Friday, September 14, 2018 Last Updated 3 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 12.33 AM

ഭൂമിക്കു വിള്ളല്‍ പഠനം നടത്താന്‍ ഭൗമശാസ്‌ത്ര സംഘം

നെടുങ്കണ്ടം: ഹൈറേഞ്ചിന്റെ വിവിധ മേഖലകളില്‍ ഭൂമിക്കു വിള്ളല്‍ വീഴുന്നതും താഴ്‌ന്നുപോകുന്നതും കിണറുകള്‍ ഇടിഞ്ഞുതാഴ്‌ന്നതുമായ പ്രതിഭാസത്തെ കുറിച്ച്‌ വിശദമായ പഠനം നടത്താന്‍ ഭൗമശാസ്‌ത്ര വകുപ്പിന്റെ ബംഗളുരുവില്‍ നിന്നുള്ള പ്രത്യേക സംഘമെത്തും. ഉടുമ്പന്‍ചോല താലൂക്കിലെ മഴക്കെടുതി അവലോകന യോഗത്തിലാണ്‌ അപൂര്‍വ പ്രതിഭാസങ്ങളെക്കുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടതായി മന്ത്രി എം.എം. മണിയും ജോയിസ്‌ ജോര്‍ജ്‌ എം.പിയും അറിയിച്ചത്‌. പ്രതിഭാസങ്ങളെക്കുറിച്ചു പഠനം നടത്തണമെന്നാവശ്യപ്പെട്ട്‌ ഉടുമ്പന്‍ചോല തഹസില്‍ദാര്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരുന്നു. താലൂക്കിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ മന്ത്രി ഉദ്യോഗസ്‌ഥര്‍ക്കു നിര്‍ദേശം നല്‍കി.
താലൂക്കിലെ 18 വില്ലേജുകളിലെ 41 ക്യാമ്പുകളിലായി 1652 കുടുംബങ്ങള്‍ താമസിച്ചിരുന്നു. ക്യാമ്പുകളെല്ലാം പിരിച്ചുവിട്ടെങ്കിലും വീട്‌ നഷ്‌ടപ്പെട്ടവര്‍ക്കു പഞ്ചായത്തും റവന്യു വകുപ്പും ചേര്‍ന്നു വാടകയ്‌ക്ക്‌ താമസസൗകര്യമൊരുക്കിയിട്ടുണ്ട്‌. റവന്യൂ, പോലീസ്‌, അഗ്നിശമന സേന, പൊതുമരാമത്ത്‌, ആരോഗ്യ വകുപ്പുകളുടെയും സന്നദ്ധ സംഘടനകള്‍, രാഷ്‌ട്രിയ പാര്‍ട്ടികള്‍ എന്നിവരുടെ നേതൃത്വത്തില്‍ മേഖലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ മന്ത്രി എം.എം. മണി അഭിനന്ദിച്ചു.
വീട്‌ തകര്‍ന്ന ശേഷം ക്യാമ്പിലെത്താതെ ബന്ധുവീടുകളില്‍ താമസിക്കുന്നവര്‍ക്കും സഹായം ഉറപ്പാക്കും. അര്‍ഹരായവര്‍ക്കു ആവശ്യമുള്ള സഹായം ഉദ്യോഗസ്‌ഥര്‍ നല്‍കണമെന്നു യോഗത്തില്‍ ആവശ്യമുയര്‍ന്നു. മണ്ണ്‌ നീക്കം ചെയ്യാനും റോഡുകള്‍ ഗതാഗത യോഗ്യമാക്കാനും ഉടുമ്പന്‍ചോല താലൂക്കില്‍ മിനി സിവില്‍ സ്‌റ്റേഷന്‍ കേന്ദ്രീകരിച്ച്‌ ഒരു മാസത്തേക്ക്‌ ജെ.സി.ബി ലഭ്യമാക്കുമെന്ന്‌ തഹസില്‍ദാര്‍ പി.എസ്‌ ഭാനുകുമാര്‍ അറിയിച്ചു.
അവശ്യഘട്ടങ്ങളില്‍ പഞ്ചായത്ത്‌ അധികൃതര്‍ ആവശ്യപ്പെട്ടാല്‍ ജെ.സി.ബിയുടെ സേവനം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. നാശനഷ്‌ടം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട്‌ സര്‍ക്കാരിനു സമര്‍പ്പിക്കാനും യോഗത്തില്‍ ധാരണായായി. മന്ത്രി എം.എം. മണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജോയ്‌സ്‌ ജോര്‍ജ്‌ എം.പി, പഞ്ചായത്ത്‌ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Wednesday 29 Aug 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW