കുട്ടനാട്: ഉയര്‍ന്ന ശേഷിയുള്ള പമ്പുകള്‍ ഉപയോഗിച്ച് ആലപ്പുഴ- ചങ്ങനാശേരി റോഡിലെ ജലനിരപ്പ് താഴ്ത്താനുള്ള പമ്പിങ് ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. ഇതിലൊരു പമ്പ് ഇന്നലെ പുലര്‍ച്ചെ മുതല്‍ തന്നെ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. നെടുമുടി ഭാഗത്തിന് കിഴക്കുവശം നാട്ടായത്താണു പമ്പിങ് നടക്കുന്നത്.
മണിക്കൂറില്‍ 10 ലക്ഷത്തി ഇരുപതിനായിരം ലിറ്റര്‍ വരെ വെള്ളം ഇപ്പോള്‍ പമ്പു ചെയ്യുന്നുണ്ട്. മറ്റുരണ്ടു പമ്പുകള്‍ ഇന്നലെ രാത്രിയോടെ പ്രവര്‍ത്തനം തുടങ്ങി. മങ്കൊമ്പ് ബ്ലോക്ക് ജങ്ഷന് കിഴക്കുവശത്തുള്ള മൂല പൊങ്ങാംപുറ പാടശേഖരത്തിനു സമീപമാണു പമ്പുകള്‍ സ്ഥാപിച്ചിട്ടുള്ളത്.
മന്ത്രി ജി. സുധാകരന് പമ്പിങ് സ്ഥലത്തെത്തി പുരോഗതി വിലയിരുത്തി. എത്രയും വേഗത്തില്‍ എ.സി. റോഡിലെ ജലനിരപ്പ് കുറച്ചുകൊണ്ടുവരാനും റോഡ് ഗതാഗതയോഗ്യമാക്കാനുമുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ഹരന്ബാബുവിന്റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. കിര്ലോസ്കര് കമ്പനിയുടെ വിദഗ്ധരും സ്ഥലത്തുണ്ട്.