ്‌ടപ്പെട്ടവരാണ്‌ ഏറെയും. ഇവര്‍ക്ക്‌ 10000 രൂപ സര്‍ക്കാരില്‍നിന്നും ലഭിക്കുമെന്നു പറയുന്നുണ്ടെങ്കിലും ഉത്തരവുകളൊക്കെ അവ്യക്‌തത നിറഞ്ഞതാണ്‌. നിരവധിയാളുകള്‍ ക്യാമ്പുകളില്‍ രജിസ്‌റ്റര്‍ ചെയ്യാതെ ബന്ധുവീടുകളിലും ദേവാലയങ്ങളിലും അഭയംതേടിയിരുന്നു. കുറഞ്ഞത്‌ 25000 രൂപയെങ്കിലും നഷ്‌ടപരിഹാര തുക വര്‍ധിപ്പിച്ചെങ്കില്‍ മാത്രമേ എന്തെങ്കിലും പ്രയോജനം ലഭിക്കുകയുള്ളൂവെന്നാണ്‌ ദുരിതബാധിതര്‍ പറയുന്നത്‌.
ആറുമാനൂരിലെ മടയ്‌ക്കത്തോട്‌ പമ്പുഹൗസ്‌ ഏതു സമയത്തും മീനച്ചിലാറ്റിലേക്ക്‌ മറിഞ്ഞുവീഴാന്‍ സാധ്യതയുണ്ട്‌. ഇതിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ത്രിതല പഞ്ചായത്തുകളുടെയും ഉമ്മന്‍ചാണ്ടിയുടെ എം.എല്‍.എ. ഫണ്ടും കണ്ടെത്തി നടപടികള്‍ തുടങ്ങിയപ്പോഴാണ്‌ മഹാപ്രളയമുണ്ടായതെന്ന്‌ പള്ളം ബ്ലോക്ക്‌ പഞ്ചായത്തംഗം ജോയിസ്‌ കൊറ്റത്തില്‍ പറഞ്ഞു.
നീറിക്കാട്‌, കമ്പനിക്കടവ്‌, ആറുമാനൂര്‍ ഭാഗങ്ങളിലുള്ളവര്‍ വെള്ളം പൊങ്ങിയാല്‍ ഒറ്റപ്പെടുന്ന നിലയിലാണ്‌ ഇപ്പോഴുമുള്ളത്‌. പുളിഞ്ചുവടു ഭാഗത്തെ ശക്‌തമായ ഒഴുക്കുമൂലം രക്ഷാപ്രവര്‍ത്തനം അസാധ്യമാണ്‌. ഫയര്‍ഫോഴ്‌സ് എത്തി പരാജയപ്പെട്ട ഈ ഭാഗത്തെ കുടുംബങ്ങളെ മഹാത്മാ ക്ഷേമസംഘം പ്രവര്‍ത്തകര്‍ വടംകെട്ടി ചെമ്പില്‍ നാട്ടുകാരെ രക്ഷിച്ചത്‌ ഏറെ പണിപ്പെട്ടാണ്‌. രോഗികളും കുട്ടികളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ആറുമാനൂരിലുള്ള ലാറ്റക്‌സ് ഫാക്‌ടറിയിലെ മാലിന്യങ്ങള്‍ ഇപ്പോഴും പാടശേഖരങ്ങളില്‍ ഒഴുകി നടക്കുന്നത്‌ സമീപവാസികളുടെ ജീവിതം ദുഷ്‌കരമാക്കിയിട്ടുണ്ട്‌.
മാലിന്യം നിറഞ്ഞ കിണറുകള്‍ പഞ്ചായത്ത്‌ ശുചീകരിച്ചു നല്‍കിയതും മുടങ്ങിയ വൈദ്യുതി വിതരണം പുനഃസ്‌ഥാപിച്ചതുമാണ്‌ ഏക ആശ്വാസം.
മീനച്ചിലാറിന്റെ തീരത്തുകൂടിയുള്ള റോഡും അപകടഭീഷണിയിലാണ്‌. മെഡിക്കല്‍ കോളജിലേക്കും കോട്ടയത്തിനു പോകാനും ഏറെപേര്‍ ഉപയോഗിക്കുന്ന റോഡും ഇതില്‍പ്പെടും.

Ads by Google
Advertisement
Wednesday 29 Aug 2018 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW