Monday, June 24, 2019 Last Updated 29 Min 25 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 12.30 AM

കരകയറാനൊരുങ്ങി കുട്ടനാട്‌; കൈകോര്‍ത്ത്‌ പതിനായിരങ്ങള്‍

കുട്ടനാട്‌: കേരളത്തിന്റെ നെല്ലറയെ കൈപിടിച്ചുയര്‍ത്താന്‍ കൈകോര്‍ത്തത്‌ പതിനായിരങ്ങള്‍. പ്രളയക്കെടുതികളില്‍ മുങ്ങിയ കുട്ടനാട്ടില്‍ ആരംഭിച്ച മഹാശുചീകരണ യജ്‌ഞം രാജ്യത്തിനു തന്നെ പുതിയ മാതൃകയാകുകയാണ്‌. മന്ത്രിമാര്‍ മുതല്‍ സാധാരണക്കാര്‍ വരെ ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ ഒരു മെയ്യും കൈയ്യുമായി അണിനിരക്കുകയായിരുന്നു. കൈലിയും മുണ്ടുമുടുത്തിറങ്ങിയ ജനക്കൂട്ടത്തിനിടയില്‍ അതേ വേഷത്തിലിറങ്ങിയ മന്ത്രിമാരെയോ ജനനേതാക്കളെയോ ഉദ്യോഗസ്‌ഥ പ്രമുഖരെയോ ആരും തിരിച്ചറിഞ്ഞില്ല. അവരുടെ ലക്ഷ്യം ഒന്നു മാത്രമായിരുന്നു, പ്രളയ ബാധിതരായ തങ്ങളുടെ സഹോദരങ്ങളെ തിരികെ കുട്ടനാട്ടിലെ അവരുടെ വീടുകളിലെത്തിക്കണം.
നാലുദിവസംമുമ്പു മാത്രം ആസൂത്രണംചെയ്‌ത പദ്ധതി ജനകീയമായെന്നു വെളിവാക്കുന്നതായിരുന്നു ജനപങ്കാളിത്തം. കാസര്‍ഗോഡ്‌ മുതല്‍ പാറശാല വരെയുള്ള ഭൂപ്രദേശങ്ങളില്‍ നിന്നായി ധാരാളംപേര്‍ ആലപ്പുഴയിലെത്തി. വിവിധ സംഘടനാ പ്രവര്‍ത്തകര്‍, ക്ലബംഗങ്ങള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവരുമായുള്ള വാഹനങ്ങള്‍ രാവിലെ ഏഴുമണിയോടെ തന്നെ നഗരത്തിലെത്താന്‍ തുടങ്ങിയിരുന്നു. ബൈക്കുകളില്‍ ദൂരദേശങ്ങളില്‍ നിന്നെത്തിയവരും കുറവായിരുന്നില്ല.
ആദ്യപ്രളയത്തിനു ശേഷമെത്തിയ മഹാപ്രളയം കുട്ടനാടിനെ മഹാദുരിത്തിലാഴ്‌ത്തി. സ്വാതന്ത്ര്യദിനാഘോഷത്തിനുശേഷം കുട്ടനാട്‌ ശുചീകരണത്തിനു നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും മഹാപ്രളയം എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്നതായി. മഴയുടെ ശക്‌തി കുറഞ്ഞതോടെ കഴിഞ്ഞ 24നാണു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്‌ത ശേഷം ജില്ലയുടെ ചുമതലയുള്ള മന്ത്രി ജി.സുധാകരനും മന്ത്രി തോമസ്‌ ഐസകും ചേര്‍ന്നു കുട്ടനാട്‌ ശുചീകരണയജ്‌ഞം പ്രഖ്യാപിച്ചത്‌.
കഴിഞ്ഞ രാത്രി പെയ്‌ത കനത്തമഴ കാര്യങ്ങള്‍ വീണ്ടും അവതാളത്തിലാക്കുമോ എന്ന ആശങ്കയും ഉയര്‍ത്തി. ഇന്നലെ രാവിലെ കനത്ത മഴയുണ്ടായെങ്കിലും ജനത്തിന്റെ നിശ്‌ചയദാര്‍ഢ്യത്തിനു മുന്നില്‍ പതറിയപോലെ അന്തരീക്ഷം വിട്ടൊഴിഞ്ഞു.
അപ്പോഴേക്കും നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി അരലക്ഷത്തിലേറെ സന്നദ്ധഭടന്മാരാണു നഗരത്തിലേക്കെത്തിയത്‌. മഹായജ്‌ഞത്തിന്റെ പ്രഖ്യാപനത്തോടെ തന്നെ സന്നദ്ധ സേവകര്‍ക്കായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും ആരംഭിച്ചു. ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകളും നല്‍കി.
നവമാധ്യമങ്ങളില്‍ സന്ദേശം വൈറലായതോടെ സമൂഹത്തിന്റെ വിവിധമേഖലകളില്‍നിന്നുള്ളവര്‍ കുട്ടനാടിനായി കൈകോര്‍ക്കാന്‍ സന്നദ്ധത അറിയിച്ചു. മലയാളി സഹപാഠികളില്‍നിന്നു വിവരമറിഞ്ഞ്‌ ഇതരസംസ്‌ഥാന വിദ്യാര്‍ഥികളുള്‍പ്പെടെ രജിസ്‌റ്റര്‍ചെയ്‌തു.
തൊഴില്‍ നൈപുണ്യമുള്ളവര്‍, പ്ലംബിങ്‌, വയറിങ്‌ ജോലിക്കാര്‍, സാധാരണക്കാര്‍ എല്ലാവരും ഈ ദിവസത്തിനായി കാത്തിരുന്ന പോലെ മറ്റെല്ലാം മാറ്റിവച്ചാണ്‌ ആലപ്പുഴയ്‌ക്കു എത്തിയത്‌. തിങ്കളാഴ്‌ച രാത്രി മുതലേ ദൂരെനിന്നുള്ളവര്‍ നഗരത്തിലെത്താന്‍ തുടങ്ങിയിരുന്നു. അവര്‍ക്കായി സഹായകേന്ദ്രം തുറന്നു. നിര്‍ദേശങ്ങള്‍ അപ്പപ്പോള്‍ എല്ലാവരിലുമെത്തിക്കാന്‍ സംവിധാനമൊരുക്കി. എല്ലാമേഖലയിലും വൊളന്റിയര്‍മാര്‍ എത്തുന്നെന്ന്‌ ഉറപ്പാക്കാന്‍ ഇവരെ കൃത്യമായി വിന്യസിച്ചു.
രജിസ്‌റ്റര്‍ ചെയ്‌തവര്‍ രാവിലെ ഏഴുമുതല്‍ തന്നെ നിശ്‌ചയിച്ച കേന്ദ്രങ്ങളിലേക്ക്‌ പോകാനായി പുന്നമട ഫിനിഷിങ്‌ പോയിന്റിലും കെ.എസ്‌.ആര്‍.ടി.സി. സ്‌റ്റാന്‍ഡിലും ബോട്ട്‌ജെട്ടിയിലുമെത്തി. രജിസ്‌റ്റര്‍ ചെയ്യാതെ വന്നവര്‍ എസ്‌.ഡി.വി. മൈതാനത്ത്‌ ഒത്തുചേര്‍ന്നു. ഇവരെയും പലമേഖലയിലേക്കായി വിന്യസിച്ചു. ഭക്ഷണം, കുടിവെള്ളം എന്നിവ പുറപ്പെടുന്ന കേന്ദ്രങ്ങളില്‍ തന്നെ എല്ലാവര്‍ക്കും ഉറപ്പാക്കി.
ശുചീകരണസാമഗ്രികള്‍ എല്ലാ സംഘത്തിനും കൈമാറി. ജില്ലാ പഞ്ചായത്ത്‌ 50 ലക്ഷം രൂപ ചെലവില്‍ വാങ്ങിയ ശുചീകരണോപാധികള്‍ 16 പഞ്ചായത്തുകളിലായി അവിടെ നിന്നു തന്നെ എത്തിച്ചു.
ഓരോ സംഘത്തിനും പോകാന്‍ ബോട്ടുകളും ബസുകളും ബാര്‍ജുകളും ടിപ്പര്‍ ലോറികളുമുള്‍പ്പെടെ വാഹനങ്ങള്‍ സജ്‌ജമാക്കി. എല്ലാമേഖലയിലും ഉദ്യോഗസ്‌ഥരുടെ സാന്നിധ്യവും ഉറപ്പാക്കി. ഇന്നലെ തുടങ്ങിയ യജ്‌ഞം വരുംദിവസങ്ങളിലും തുടരുമെന്നതിനാല്‍ അതിനു സന്നദ്ധരായാണ്‌ ഭൂരിഭാഗവും കുട്ടനാട്ടിലെത്തിയിരിക്കുന്നത്‌.
ശുചീകരണം നടത്തുന്ന എല്ലാ കേന്ദ്രങ്ങളിലും ചികിത്സാ സൗകര്യമുറപ്പാക്കിയിരുന്നു. ഇതിനു പുറമേ ബോട്ടുകളില്‍ മെഡിക്കല്‍ സംഘത്തിന്റെ പട്രോളിങുമുണ്ടായിരുന്നു.
എലിപ്പനി പ്രതിരോധത്തിനുള്ള ഗുളികകള്‍ സന്നദ്ധസേവകര്‍ക്കായി നല്‍കുകയും ചെയ്‌തു. ആവശ്യമായ ഡോക്‌ടര്‍മാര്‍ മറ്റു ജീവനക്കാര്‍ തുടങ്ങിയവര്‍ ചികിത്സാ സംഘത്തിലുണ്ടെന്നുറപ്പാക്കാനും ശ്രദ്ധിച്ചിരുന്നു.

Ads by Google
Advertisement
Wednesday 29 Aug 2018 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW