ചെറുതോണി : വ്യാപകമായ നാശനഷ്ടം സംഭവിച്ച ചെറുതോണിയുടെ പുനരുദ്ധാരണത്തിനു മുഖ്യപരിഗണന നല്കി തുടര്‍പ്രവര്‍ത്തനം സാധ്യമാക്കുമെന്നു റോഷി അഗസ്റ്റിന് എം.എല്‍.എ. നിരവധി സ്ഥാപനങ്ങള്‍ ഒലിച്ചുപോകുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിക്കുകയും ചെയ്തു. ചെറുതോണി പാലത്തിലൂടെ അടിയന്തര ഗതാഗതം ഒരുക്കാന്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കഴിയുമെങ്കിലും ഉയര്‍ന്ന ബലവത്തായ പാലം നിര്‍മിക്കേണ്ടതുണ്ട്.
ബസ് സ്റ്റാന്‍ഡും ഓട്ടോ-ടാക്സി സ്റ്റാന്‍ഡുകളും പാര്‍ക്കിങ് ഏരിയയും ഇല്ലാതായതോടെ ചെറുതോണി സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുകയാണ്. ചെറുതോണി ജങ്ഷനോട് ഏറ്റവും അടുത്തും അനുയോജ്യവുമായ ജില്ലാപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ബസ് സ്റ്റാന്‍ഡ് നിര്‍മിക്കാന്‍ 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതോടൊപ്പം സൗകര്യപ്രദമായ സ്ഥലം ലഭ്യമാകുന്നതനുസരിച്ച് ടാക്സി സ്റ്റാന്‍ഡ് നിര്‍മിക്കാനായി 25 ലക്ഷം രൂപ കൂടി എം.എല്‍.എ. ഫണ്ടില്‍നിന്നും അനുവദിക്കും.
പുതുതായി ഇടുക്കി താലൂക്ക് നിലവില്‍ വന്നതോടെ മിനി സിവില്‍ സേ്റ്റഷന് നിര്‍മിച്ച് ചിതറിക്കിടക്കുന്ന സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒരേയിടത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനുള്ള നടപടി ആരംഭിച്ചിരുന്നു.
വഞ്ചിക്കവലയില്‍ താലൂക്ക് ഓഫീസ് കെട്ടിടം സ്ഥിതി ചെയ്യുന്നിടത്ത് മൂന്നേക്കര്‍ സ്ഥലം ജില്ലാ പഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്. ഇവിടെ ആധുനിക സൗകര്യങ്ങളോടുകൂടിയ മിനി സിവില്‍ സ്റ്റേഷന് നിര്‍മിക്കാന്‍ നടപടിയുമായി മുന്നോട്ടുനീങ്ങുമെന്നും എം.എല്‍.എ. അറിയിച്ചു. ടൗണ്‍ഷിപ്പിനു രൂപം നല്കാന് പദ്ധതി തയാറാക്കും. കാര്‍ഷിക മേഖലയില്‍ ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്കു നാമമാത്രമായ നഷ്ടപരിഹാരമാണു നിലവില്‍ നല്‍കുന്നത്.
കര്‍ഷകരുടെ നഷ്ടത്തിനനുസൃതമായി വിളകള്‍ക്കു നല്കുന്ന നഷ്ടപരിഹാരത്തുക ഉയര്‍ത്തണം. മുന്കാലയളവുകളില്നിന്നു വ്യത്യസ്തമായി ഏക്കറുകണക്കിന് കൃഷിയിടങ്ങളാണ് ഒലിച്ചുപോയിട്ടുള്ളത്.
കൃഷിയിടങ്ങള്‍ നശിച്ചുപോയവര്‍ക്ക് ഫെയര്‍വാല്യു അനുസരിച്ചു നഷ്ടപരിഹാരം നല്‍കാനുള്ള നടപടിസ്വീകരിക്കമെന്ന് എം.എല്‍.എ. ആവശ്യപ്പെട്ടു.
കാര്‍ഷിക മേഖലയിലുണ്ടായ നാശനഷ്ടം ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും കൂട്ടായ വിലയിരുത്തലിലൂടെ സമയബന്ധിതമായി കണക്കാക്കി റിപ്പോര്‍ട്ട് ജില്ലാഭരണകൂടത്തിനു നല്‍കണമെന്നും എം.എല്‍.എ. നിര്‍ദേശിച്ചു.