Friday, September 14, 2018 Last Updated 3 Min 59 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 12.49 AM

കുട്ടനാട്ടില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ശുചീകരണം ഇന്നും നാളെയും

അലപ്പുഴ/കുട്ടനാട്‌: പ്രളയം ബാക്കിയാക്കിയ കുട്ടനാട്ടിലെ വീടുകള്‍ ശുചിയാക്കാനുള്ള മഹാ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇന്ന്‌ തുടക്കം. അറുപതിനായിരം ആളുകളാണ്‌ ഇതിനായി അണിനിരക്കുന്നത്‌.
കുട്ടനാട്ടിലെ തന്നെ താമസക്കാരായ അമ്പതിനായിരം പേരും പതിനായിരം വോളന്റിയേഴ്‌സും അടങ്ങുന്ന സംഘമാണ്‌ കുട്ടനാടിനെ ശുചിയാക്കാന്‍ തയാറായിട്ടുള്ളത്‌.
സന്നദ്ധ പ്രവര്‍ത്തകരായ പതിനായിരം വോളന്റിയര്‍മാരില്‍ അയ്യായിരം പേര്‍ ജില്ലയ്‌ക്ക്‌ പുറത്ത്‌ നിന്നും ഇതിനു വേണ്ടി മാത്രമായി വന്നതാണ്‌. കുട്ടനാട്ടിലെ 16 പഞ്ചായത്തുകളാണ്‌ ഇന്നും നാളെയുമായി നടക്കുന്ന മഹാ ശുചീകരണത്തിലൂടെ പൂര്‍വ്വ സ്‌ഥിതിയിലേക്ക്‌ മടക്കി കൊണ്ടു വരുന്നത്‌.
റോഡു മാര്‍ഗവും ബോട്ടു മാര്‍ഗവുമായാണ്‌ ശുചിയാക്കാനുള്ള ആളുകളെ കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളില്‍ എത്തിക്കുന്നത്‌. കൈനകരി, പുളിങ്കുന്ന്‌, കാവാലം, ചമ്പക്കുളം, നെടുമുടി എന്നീ പഞ്ചായത്തുകളിലേക്കുള്ള ആളുകളെ ബോട്ടു മാര്‍ഗം എത്തിക്കും. ഇവര്‍ക്കുള്ള ബോട്ടുകള്‍ പുന്നമട ഫിനിഷിംഗ്‌ പോയിന്റില്‍ നിന്നും പുറപ്പെടും.
ബാക്കിയുള്ള നീലംപേരൂര്‍, രാമങ്കരി, മുട്ടാര്‍, തകഴി, ചെറുതന, കരുവാറ്റ, പള്ളിപ്പാട്‌, വെളിയനാട്‌, തലവടി, വീയ്യപുരം, എടത്വാ എന്നീ പഞ്ചായത്തുകളിലേക്കുള്ളവരെ ബസ്‌, ടോറസ്‌ ലോറികള്‍ എന്നിവയില്‍ അതത്‌ സ്‌ഥലങ്ങളിലെത്തിക്കും. ഉള്‍ഭാഗങ്ങളില്‍ ആവശ്യമെങ്കില്‍ ബോട്ടുകളും ഏര്‍പ്പെടുത്തും. രാവിലെ ഏഴിനാണ്‌ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിക്കുന്നത്‌. 22 ടോറസ്‌ ലോറികള്‍, 38 ബസുകള്‍, 500 ഹൗസ്‌ ബോട്ടുകള്‍, 50 മോട്ടോര്‍ ബോട്ടുകള്‍, 20 ശിക്കാര വള്ളങ്ങള്‍, 20 കെട്ടുവള്ളങ്ങള്‍, 10 സ്‌പീഡ്‌ ബോട്ടുകള്‍, നാല്‌ ജങ്കാറുകള്‍ എന്നിവയാണ്‌ മഹാ ശുചീകരണത്തിനായി ജില്ലാ ഭരണകൂടത്തിനു കീഴില്‍ തയാറാക്കിയിരിക്കുന്നത്‌.
ശുചീകരണത്തിനുള്ള ലോഷനുകള്‍, കയ്യുറകള്‍, മറ്റു അവശ്യ വസ്‌തുക്കള്‍ എന്നിവ അതത്‌ പഞ്ചായത്തുകളില്‍ എത്തിക്കുന്നതിനുള്ള ശ്രമം രാത്രി വൈകിയും തുടരുകയാണ്‌.
സുസജ്‌ജമായ
ചികിത്സാ സംഘം

ശുചീകരണം നടത്തുന്ന 178 വാര്‍ഡുകളിലും സുസജ്‌ജമായ ചികില്‍സ സൗകര്യമുണ്ടാകും. ഇതിനു പുറമേ ബോട്ടുകളില്‍ മെഡിക്കല്‍ സംഘത്തിന്റെ പട്രോളിങും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ആവശ്യമായ ഡോക്‌ടര്‍മാര്‍ മറ്റു ജീവനക്കാര്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടാകും.
ശുചീകരണ
സാമഗ്രികള്‍

ശുചീകരണത്തിനാവശ്യമായ എല്ലാ സാധനസാമഗ്രികളും വിതരണം ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. നീറ്റുകക്ക പ്രധാനമായും വിതരണം ചെയ്യും.
ഒരു പാടശേഖരത്തിന്‌ ഒരു പമ്പു വീതം നല്‍കും. വെള്ളമിറങ്ങുന്ന മുറയ്‌ക്ക്‌ ബണ്ട്‌ തെളിഞ്ഞാലേ കനാലിലെ വെള്ളം പാടത്തേക്ക്‌ പോകൂ. എ.സി.റോഡിലെ വെള്ളം പമ്പുചെയ്‌തുകളയാന്‍ വലിയ പമ്പ്‌ സജ്‌ജമാക്കിയിട്ടുണ്ട്‌.
178 ഭക്ഷണ
കേന്ദ്രങ്ങള്‍
കുട്ടനാട്‌: ശുചീകരണം തുടങ്ങുന്ന 22 പഞ്ചായത്തുകളിലായുള്ള 178 വാര്‍ഡുകളിലും 178 ഭക്ഷണകേന്ദ്രങ്ങള്‍ തുടങ്ങും. ശുചീകരണത്തിന്‌ വരുന്നവര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക്‌ ഇവിടെ ഭക്ഷണം നല്‍കാന്‍ എല്ലാ സൗകര്യവും ചെയ്‌തിട്ടുണ്ട്‌.
എല്ലാ വാര്‍ഡുകളിലേക്കും രണ്ടു ചാക്ക്‌ അരിയും ആവശ്യമായ പലവ്യഞ്‌ജനങ്ങളും ഗ്യാസുള്‍പ്പടെയുള്ള എല്ലാ സാധനങ്ങളും അവിടങ്ങളിലെത്തിക്കും. ശുചീകരണം തുടരുംവരെ ഭക്ഷണകേന്ദ്രങ്ങളും പ്രവര്‍ത്തിക്കും.
ഇവര്‍ക്കാവശ്യമായ സാധനങ്ങള്‍ കുട്ടനാടിന്റെ ചില മേഖലകളില്‍ ബോട്ടുമാര്‍ഗവും മറ്റിടങ്ങളില്‍ ടോറസിലും എത്തിക്കും.
ഗ്രാമപഞ്ചായത്തുകളില്‍ അവ ശേഖരിച്ച്‌ വാര്‍ഡുകളില്‍ വിതരണം ചെയ്യും. ഓരോ വാര്‍ഡിലും 500 ബോട്ടില്‍ വീതം വെള്ളക്കുപ്പികള്‍ വിതരണം ചെയ്യും.

Ads by Google
Advertisement
Tuesday 28 Aug 2018 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW