Sunday, November 18, 2018 Last Updated 8 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 12.32 AM

കാനന മക്കള്‍ക്ക്‌ വിദ്യ പകരാന്‍ ഇടമലയാര്‍ സ്‌കൂള്‍ വീണ്ടും തയാര്‍

uploads/news/2018/08/244018/1.jpg

കോതമംഗലം: ഇടമലയാര്‍ പുഴ കരകവിഞ്ഞപ്പോള്‍ ദയയില്ലാതെ മുങ്ങിപ്പോയ ഇടമലയാര്‍ ഗവ. യു.പി. സ്‌കൂള്‍ ഇന്നുമുതല്‍ സാധാരണ പോലെ പ്രവര്‍ത്തിച്ച്‌ തുടങ്ങും.
കാടിന്റെ ആണ്‍മക്കള്‍ മാത്രമാണ്‌ വിദ്യാര്‍ഥികള്‍. വെള്ളം നിറഞ്ഞൊഴുകിയ സ്‌കൂളിലെ സാധന സാമഗ്രികളും മറ്റും പൂര്‍ണമായി ശുചിയാക്കിക്കഴിഞ്ഞു. നനഞ്ഞ്‌ ഓഫീസ്‌ രേഖകള്‍ക്കും മറ്റും അല്‍പം നാശമുണ്ടായിട്ടുണ്ട്‌. സ്‌കൂള്‍ ലൈബ്രറിയിലെ പുസ്‌തകങ്ങളുടെ കാര്യവും അങ്ങിനെ തന്നെ.
എന്നാല്‍ രണ്ട്‌ ലാപ്‌ടോപ്പ്‌, പ്ര?ജക്‌ടര്‍ തുടങ്ങിയവയൊക്കെ അറ്റകുറ്റപ്പണി നടത്താനാവാത്തവിധം നശിച്ചു. ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളിലായി 56 വിദ്യാര്‍ഥികളും എട്ട്‌ അധ്യാപകരുമാണുള്ളത്‌. സ്‌കൂളിന്‌ സമീപത്തുതന്നെയുള്ള ട്രൈബല്‍ ഹോസ്‌റ്റലിലാണ്‌ വിദ്യാര്‍ഥികളുടെ താമസം. ഇവിടം നേരത്തെ തന്നെ ശുചിയാക്കിയിരുന്നു. തുറക്കുന്ന ദിവസം കുട്ടികള്‍ സമയത്ത്‌ തന്നെ എത്താനായി സമീപമുള്ള രണ്ട്‌ ആദിവാസി കുടികളിലേക്ക്‌ ജീപ്പ്‌ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.
താളുങ്കണ്ടം, പൊങ്ങംചുവട്‌, വാരിയം, തേര, കുഞ്ചിപ്പാറ, തലവച്ചുപാറ, പിണവൂര്‍കുടി തുടങ്ങിയ ആദിവാസി കുടികളില്‍ നിന്നുള്ളവരാണ്‌ വിദ്യാര്‍ഥികള്‍ എല്ലാംതന്നെ. നേരത്തെ പെണ്‍കുട്ടികള്‍ കൂടി പഠിച്ചിരുന്ന സ്‌കൂളാണിത്‌. എന്നാല്‍ 2015 ല്‍ സ്‌കൂളിനോടനുബന്ധിച്ചുണ്ടായിരുന്ന ആണ്‍കുട്ടികളുടെ ഹോസ്‌റ്റല്‍ കാട്ടാനകള്‍ തകര്‍ത്തിരുന്നു. തുടര്‍ന്ന്‌ പെണ്‍കുട്ടികളെ നേര്യമംഗലം, മാതിരപ്പിള്ളി ഗവ. സ്‌കൂളുകളിലേക്ക്‌ മാറ്റിയ ശേഷം പെണ്‍കുട്ടികളുടെ ഹോസ്‌റ്റല്‍ ആണ്‍കുട്ടികള്‍ക്ക്‌ നല്‍കുകയായിരുന്നു.
1972-73 ല്‍ പ്രവര്‍ത്തനം ആരംഭിച്ച സ്‌കൂളിന്റെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഇത്തരമൊരു വെള്ളപ്പൊക്കം.
ഇടമലയാര്‍ ഡാം നിര്‍മാണ സമയത്ത്‌ വൈദ്യുതി വകുപ്പ്‌ ജീവനക്കാര്‍ക്കും നിര്‍മാണ തൊഴിലാളികളുടെ മക്കള്‍ക്കും പഠിക്കാനായാണ്‌ സ്‌കൂള്‍ ആരംഭിച്ചത്‌. പിന്നീട്‌ ജീവനക്കാരൊക്കെ കുടുബത്തെ നാട്ടിലാക്കിയതോടെ പഠിക്കാന്‍ കാടിന്റെ മക്കള്‍ മാത്രമായി.
ഈ വര്‍ഷവും അഞ്ച്‌ ആദിവാസി ആണ്‍കുട്ടികള്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നിട്ടുണ്ട്‌. വനം വകുപ്പിന്റെ സ്‌ഥലത്ത്‌ വൈദ്യുതി വകുപ്പ്‌ പണ്ട്‌ പണിത കെട്ടിടത്തിലാണ്‌ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്‌. അതുകൊണ്ടുതന്നെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഗ്രാന്റ്‌ പലതും സ്‌കൂളിന്‌ ലഭിക്കുന്നുമില്ല.

സോണി നെല്ലിയാനി

Ads by Google
Advertisement
Wednesday 29 Aug 2018 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW