അടിമാലി: ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കട്ടപ്പന, കമ്പിളികണ്ടം, പണിക്കന്‍കുടി, നെടുങ്കണ്ടം എന്നിവിടങ്ങളിലേക്ക് ഇന്നു മുതല്‍ പൂര്‍ണ തോതില്‍ ബസ് സര്‍വീസ് നടത്തും. ഇന്നലെ അടിമാലിയില്‍നിന്നും ആറുബസുകള്‍ മാത്രമാണു കല്ലാര്‍കുട്ടി വഴി സര്‍വീസ് നടത്തിയത്.
അടിമാലി- കുമളി ദേശീയപാത 185 ന്റെ ഭാഗമായ കത്തിപ്പാറയില്‍ ഗതാഗതം പുനഃസ്ഥാപിച്ചതോടെയാണു ഗതാഗതപ്രശ്നങ്ങള്‍ക്കു താല്‍ക്കാലിക പരിഹാരമായത്. രാജാക്കാട്, പൂപ്പാറ മേഖലകളിലേക്കു പന്നിയാര്‍കൂട്ടി വഴി നാളെ മുതല്‍ സര്‍വീസ് ആരംഭിക്കാനാകുമെന്നാണു പ്രതീക്ഷ. മലയിടിച്ചിലില്‍ പൂര്‍ണമായി തകര്‍ന്ന ദേശീയപാതയുടെ ഭാഗമായ കത്തിപ്പാറയില്‍ അന്‍പതു മീറ്ററോളം റോഡിനു സമാന്തരമായി പുതിയപാത നിര്‍മിച്ചാണു ഗതാഗതം പുനഃസ്ഥാപിച്ചത്.
ദേശീയപാതാ അതോറിറ്റി മൂവാറ്റുപുഴ ഡിവിഷന്റെ നേതൃത്വത്തിലായിരുന്നു റോഡ് നിര്‍മാണം.
ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും പുതിയ പാതയുടെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. സമാന്തരമായി നിര്‍മിച്ച പാതയില്‍ വലിയ പാറകളുണ്ടായിരുന്നതു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു തടസമായിരുന്നു. രണ്ടുദിവസംകൊണ്ട് പാറകള്‍ നീക്കം ചെയ്താണ് ഇന്നലെ രാവിലെയോടെ ഗതാഗതം പുനസ്ഥാപിച്ചത്. നാലുദിവസങ്ങളായി ചെറുവാഹനങ്ങള്‍ കടത്തിവിടുന്നുണ്ടായിരുന്നു.
കല്ലാര്‍കുട്ടി, മാങ്കടവ്, തോട്ടാപ്പുര, വെള്ളത്തൂവല്‍, ശല്ല്യാംപാറ തുടങ്ങിയ മേഖലകളിലേക്ക് ് നിലവില്‍ കത്തിപ്പാറ വഴി പോകാം. കല്ലാര്‍കുട്ടിക്കും പനംകൂട്ടിക്കുമിടയില് പുര്‍ണമായി ദേശീയപാത കുത്തിയൊലിച്ച ഭാഗത്തും താല്‍ക്കാലിക സൗകര്യമൊരുക്കി. മലയിടിച്ചിലില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ട പന്നിയാര്‍കുട്ടിയിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. പന്നിയാര്‍കുട്ടി വഴി രാജാക്കാട്, രാജകുമാരി മേഖലകളിലേക്കു ചെറുവാഹനങ്ങള്‍ കടത്തിവിടാനുള്ള സജ്ജീകരണവും പൂര്‍ത്തിയാക്കി. അടിമാലി മുതല്‍ രാജാക്കാടുവരെയുള്ള ഭാഗങ്ങളില്‍ ബസ് സര്‍വീസ് പുനരാരംഭിക്കാനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
ഇതിന്റെ ഭാഗമായി മണ്ണിടിച്ചിലുണ്ടായിട്ടുള്ള വെള്ളത്തൂവല്‍, എസ് വളവ്, ശല്ല്യംപാറ, മാങ്കടവ് മേഖലകളില്‍ ജെ.സി.ബി. ഉപയോഗിച്ചു റോഡിലേക്കു വീണുകിടക്കുന്ന മണ്ണു നീക്കം ചെയ്യുകയാണ്. നാളെ മുതല്‍ ഇതു വഴിയും ബസുകള്‍ ഓടിക്കാനാകുമെന്നു ബസ് ഓണേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. പണിക്കന്‍കുടി, നെടുംകണ്ടം മേഖലകളിലേയ്ക്ക് ഈ മാസം ഒന്പതിനു നിലച്ച ബസ് സര്‍വീസുകളാണ് പുനരാരംഭിക്കുന്നത്. പാറത്തോടിനും പുല്ലുകണ്ടത്തിനുമിടയില് നിരവധി ഇടങ്ങളിലാണു റോഡ് ഇടിഞ്ഞു താഴ്ന്നത്.