Friday, September 14, 2018 Last Updated 55 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 12.51 AM

പ്രളയദുരിതത്തിനു വിട; സ്‌കൂളുകള്‍ ഇന്നു തുറക്കും

കോട്ടയം: പ്രളയദുരിതത്തിനു വിട, അയ്‌മനം പഞ്ചായത്തിലെ കരീമഠം ഗവണ്‍മെന്റ്‌ യു.പി.സ്‌കൂള്‍ ഒഴികെയുള്ള സ്‌കൂളുകള്‍ ഇന്നു തുറക്കും. പ്രളയക്കെടുതിയും ഓണാവധിയും മൂലം സ്‌കൂളുകള്‍ രണ്ടാഴ്‌ചയായി അടഞ്ഞു കിടക്കുകയായിരുന്നു.
ജില്ലയിലെ 900 സ്‌കൂളുകളില്‍ 51 സ്‌കൂളുകളെ വെള്ളപ്പൊക്കം നേരിട്ടു ബാധിച്ചിരുന്നു. രണ്ടു ഘട്ടങ്ങളിലായി 239 സ്‌കൂളുകള്‍ ദുരിതബാധിതര്‍ക്കു അഭയകേന്ദ്രങ്ങളായി. സ്‌കൂളുകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ മാറ്റി ഇന്നു മുതല്‍ അധ്യയനം സുഗമമായി നടത്താനുള്ള തയാറെടുപ്പുകള്‍ അധികൃതര്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. മൂന്നു ദിവസമായി വിദ്യാഭ്യാസവകുപ്പ്‌ ജീവനക്കാര്‍, അധ്യാപകര്‍, എന്‍.എസ്‌.എസ്‌, എന്‍.സി.സി പ്രവര്‍ത്തകര്‍, സ്‌റ്റുഡന്‍സ്‌ പോലീസ്‌ കേഡറ്റ്‌, സന്നദ്ധ സംഘടകള്‍, പോലീസ്‌, അഗ്‌നിശമന സേന, നാട്ടുകാര്‍ എന്നിവരുടെ സഹകരണത്തോടെയാണ്‌ സ്‌കൂളുകളിലെ ശുചീകരണം പൂര്‍ത്തിയാക്കിയത്‌.
രണ്ടുപ്രളയത്തിലായി ജില്ലയില്‍ 11 അധ്യയന ദിവസങ്ങള്‍ നഷ്‌ടമായിരുന്നു. ജൂലൈയിലെ വെള്ളപ്പൊക്കത്തില്‍ എട്ടു ദിവസം അവധികൊടുത്തപ്പോള്‍ രണ്ടാംഘട്ടത്തില്‍ മൂന്നുദിവസം ഓണാവധിയും വന്നെത്തുകയായിരുന്നു. ഓണാവധിയുടെ സമയമായിരുന്നതിനാല്‍ കൂടുതല്‍ അവധി ദിവസങ്ങള്‍ നഷ്‌ടമായില്ല. എന്നാല്‍, കരീമഠം സ്‌കൂളിലേക്ക്‌ എത്തപ്പെടാന്‍ മാര്‍ഗമില്ലാത്തതിനാലും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ക്യാമ്പിലായതിനാലുമാണ്‌ സ്‌കൂള്‍ തുറക്കാന്‍ വൈകുന്നത്‌.
കുട്ടികളുടെ മാനസികോല്ലാസവും ആത്മവിശ്വാസവും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി അധ്യയനവര്‍ഷാരംഭത്തിലെ പ്രവേശനോത്സവ മാതൃകയില്‍ കുട്ടികളെ വരവേല്‍ക്കും. രാവിലെ പ്രത്യേകഅസംബ്ലി വിളിച്ചുചേര്‍ത്ത്‌ കുട്ടികള്‍ക്ക്‌ ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും. മന്ത്രി പ്രഫ. സി. രവീന്ദ്രനാഥിന്റെ സന്ദേശവും വായിക്കും.
കുട്ടികള്‍ക്കായി കൗണ്‍സലിങ്‌, ആരോഗ്യ സംരക്ഷണം, പരിസരശുചീകരണം എന്നിവ ഉറപ്പാക്കും. തിളപ്പിച്ചാറിയ വെള്ളംമാത്രമേ കുട്ടികള്‍ക്കു നല്‍കാവൂ, പാചകത്തിലും ശുദ്ധജലവും ആഹാരം കഴിക്കാനും ഉപയോഗിക്കുന്ന പാത്രങ്ങളുടെയും ഭക്ഷ്യധാന്യങ്ങളുടെയും ശുചിത്വം ഉറപ്പാക്കണം തുടങ്ങിയ കര്‍ശന നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്‌.
ദിവസങ്ങളോളം വെള്ളംകയറി കിടന്ന സ്‌കൂളുടക്കമുള്ള മുഴുവന്‍ കെട്ടിടങ്ങളുടെയും സുരക്ഷാപരിശോധന തദ്ദേശസ്‌ഥാപനങ്ങളിലെ എന്‍ജിനിയര്‍മാരുടെ മേല്‍നോട്ടത്തില്‍ നടത്തും. ബലക്ഷയമുള്ള കെട്ടിടങ്ങളിലിരുത്തി കുട്ടികളെ പഠിപ്പിക്കരുതെന്ന്‌ എ.ഇ.ഒ മാര്‍ക്കും പ്രധാന അധ്യാപകര്‍ക്കും നല്‍കിയ 20 ഇന മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

Ads by Google
Advertisement
Wednesday 29 Aug 2018 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW